Search This Blog

Saturday, December 2, 2017

ഭഗവത്ഗീതയും ജാതിയും


N Ajithkumar Vayala
30 November at 23:58 ·



ജാതി നശീകരണം -1
ശ്രീമത് ഭഗവത് ഗീത ദഹിപ്പിക്കുക
ജാതി നശീകരണം ആഗ്രഹിക്കുന്ന മലയാളികൾ ആദ്യം ചെയ്യേണ്ടത് " ഗീതാ ദഹനം ആണ്"
മലയാളിയെ സ്വാധീനിച്ച ജാതി പുന: സ്ഥാപന ഗ്രന്ഥം ഭഗവദ്‌ഗീതയാകയാൽ , ഗീത നമ്മുടെ നിത്യജീവിതത്തിൽ നീന്ന് അടർത്തിമാറ്റുവാൻ നാം , ആദ്യം ചെയ്യേണ്ടത് , നമ്മുടെ ഭവനങ്ങളിൽ ഉള്ള ഗീതയെ ദഹിപ്പിക്കണം,.
"ഗീത - വർണ്ണാശ്രമ , വർണ്ണ പുന:സ്ഥാപന ദർശനമാണ്"

അല്പംകൂടി സുചിന്തിതവും വസ്തുനിഷ്ഠവുമായ ഒരു വീക്ഷണം അജിതിൽനിന്നും പ്രതീക്ഷിച്ചു. കാരണം, പുസ്തകവും ജീവിതവും രണ്ടും രണ്ടാണ് എന്നത് വളരെ സ്പഷ്ടമായ കാര്യമാണ്. ഉദാഹരണത്തിന്, മാർക്സിന്റെ ‘മൂലധനം’ കത്തിച്ചു കളഞ്ഞാൽ കമ്മ്യൂണിസം ഇല്ലാതാവുമോ? ലക്ഷക്ക്ക്കണക്കിന് കമ്മ്യുണിസ്റ്റുകാരിൽ എത്ര പേർ ‘മൂലധനം വായിച്ചു പഠിച്ച് മനനം ചെയ്ത് ഉൾക്കൊണ്ടിട്ടുണ്ടാവും? എന്നാൽ, കമ്മ്യുണിസത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഈ ജനങ്ങളാണ്, വെറുമൊരു പുസ്തകമാല്ല. അതിനാൽ, ‘മൂലധനം’ നശിച്ചാലും കമ്മ്യുണിസം നിലനിൽക്കും. മറിച്ച്, കമ്മ്യുണിസം നശിച്ചാലും ‘മൂലധനം’ എന്ന പുസ്തകം നിലനിൽക്കും.
അത്രത്തോളം‌പോലും ബന്ധം എന്റെ അറിവിൽ, സാമ്പ്രദായിക ഹിന്ദുമതവും ഭഗവദ്ഗീതയും തമ്മിലില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ പുരാതനമായ വീട്ടിൽ പണ്ട് താളിയോല ഗ്രന്ഥങ്ങളടക്കം പല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഭഗവദ്ഗീത എന്നൊരു പുസ്തകം കണ്ടിട്ടില്ല. മുത്തശ്ശിമാരും അമ്മയും സ്ഥിരമായി, അദ്ധ്യാത്മരാമായണം, ഭാഗവതം എന്നിങ്ങനെ വായന പതിവുണ്ടായിരുന്നു. ഗീത എന്ന പുസ്തകം വായിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ല. അതുപോലെത്തന്നെയാണ് ചുറ്റുവട്ടത്തുള്ള മറ്റു പുരാതന കുടുംബങ്ങളിലും. സപ്താഹം മുതലായ പല മതപരമായ വായനകളിലും ഭഗവദ്ഗീത കണ്ടിട്ടില്ല. എന്റെ അറിവിൽ ചിന്മയാനന്ദനാണ് ഗീതാജ്ഞാനയജ്ഞം എന്ന പേരിൽ ഗീതയ്ക്ക് വലിയ പ്രചാരം നൽകിയത്. പിന്നെയുള്ളത് അക്കാദമിക തലത്തിലുള്ള പഠനങ്ങളും പ്രഭാഷണങ്ങളുമൊക്കെയായിരിക്കും. മറിച്ച്, സാധാരണ ജനങ്ങൾക്കിടയിൽ ഗീതയ്ക്കുള്ള സ്വാധീനം വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ ഗീത ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നു എന്നു പറയുന്നത് വസ്തുതാപരമാവാനിടയില്ല.
മറ്റു പല ആശയങ്ങളും മുന്നോട്ടു വെയ്ക്കുന്നതിനിടയിൽ ‘ചാതുർവർണ്ണ്യ്യം മയാ സൃഷ്ടം’ എന്നൊരു പ്രസ്താവനയുള്ളതിനെപ്പറ്റിയാണ് ഈ കോലാഹലമെല്ലാം. ഈ ചാതുർ വർണ്ണ്യം എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അതെന്തായാലും ആ വാക്കുകൊണ്ട് ഇന്നുദ്ദേശിക്കപ്പെടുന്ന അർത്ഥത്തിലുള്ള വിഭജനം ഇന്നു നിലവിലില്ല. പകരം നമ്മൾ തന്നെ സൃഷ്ടിച്ച നിരവധി ജാതികളാണ് നിലവിലുള്ളത്. അതിനു ഗീതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയമാണ്. അതിനാൽ, ഗീത നശിപ്പിച്ചതുകൊണ്ടുമാത്രം ഇന്നു നിലവിലുള്ള ജാതികൾ ഇല്ലാതാവില്ല. അതിനു സമൂഹം ഒന്നടങ്കം ഉണർന്നു പ്രവർത്തിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

No comments: