Search This Blog

Saturday, March 10, 2018

കൊച്ചി മെട്രോ

മെട്രോകളുടെ ലാഭനഷ്ടം അന്നന്നത്തെ വിറ്റുവരവുകൊണ്ടു മാത്രം കണക്കാക്കാനാവില്ല. റോഡിലെ ഗതാഗതക്കുരുക്കുകൾ, അന്തരീക്ഷമലിനീകരണം, റോഡപകടങ്ങൾ, ശബ്ദശല്യം, യാത്രയിലെ സമയനഷ്ടം, ആരോഗ്യനഷ്ടം തുടങ്ങിയവയിലെല്ലാമുണ്ടാവുന്ന ഗുണപരമായ മാറ്റത്തിനു എത്ര വിലയിട്ടാലാണ് അധികമാവുക?

മെട്രോ തുടങ്ങിയതേയുള്ളു, അപ്പോഴേയ്ക്കും തല്ലിക്കെടുത്താൻ തുടങ്ങുകയാണെങ്കിൽ, സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ മാത്രമേ നാം പഠിക്കുകയുള്ളു എന്നാണതിന്റെ അർത്ഥം. മെട്രോ തൃപ്പുണിത്തുറ വരെയെങ്കിലും നീട്ടിയാലേ അതിന്റെ ശരിയായ ഗുണം ലഭിക്കുകയുള്ളു. പിന്നെ ആളുകളുടെ ശീലം അത്ര പെട്ടെന്ന് മാറുകയില്ല. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നിവ പോലെ, കൂടുതൽ ആളുകളെ അതുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. സർക്കാർ സംവിധാനമാവുമ്പോൾ അതിനെ വിമർശിക്കുന്നത് ഒരു ഫാഷനാണല്ലോ. ഒരു കിലോമീറ്റർ നടക്കാൻ മടിച്ച് 20 രൂപ കൊടുക്കാൻ നമുക്ക് ഒരു മടിയുമില്ല. എന്നാൽ, അതു മെട്രോയ്ക്ക് കൊടുക്കാൻ വലിയ ഒച്ചപ്പാടും ബഹളവും നമ്മളുണ്ടാക്കും. ‘നാടിന്റെ നന്മയ്ക്ക് മെട്രോ ഉപയോഗിക്കുക’ എന്നൊരു മുദ്രാവാക്യം തന്നെ ഉയർത്തേണ്ടതുണ്ട്.
എഴുതിത്തള്ളൂന്നതിനു മുമ്പ് അതിന്റെ ഗുണത്തെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കണം, അതുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. ഏതൊരു പുതിയ സംരംഭവവും ഉടൻ ലാഭത്തിലാവണം, ജനങ്ങൾ ഏറ്റെടുക്കണം എന്നു വാശി പിടിക്കാൻ കഴിയില്ല. വേണ്ട പരസ്യം നൽകണം, അല്പം സമയം നൽകണം...
എത്രയോ കാലാനുസൃതവും ആശാവഹവുമാണ് മെട്രോ എന്നു കരുതുന്നു. കാരണം അതിന്റെ ദൂരവ്യാപകമായ ഗുണഫലങ്ങൾ തന്നെ. ഏതു ചെറിയ സംരംഭമായാലും, അതിനു ദീർഘവീക്ഷണം വേണം, ക്ഷമ വേണം, ജനങ്ങളെ ആകർഷിക്കുന്ന വിധം ബോധപൂർവ്വം പരസ്യം നൽകണം. ഇതെല്ലാമായാലും അല്പം സമയം നൽകണം. കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും പല വിധ എതിർപ്പുകളുണ്ടായിരുന്നു. എല്ലാം അലിഞ്ഞില്ലാതായി. മെട്രോയുടെ പൂർണ്ണമായ ഫലപ്രാപ്തിയുണ്ടാവണമെങ്കിൽ തൃപ്പുണിത്തുറവരെ നീട്ടണം. അതോടുകൂടി ചിത്രം മാറുമെന്നുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം.

No comments: