മതേതരത്വത്തിന്റേയോ മതവിരുദ്ധതയുടേയോ പേരിൽ ഒരു മതവിശ്വാസത്തെ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോൾ അതേ നിലപാട് മറ്റു മതങ്ങളുടെ കാര്യത്തിലും അനുവർത്തിക്കാനുള്ള തന്റേടമുണ്ടോ എന്നൊരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. അതിന് തത്തുല്യമായ ഉത്തരം നൽകാൻ കഴിവില്ലാത്തവർക്ക് ഈ പ്രവൃത്തി ചെയ്യാനുള്ള അവകാശമില്ല.
ഉദാഹരണത്തിന്, എം എഫ് ഹുസൈന്റെ സരസ്വതിയുടെ നഗ്നചിത്രം തന്നെയെടുക്കാം. എന്തെങ്കിലും പ്രത്യേക ആവിഷ്കാരദൌത്യമോ വീക്ഷണമോ അത് കാണികൾക്കു നൽകുന്നുണ്ടോ എന്നു സംശയമാണ്. അതേ സമയം, അത് ഹിന്ദുമതത്തെ തുറന്ന് അവഹേളിക്കുന്നു എന്നു പറയാൻ കഴിയില്ലെങ്കിലും ശരാശരി ഹിന്ദുമതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും എന്നുറപ്പാണ്. അതു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. കലാകാരനും അത് അറിയാത്തതാവാൻ ഒരു വഴിയുമില്ല എന്നിരിക്കേ, ഇതിനു പിന്നിലെ യുക്തി, ഹിന്ദുമതമായതിനാൽ തടികേടാകാതെ, വിവാദത്തിനു തിരികൊളുത്തി ചുളുവിൽ പ്രചാരം നേടുക എന്നതാണ് എന്നു തിരിച്ചറിയാൻ പ്രയാസമില്ല. അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ ഒട്ടും തെറ്റിയില്ല എന്നു മാത്രമല്ല, വൻ വിജയമാവുകയും ചെയ്തു. ഒരുപാട് മതേതര, മതവിരുദ്ധ ബുദ്ധിജീവികൾ അദ്ദേഹത്തിനു പിന്തുണയായെത്തി. ചിത്രങ്ങൾക്ക് വൻ പ്രചാരവും കിട്ടി. ഹിന്ദുമതസംഘടനകളുടെ ശക്തമായ എതിർപ്പ് നേരിട്ടുവെങ്കിലും അത് അതിന്റെ പ്രചാരം ആളിക്കത്തിക്കാൻ വളരെ സഹായിച്ചു.
പുരാതന ഹിന്ദുക്ഷേത്രങ്ങളിലെ രതിശില്പങ്ങളാണ് ഇതിനു ന്യായീകരണമായി മതേതര ബുദ്ധിജീവികളും മതവിരുദ്ധ കമ്മ്യുണിസ്റ്റുകളും ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ഈ വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല! ഇപ്പറഞ്ഞ ശില്പങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പുള്ളവയാണ്. അവയ്ക്കുള്ള വിശദീകരണങ്ങൾ എന്തുതന്നെയായാലും കാലം എത്രയോ മാറി. ഇന്നത്തെ ഒരു ക്ഷേത്രത്തിലും ഇത്തരം ശില്പങ്ങളുണ്ടാവില്ല. എം എഫ് ഹുസൈന്റെ ചിത്രങ്ങളെപ്പറ്റി പറയുമ്പോൾ, എന്തു പുതിയ ആവിഷ്ക്കാരമാണ് ഇതുകൊണ്ട് അദ്ദേഹം നേടിയത്? ഇത്തരം ഒരു ആവിഷ്ക്കാരം സ്വന്തം മതത്തെപ്പറ്റി ചെയ്യാനുള്ള ബുദ്ധിപരമായ സത്യസന്ധതയും തന്റേടവും പ്രകടിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമോ? ഇസ്ലാമിനെപ്പറ്റി ഇതിലും എത്രയോ നിസ്സാരമായ എന്തെങ്കിലും ചെയ്താൽ വിവരം അപ്പോൾത്തന്നെ അറിയാം. ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പരിണതഫലം പ്രബുദ്ധതയുടെ ആവാസകേന്ദ്രം എന്നു ഘോഷിക്കപ്പെടുന്ന യൂറോപ്പിൽ കണ്ടതാണ്. ഇസ്ലാം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവർക്കും ഭീതിയുണ്ട്. അപ്പോൾ നമ്മുടെ മതേതര ബുദ്ധിജീവികളും മതവിരുദ്ധകമ്മ്യുണിസ്റ്റുകളും അവസരവാദപരമായി കളം മാറ്റിച്ചവിട്ടും. അപ്പോൾ മതസ്വാതന്ത്ര്യവും മതസഹിസ്ണുതയുമാവും വിഷയം! ഹിന്ദു മതത്തെക്കുറിച്ചാവുമ്പോൾ തടി കേടാകാതെ വലിയ പ്രചാരം നേടാം എന്ന വില കുറഞ്ഞ തന്ത്രം മാത്രമാണ് ഇവിടെ പ്രകടമാവുന്നത്. എന്നിട്ടും ഇവിടെ വലിയ പ്രശ്നമൊന്നുമുണ്ടായില്ല. ജീവനു ഭീഷണി എന്ന മറ്റൊരു ജാഡപ്രചാരവേലയിലൂടെ എം എഫ് ഹുസൈൻ നാടു വിടുകയല്ലേ ഉണ്ടായത്?
ഇത്തരം കപട മതേതരരും ബുദ്ധിജീവികളും കമ്മ്യുണിസ്റ്റുകളുമാണ് പുരോഗമനാശയങ്ങൾക്ക് തുരങ്കം വെക്കുന്നതും ഹിന്ദുവർഗ്ഗീയകക്ഷികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നതും. അതോടൊപ്പം ഇടതുപക്ഷം തളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
No comments:
Post a Comment