Search This Blog

Friday, November 18, 2016

കെ ആർ മീരയുടെ ‘ആരാച്ചാർ’

കെ ആർ മീരയുടെ ‘ആരാച്ചാർ’ വായിച്ചുതീർന്നു.
പതിവുപോലെ ഊതിവീർപ്പിക്കപ്പെട്ട മഹത്വത്തോടുകൂടിയ ഒരു ജനപ്രിയ നോവൽ എന്ന മുൻ‌വിധിയോടെയാണ് വായിക്കാൻ തുടങ്ങിയത്. വായന പുരോഗമിച്ചപ്പോൾ വിസ്മയംകൊണ്ട് കണ്ണുതള്ളിപ്പോയി, ശ്വാസം മുട്ടിപ്പോയി. അപാര രചനതന്നെ! ഒരു പക്ഷെ, ലോകസാഹിത്യത്തിനുതന്നെ മലയാളത്തിന്റെ സംഭാവന എന്ന് ഇതിനെ വാഴ്ത്തപ്പെടാം. ഇംഗ്ലീഷിലോ മറ്റേതെങ്കിലും യൂറോപ്യൻ ഭാഷകളിലോ ആയിരുന്നെങ്കിൽ ഇതു നോബൽ പ്രൈസിനു തന്നെ പരിഗണിക്കപ്പെടാം.കൃതഹസ്തയായ ജെ ദേവികയുടെ ഇംഗ്ലീഷ് വിവർത്തനം ഇതിനകംതന്നെ ഇറങ്ങിയിരിക്കുന്ന സ്ഥിതിക്ക് ഇനിയും സാദ്ധ്യതകളേറെയാണ്
ആദ്യം മുതൽ അന്ത്യം വരെ വളരെ അയത്നലളിതമാ‍യി, ചെറിയ ചെറിയ വാചകങ്ങളിലൂടെ, അതിഭാവുകത്വത്തിലേക്കും അതിനാടകീയതയിലേക്കും വഴുതിവീഴാതെ, ഐകരൂപ്യം ചോർന്നുപോകാതെ, സാന്ദ്രമായ ഒരേ സ്ഥായി നിലനിർത്തുന്ന എഴുത്തിന്റെ കയ്യടക്കം അത്ഭുതാവഹം തന്നെ!
കഥയുടെ വർത്തമാനകാലത്ത് മഹാ സംഭവങ്ങളൊന്നും നടക്കുന്നില്ല. എന്നാൽ, ബോധധാരാശൈലിയിൽ, നാടിന്റേയും രാജ്യത്തിന്റേയും ചരിത്രവും കുടുംബപുരാവൃത്തവുമെല്ലാം ബഹുവർണ്ണനൂലുകൾകൊണ്ട് ഊടും പാവും സുസൂക്ഷ്മം ചേരുമ്പടി ചേർത്ത് നെയ്ത ഒരു ദൃശ്യവിസ്മയം ഒരുക്കുന്ന മാന്ത്രികസ്പർശം കൃതിയിൽ ഉടനീളം നിലനിർത്തിയിരിക്കുന്നു. എത്രയെത്ര സംഭവങ്ങൾ, വ്യക്തിത്വങ്ങൾ, കഥകൾ! ഇവയെല്ലാം ഒരേ തന്തുവിൽ കോർത്തിണക്കുക എന്നത് കേവലം അസാദ്ധ്യസിദ്ധിതന്നെ!
പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഒരു സാധാരണ സ്ത്രീയുടെ നിസ്സംഗമായ ഉറച്ച വ്യക്തിത്വത്തിന്റെ അടിത്തറയിൽ പടുത്തുയർത്തിയിരിക്കുന്ന ഈ കൃതിയിലെ ഓരോ കഥാപാത്രവും ഏറെ മിഴിവുറ്റതാണ്.
ഒരു ആധുനിക ചാനൽ പ്രവർത്തകന്റെ ആർത്തിപൂണ്ട പരക്കമ്പാച്ചിലും ആരാച്ചാരാവാൻ പോകുന്ന സവിശേഷവ്യക്തിത്വത്തിനുടമയായ നായികയുടെ സ്ഥിതപ്രജ്ഞയും തമ്മിലുള്ള വെറുപ്പും സ്നേഹവും കാമവും കലർന്ന സംഘർഷഭരിതമായ ബന്ധം എഴുത്തുകാരി അതീവ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
നമ്മുടെ സ്ഥിരം ശൈലിയിൽനിന്നു വളരെ വിഭിന്നമായ ഇതിവൃത്തവും ഭാഷയും ബംഗാളിന്റെ തനിമയാർന്ന അന്തരീക്ഷസൃഷ്ടിയും ഏറ്റവും ചുരുങ്ങിയ അളവിൽ മാത്രം മലയാളി ബന്ധവും (സാധാരണഗതിയിൽ ലോകത്തെവിടെയാണെങ്കിലും മലയാളിയുടെ ലോകമായിരിക്കും പ്രതിപാദ്യം) വളരെ ആകർഷകമായി തോന്നി.
കാലമേറെക്കഴിഞ്ഞാലും ഈ കൃതി മലയാളികളുടെ മനസ്സിൽ വശ്യമായ ഒരു അനുഭൂതിയായി മായാതെ നിലനിൽക്കും എന്നുറപ്പുണ്ട്.
എങ്കിലും,
വധശിക്ഷയുടെ ചാനൽ അവതരണം യഥാർത്ഥ വധശിക്ഷയുടെ മുമ്പായിരുന്നില്ലേ വേണ്ടിയിരുന്നത് എന്നൊരു സംശയം. യഥാർത്ഥ വധശിക്ഷയ്ക്കു ശേഷം സ്റ്റുഡിയോ അവതരണത്തിനു എന്തു പ്രസക്തി? അതു നോവലിന്റെ അന്ത്യത്തിന്റെ ഭാവതീവ്രത നഷ്ടപ്പെടുത്തി എന്നൊരു തോന്നൽ.
അതുപോലെ,
അച്ഛൻ ഫണിഭൂഷൺ ഗ്യദ്ധാമല്ലിക്കിന്റെ ഭാവിയെപ്പറ്റി കൂടുതലൊന്നും പറയാതെ അപൂർണ്ണമാക്കി നിർത്തി എന്നും തോന്നി. അച്ഛന്റെ വധശിക്ഷയും നിർവ്വഹിക്കാൻ മകൾ നിയോഗിക്കപ്പെടുന്ന ദുരന്തത്തിലാവും നോവൽ അവസാനിക്കുക എന്ന് വായനക്കിടയിൽ തോന്നിയിരുന്നു.

