Search This Blog

Wednesday, November 22, 2017

ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’

വളരെക്കാലത്തെ കേട്ടുകേൾവിക്കുശേഷം ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ വായിച്ചു. ഇന്ത്യാചരിത്രത്തിന്റെ സവിശേഷ കാലഘട്ടം പശ്ചാത്തലമായി സ്വീകരിച്ച ഉറൂബിനു പക്ഷേ, സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ സാദ്ധ്യതകൾ വേണ്ടവണ്ണം പ്രയോജനപ്പെടുത്താൻ കഴിഞ്ഞുവോ എന്ന് സംശയം തോന്നുന്നു. ആദ്യഭാഗത്തെ മാപ്പിളലഹളയുടെ വിവരണം ഒരു മഹത്തായ നോവലിന്റെ വലിയ പ്രതീക്ഷകളുണത്തുന്നതായിരുന്നെങ്കിലും ക്രമേണ നോവൽ ഏതാനും വ്യക്തികളിലേക്കു ചുരുങ്ങി.
കോൺഗ്രസ്സ് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമരത്തിന്റെ കൂലംകുത്തിയൊഴുകുന്ന വൻ നദിയെപ്പറ്റി കാര്യമായ സൂചനകളൊന്നുമില്ലാതെ സമാന്തരമായി ഇരച്ചുപായുന്ന ചെറുനദിയായ ഇടതുപക്ഷമുന്നേറ്റത്തെയാണ് നോവലിസ്റ്റ് വിഷയമാക്കുന്നത്. എന്നാൽ, അതിതീവ്രമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പ്രസ്തുത പ്രസ്ഥാനത്തിന്റെ സാദ്ധ്യതകളും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. അതു സാധിക്കാമായിരുന്ന കരുത്തുറ്റ ഒരു കഥാപാത്രമായ കുഞ്ഞിരാമനെ പൊടുന്നനെ പട്ടാളത്തിലേക്കും മരണത്തിലേക്കും അയയ്ക്കുന്നു.
മുഖ്യകഥാപാത്രമെന്നു പറയാവുന്ന വിശ്വത്തിന്റെ ജീവിതത്തിലെ നിർണ്ണായക കാലഘട്ടമായ ജയിൽ‌വാസത്തെക്കുറിച്ച് നേരിട്ട് ഒന്നും പറയുന്നില്ല.
സുലൈമാനും വിശ്വവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സുലൈമാൻ ഒന്നിലധികം തവണ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശ്വത്തിന്റെ മുന്നിൽ അത് ഒരിക്കലും വെളിപ്പെടുന്നില്ല. അതു നോവലിന്റെ ഗതിയിൽ വലിയ പോരായ്മയായി തോന്നുന്നു.
ഭാഷയുടെ കാര്യത്തിൽ, കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തിനുള്ളിൽ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ലെന്നു തോന്നുന്നു. അതിനാൽ, ‘സുന്ദരികളും സുന്ദരന്മാരും’ ഒരു ആധുനിക കൃതിയായിത്തന്നെ കണക്കാക്കാം.

No comments: