Search This Blog

Friday, April 29, 2016

കർണ്ണാടകസംഗീതത്തിലെ കയ്യൊപ്പുകൾ

കർണ്ണാടകസംഗീതത്തിലെ പ്രസിദ്ധ വാഗ്ഗേയകാരന്മാരായ ത്യാഗരാജഭാഗവതർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ പുരന്ദരദാസൻ, സ്വാതിതിരുനാൾ എന്നിവരെല്ലാം അവരുടെ വ്യക്തിമുദ്രയായി യഥാക്രമം, ത്യാഗരാജ, ഗുരുഗുഹ, ശ്യാമകൃഷ്ണ, പുരന്ദരവിഢല, പത്മനാഭ എന്നിങ്ങനെയുള്ള വാക്കുകൾ അവരുടെ കൃതികളിൽ ഉൾപ്പെടുത്തിയിരുന്നു. അതിലളിതമായ ഈ സൂത്രം പിൻ‌ഗാമികളായ സംഗീതകാരന്മാർക്കും സംഗീതപ്രേമികൾക്കും വിദ്യാർത്ഥികൾക്കും എത്ര വലിയ സേവനമാണ് ചെയ്തത് എന്നൊന്നാലോചിച്ചുനോക്കുക! അതുവഴി അവരുടെ കൃതികൾ നിഷ്‌പ്രയാസം തിരിച്ചറിയാൻ കഴിയുകയും അതറിഞ്ഞ് ആസ്വദിക്കാൻ പറ്റുകയും ചെയ്യുന്നു. നേരേ മറിച്ച്, അങ്ങനെയൊന്നുണ്ടായിരുന്നില്ലെങ്കിലത്തെ പുകിലൊന്നാലോച്ചു നോക്കുക. പല പല ഗവേഷകർ ഒരുപാട്, പണവും, സമയവും ഊർജ്ജവുമെല്ലാം ദുർവ്യയം ചെയ്ത്, അവരവരുടേതായ രീതിയിൽ ലക്ഷണങ്ങളും സാഹചര്യത്തെളിവുകളും ചരിത്രരേഖകളുമെല്ലാം പഠിച്ച് അവരവരുടേതായ നിഗമനങ്ങളിലെത്തിച്ചേരുകയും കൃത്യമായ ഒരു വിവരവുമില്ലാതെ, ആസ്വാദകരെ ആശയക്കുഴപ്പത്തിന്റെ മങ്ങൂഴത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുമായിരുന്നു.

ചില വാഗ്ഗേയകാരരും അവരുടെ മുദ്ര പദങ്ങളും

തല്ലപക അന്നമയ്യ - വെങ്കട
പുരന്ദരദാസ - പുരന്ദര വിഢല
കനകദാസ - കാഗിനെലെ ആദികേശവ
ത്യാഗരാജ - ത്യാഗരാജ
ശ്യാമശാസ്ത്രി - ശ്യാമ കൃഷ്ണ
മുത്തുസ്വാമി ദീക്ഷിതർ- ഗുരുഗുഹ
സ്വാതി തിരുനാൾ - പത്മനാഭ/പങ്കജനാഭ
ഭദ്രാചല രാമദാസ് - രാമദാസു
പാപനാശം ശിവൻ - രാമദാസൻ
ഗോപാലകൃഷ്ണ ഭാരതി - ഗോപാലകൃഷ്ണൻ
ഹരികേശനല്ലുർ മുത്തയ്യ ഭാഗവതർ - ഹരികേശ
നാരായണതീർത്ഥ - നാരായണതീർത്ഥ
പട്ടണം സുബ്രഹ്മണ്യ അയ്യർ - വെങ്കടേശ്വര
മൈസൂർ വാസുദേവാചാര്യ - വാസുദേവാ
മൈസൂർ വി രാമരത്നം - രാമ
എം. ഡി. രാമനഥൻ - വരദ ദാസ
എം. ബാലമുരളികൃഷ്ണ - ഹരി, മുരളി
മഹാരാജപുരം സന്താനം - മഹാരാജൻ
കോടീശ്വര അയ്യർ - കവി കുഞ്ചരദാസ
ക്ഷേത്രയ്യ - മുവ്വ ഗോപാല
സദാശിവ ബ്രഹ്മേന്ദ്ര സ്വാമി - പരമഹംസ
അക്കമഹാദേവി - ചന്നമല്ലികാർജ്ജുന
ബാസവ - കൂടലസംഗമദേവ

വികസനവും പുരോഗതിയും

#പണ്ട്
പണ്ട് ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾ വികസനവും പുരോഗതിയും തമ്മിൽ കാര്യമായ വൈരുദ്ധ്യമുണ്ടായിരുന്നില്ല. പ്രകൃതിയെ വല്ലാതെ നോവിക്കാതെ, ഒരു പാലം, ഒരു റോഡ്, ഒരു സ്കൂൾ, വൈദ്യുതി, കുടിവെള്ളം എന്നിവയൊക്കെ വരുമ്പോൾ വികസനമായി, പുരോഗമനമായി, എല്ലാവർക്കും സന്തോഷമായി. എന്നാൽ, ഇന്ന് പലരുടേയും ജീവിതം പ്രാകൃതാവസ്ഥയിലായിരിക്കുമ്പോൾത്തന്നെ നമുക്ക് വികസനമാവണമെങ്കിൽ, കാടും മേടും കൃഷിസ്ഥലങ്ങളും ഇടിച്ചുനിരത്തി, വിമാനത്താവളങ്ങൾ, മെട്രോ, കൂറ്റൻ ഷോപ്പിങ് മാൾ, ഹൈവെകൾ, പാർപ്പിടസമുച്ചയങ്ങൾ എന്നിവയെല്ലാം വരണം. ഇതിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങൾ പ്രാകൃതാവസ്ഥയിലാവുകയും പുനർജ്ജീവനം സാദ്ധ്യമാവാത്തവിധം പ്രകൃതിനാശം സംഭവിച്ചാലും നമുക്ക് പ്രശ്നമില്ല. ഈ സാഹചര്യത്തിൽ വികസനം പുരോഗമനവിരുദ്ധമാവുന്നു. വികസനം നാശത്തിലേക്കുള്ള പുരോഗമനമാവുന്നു.

ഏറ്റവും കറഞ്ഞത് ദാരിദ്ര്യവും അഴിമതിയും തുടച്ചുമാറ്റാൻ കഴിഞ്ഞാൽ സാധാരണക്കാരായ ജനങ്ങൾ ഭരണത്തിനൊപ്പം നിൽക്കും. അതിരുകടന്ന, അന്ധമായ വികസനം ചിലപ്പോൾ തിരിഞ്ഞുകൊത്തും.

വികസനം, വികസനം എന്നു മനുഷ്യൻ; വേണ്ടാ, വേണ്ടാ എന്നു ഭൂമി

Sunday, April 24, 2016

മാറുന്ന മാദ്ധ്യമം

രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ വേദി ഇപ്പോൾ സാമൂഹ്യമാദ്ധ്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ടിവി ചാനലുകൾക്ക് അവയുടെ പിന്നാലെ പോകേണ്ട ഗതികേട് വന്നുപെട്ടിരിക്കുന്നു.