Search This Blog

Monday, March 5, 2018

ദൈവസങ്കല്പം

മനുഷ്യരൂപത്തിലുള്ള, മനുഷ്യസ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യസൃഷ്ടിയായ ദൈവത്തെ വിടുക. മനുഷ്യയുക്തിക്ക് ഏറ്റവും അടുത്തുനിൽക്കുന്ന ദൈവസങ്കല്പം ഈ വിശ്വപ്രകൃതിയാണ്. അതിനെ അളക്കാൻ, അതിന്റെ ഏറ്റവും സൂക്ഷ്മമായ അണുപ്രായത്തിലുള്ള ഭാഗം മാത്രമായ മനുഷ്യന്റെ യുക്തി തീരെ പോര എന്നത് വളരെ ലളിതമായ യുക്തിയാണ്. ഇവിടെ കോടിക്കണക്കിന് ജീവജാലങ്ങൾ, സ്വഭാവികവും അല്ലാതെയുമായ കാരണങ്ങളാൽ നശിക്കുകയും മറ്റുള്ളവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. നക്ഷത്രങ്ങൾ വളർന്നു വലുതായി തമോഗർത്തങ്ങളായി മാറുന്നു, പരസ്പരം കൂട്ടിയിടിച്ചു തകരുന്നു, മറ്റൊന്നുണ്ടാവുന്നു. ലോകം കീഴടക്കാൻ പോന്ന മഹാസംസ്കാരങ്ങൾ നിസ്സാര കാരണങ്ങളാൽ തകർന്നടിയുന്നു. അതിബുദ്ധിമാനാണെന്നു സ്വയം അഭിമാനിക്കുന്ന മനുഷ്യൻ ഇപ്പോൾ ചെയ്തു കൂട്ടുന്നതെല്ലാം സ്വന്തം അസ്തിത്വത്തിനു വെല്ലുവിളിയുയർത്തുന്ന കാര്യങ്ങളാണ്. ഇവിടെ കൃസ്തുവും കൃഷ്ണനും പ്രവാചകന്മാരുമൊന്നും ഒന്നുമല്ല. എല്ലാം മായ എന്നപോലെ ഒരു തരം പ്രൊജക്‌ഷനാണെന്ന് ശാസ്ത്രം തന്നെ പറയാൻ തുടങ്ങിയിരിക്കുന്നു.

ഈ പ്രകൃതിയുടെ ഭാഗം തന്നെയാണ് മനുഷ്യനും. പ്രകൃതിയുടെ വളരെ പരിമിതമായ പരിധിക്കകത്തു മാത്രമേ മനുഷ്യനും അസ്തിത്വമുള്ളു. ലക്ഷക്കണക്കിനു മനുഷ്യർ യുദ്ധം മൂലവും ദാരിദ്ര്യം മൂലവും മഹാവ്യാധികൾ മൂലവും ചത്തൊടുങ്ങുന്നു. മനുഷ്യൻ നിസ്സഹായരായി നോക്കിനിൽക്കുന്നു. ലോകം മുഴുവൻ അടക്കി വാണവർ ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാതാവുന്നു... ഈ ഭൂമിയുടെ ഠ വട്ടത്തിലിരുന്ന് നോക്കുമ്പോൾ നമ്മളെന്തോ വലിയ സംഭവമാണെന്നു തോന്നുന്നു എന്നു മാത്രം. ഈ മഹാപ്രപഞ്ചത്തിൽ നമ്മളൊന്നുമല്ല. ഭൂമി ചെറുതായൊന്നു കുലുങ്ങിയാൽ തീരുന്നതേയുള്ളു ഇവിടെയുള്ള സകലതും.

പ്രപഞ്ചത്തിന്റെ ഉത്ഭവം,നില നില്പ്, അന്ത്യഗതി, മുന്നോട്ടുമാത്രം പോകുന്ന സമയം എന്ന പ്രതിഭാസം, മനുഷ്യൻ, മറ്റു ജീവജാലങ്ങൾ എന്നീ പ്രതിഭാസങ്ങൾ, ഭാവി എന്നിവയിലെല്ലാം ചൂഴ്ന്നു നില്ക്കുന്ന അനിശ്ചിതത്വവും ദുരൂഹതയും നിലനില്ക്കുന്നിടത്തോളം ഈ ദൈവമതസങ്കല്പങ്ങളുണ്ടാവും. ഇല്ല ഇല്ല എന്ന് എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്നാണ് എനിക്കു തോന്നുന്നത്.

No comments: