നിങ്ങൾ ഒരു പ്രമുഖ വ്യക്തിത്വമാണോ? എങ്കിൽ, നിങ്ങൾ വീട്ടുകാരോടോ സുഹൃത്തുക്കളോടോ അയൽവാസികളോടോ എന്നല്ല, ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വളരെ സൂക്ഷിക്കണം. ആദ്യം പറയാനുദ്ദേശിക്കുന്ന വിഷയം നന്നായി മനനം ചെയ്ത്, വാക്കുകളും പ്രയോഗങ്ങളുമെല്ലാം തെരഞ്ഞെടുത്ത് കമ്പും മുഴയുമെല്ലാം ചെത്തിമിനുക്കി, വീണ്ടും വീണ്ടും സ്വയം സെൻസർ ചെയ്ത്, പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പു വരുത്തി, ഏതെങ്കിലും കുട്ടികളോ മറ്റോ വിഡിയോയോ മറ്റോ എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്, അതിനനുസൃതമായ മാറ്റങ്ങൾ വീണ്ടും വരുത്തിയതിനു ശേഷം മാത്രം സാവധാനം പറയാനാരംഭിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾ ഒട്ടും താമസിയാതെ സാമൂഹ്യമാദ്ധ്യമം എന്ന കരകാണാ സംസാരസാഗരത്തിൽ ഒരിക്കലും ഗതികിട്ടാത്തവിധം നിപതിച്ചുപോയെന്നു വരാം. നിങ്ങളുടെ ഈ പ്രവൃത്തി ലോകം മുഴുവൻ പരക്കുകയും ഏതെങ്കിലും മൂലയിൽ തക്കം പാർത്തിരിക്കുന്ന നിങ്ങളറിയാത്ത ഏതെങ്കിലും ശത്രുവിന്റെ കയ്യിൽ ഒരു ആയുധമായി പരിണമിക്കുകയും ചെയ്യാം. പിന്നീട്, അധിക്ഷേപം, ആക്ഷേപം, അവഹേളനം, ഭീഷണി എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലുമുള്ള തിരമാലകൾ നിങ്ങളെ അനന്തമായി ശല്യം ചെയ്തുവെന്നു വരാം. അതുകൊണ്ട് നിതാന്തജാഗ്രത. ലൈറ്റ്, കാമറ ആൿഷൻ!!!
:)

No comments:
Post a Comment