Wednesday, November 16, 2016

എരുമേലി വിമാനത്താവളം

വിമാനത്താവളം നമ്മുടെ ഒരു ദൌർബ്ബല്യമാണെന്നു തോന്നുന്നു. ആറന്മുള വിമാനത്താവളത്തിന്റെ കോലാഹലം തൽക്കാലം കെട്ടടങ്ങിയതേയുള്ളു അപ്പോളിതാ എരുമേലി. ശബരിമല തീർത്ഥാടനത്തിന് ആൾക്കാരെ വിമാനത്തിൽ കൊണ്ടുവരേണ്ട വല്ല ആവശ്യവുമുണ്ടോ? ഇതിനേക്കാൾ ഭേദം ശബരിമലയെ നെടുമ്പാശ്ശേരിക്കോ തലസ്ഥാനത്തേയ്ക്കോ മാറ്റിസ്ഥാപിക്കുകയാണ്.

fake currency

Is Indian currency printed outside India apart from importing materials such as paper etc.? If so, how can we prevent production of genuine looking fake currencies? So isn't the first step to prevent it to print it exclusively in India with 100% Indian technology and materials in totally govt owned institutions?

വ്യാജവാർത്ത

അസാധുവാക്കൽകൊണ്ട് വ്യാജ നോട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമായേക്കാം. എന്നാൽ, വ്യാജവാർത്തകളെ എങ്ങനെ നേരിടാം? ഇപ്പോൾ ഏതാണ് ശരി, ഏതാണ് വ്യാജം എന്നു പറയാനാവാത്ത സ്ഥിതിയായിരിക്കുന്നു.