Search This Blog

Friday, August 26, 2016

ഇന്ത്യ ഒളിമ്പിക്സിൽ

ഇന്ത്യക്ക് കായികരംഗത്ത് ശോഭിക്കാൻ കഴിയുന്നില്ല എന്നത് വാസ്തവത്തിൽ ഒരു വിരോധാഭാസമാണ്. നമ്മുടെ അനാസ്ഥ മാത്രമാണ് പരാജയ കാരണം. സ്പോർട്സിനെ നമ്മൾ ഗൌരവത്തിലെടുത്തിട്ടില്ല. സമൂഹം എഞ്ചിനീയറുടേയും ഡോക്ടറുടേയും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. പല പല കോലാഹലങ്ങൾക്കിടയിൽ നമ്മുടെ താരങ്ങൾക്ക് സ്പോട്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.
കായികരംഗത്ത് കഴിവു തെളിയിക്കുന്നവർക്ക് ഒരു മാന്യമായ സ്ഥിരവരുമാനം ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകൂ. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കി, സ്പോർട്സിന്റെ കാര്യങ്ങൾ അതിലെ വിദഗ്ദ്ധർക്ക് വിട്ടുകൊടുത്ത് അഴിമതിമുക്തമായ പ്രൊഫഷണലിസം ഉറപ്പുവരുത്തണം. വിജയങ്ങളും മെഡലുകളും താനേ വന്നുകൊള്ളും.

നാടകത്രയം

സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയത്തിൽ ഏറ്റവും ഉജ്ജ്വലമായത് ‘കാഞ്ചനസീത‘ തന്നെ. സംഘർഷങ്ങളുടെ ഒരു ചക്രവ്യൂഹം തന്നെ അതിൽ ആവിഷ്കരിച്ചിരിക്കുന്നു.

ഭാരതസംസ്കാരപഠനം



ഭാരതസംസ്കാരത്തിന്റെ ഈടുവെപ്പുകളായ പുരാണേതിഹാസങ്ങൾ, വേദോപനിഷത്തുക്കൾ എന്നിവയെല്ലാം പഠിപ്പിക്കുന്നതു വളരെ നല്ലതാണ്. അത് ഹിന്ദുമതപഠനം എന്ന ലേബലില്ലാതെ താല്പര്യമുള്ള ആർക്കു വേണമെങ്കിലും പഠിക്കാവുന്ന വിധത്തിലായിരിക്കണം. നമ്മുടെ പൂർവ്വികരുടെ ചിന്തയുടെ, ഭാവനയുടെ ആഴവും പരപ്പും ജനസാമാന്യത്തിന് അനുഭവവേദ്യമാക്കാൻ അതു വളരെയേറെ ഉപകരിക്കും.

ഈ കൃതികൾ മുഴുവൻ പറയുന്നത് കേവല മനുഷ്യനെക്കുറിച്ചാണ്. ഹിന്ദു എന്നത് പിന്നീടെപ്പോഴോ വന്ന ഒരു ആശയമാണെന്നാണ് അത് തെളിയിക്കുന്നത്. ഹിന്ദു എന്ന സങ്കല്പനം തന്നെ ആധുനിക മതസങ്കല്പത്തിൽനിന്നും വളരെ വിഭിന്നമാണ്. അതിനാൽ, മറ്റു മതഗ്രന്ഥങ്ങളെപ്പോലെ ഇവയെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തുന്നത് ഈ പൈതൃകസമ്പത്തിനോടു ചെയ്യുന്ന വലിയ അനീതിയായിരിക്കും.
സംസ്കൃതഭാഷ ഒരു നല്ല ഉദാഹരണമാണ്. അത് ഒരു വിഭാഗം സ്വകാര്യസ്വത്തായി കയ്യടക്കി വെച്ചതു മൂലം അതു ക്രമേണ ഒരു മൃതഭാഷയായി. നേരേ മറിച്ച്, അതിനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അതിന്റെ ഒരു ആധുനികരൂപമെങ്കിലും ദൈനംദിനവ്യവഹാരഭാഷയായി നിലനിന്നേനെ. അങ്ങനെയായിരുന്നെങ്കിൽ, മേൽപ്പറഞ്ഞ കൃതികൾ കൂടുതൽ സാർത്ഥകമായ വിധത്തിൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞേനെ!

Sunday, August 21, 2016

ഇന്ത്യയുടെ ഊഴം

അങ്ങനെ, ഒരു കാലത്ത് കടത്തിൽ മുങ്ങിച്ചാവുകയായിരുന്ന ബ്രസീലും വലിയ കുഴപ്പമില്ലാതെ ഒളിംപിക്സ് നടത്തി. ഇന്ത്യയുടെ ഊഴം എന്നാണാവോ!