പണ്ട് നരസിംഹ റാവുവും മന്മോഹൻ സിങ്ങും കൂടി സാമ്പത്തിക ഉദാരവൽക്കരണം നടപ്പിലാക്കിയപ്പോഴും, ഇന്നു നോട്ടു പിൻവലിക്കലിനെച്ചൊല്ലി നടക്കുന്നതിനേക്കാൾ എത്രയോ വലിയ പ്രതിഷേധങ്ങളും ബഹളവും എല്ലാം അരങ്ങേറുകയുണ്ടായി. ഇപ്പോൾ അതിനെപ്പറ്റി ആരും മിണ്ടുന്നില്ല. ഇന്ന് ബഹുഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ, ഉദാരവൽക്കരണത്തിന്റേയും ആഗോളവൽക്കരണത്തിന്റേയും അതിഭീകരമായ പ്രത്യാഘാതങ്ങൾ ആരേയും ഒഴിവാക്കാത്തവിധം ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് വമ്പിച്ച പരിസ്ഥിതിനാശത്തിന്റെ രൂപത്തിലാണ്. ആരും അതു ഗൌരവത്തിലെടുത്തിട്ടില്ല എന്നത് ഗാഡ്ഗിൽ റിപ്പോർട്ടിനു പാര വെച്ചതിൽ നിന്നും വളരെ വ്യക്തമാണ്. നടപ്പിലാക്കുന്നതിലെ പാളിച്ചകൾ മാറ്റിവെച്ചാൽ നോട്ടു പിൻവലിക്കൽ നടപടിയുടെ ആവശ്യകത രൂക്ഷവിമർശകർപോലും അംഗീകരിക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ വളരെ വൈകാതെത്തന്നെ കാണാൻ കഴിയുമെന്നു കരുതുന്നു. എന്തായാലും, ഇന്നത്തെ ബഹളങ്ങൾ നിഷേധാത്മകവും ദുരന്തപൂർണ്ണവുമായ വർഗ്ഗീയതയെച്ചൊല്ലിയല്ല എന്നത് വളരെ ആശ്വാസകരമാണ്.
Search This Blog
Tuesday, November 22, 2016
Monday, November 21, 2016
മൌനം പാലിക്കുക
സാമൂഹ്യമാദ്ധ്യമങ്ങളുടെ വരവോടെ ഏതു കാര്യത്തെപ്പറ്റിയും പ്രതികരിക്കണം എന്ന പരോക്ഷമായ ഒരു സമ്മർദ്ദം നിലനിൽക്കുന്നതുപോലെ തോന്നുന്നു. ഇല്ലെങ്കിൽ ഇന്ന ആൾ പ്രതികരിച്ചില്ല, അത് അതുകൊണ്ടാണ് എന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ കാണാം. എന്നാൽ, സ്വന്തം മേഖലയല്ലാത്ത, സ്വന്തം അറിവിൽപ്പെടാത്ത കാര്യങ്ങളെപ്പറ്റി മൌനം പാലിക്കുക എന്നത് മോശമല്ല എന്നതിലുപരി മാന്യമായ പെരുമാറ്റരീതിയാണെന്നു കരുതുന്നു.
നോട്ടു പിൻവലിക്കൽ
ഇപ്പോഴത്തെ അടിയന്തര സാഹചര്യങ്ങൾ കെട്ടടങ്ങിയാലും 86ശതമാനം വരുന്ന, പണമിടപാടുകൾക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളില്ലാത്ത നാണ്യവ്യവസ്ഥ മദ്ധ്യത്തിലെ പടികളില്ലാത്ത ഒരു കോണിപോലെ വികലവും അസന്തുലിതവുമായിരിക്കും. വേണ്ടത്ര ചെറിയ മൂല്യമുള്ള നോട്ടുകളില്ലാത്തതിനാൽ 2000ത്തിന്റെ നോട്ടുകൾ ഉപയോഗശൂന്യമായിരിക്കും എന്നത് ഏതു കൊച്ചുകുട്ടിക്കും മനസ്സിലാക്കാവുന്ന ലളിതമായ യുക്തിയാണ്. അതിനാൽ, പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാവണമെങ്കിൽ എത്രയും വേഗം പുതിയ രൂപത്തിലുള്ള 500, 1000 നോട്ടുകൾ വിതരണം ചെയ്യുകയാണ് വേണ്ടത്.
Subscribe to:
Posts (Atom)