Search This Blog

Wednesday, April 13, 2016

അമൃതസർ

മാതൃഭൂമി ന്യൂസിൽ ‘യാത്ര’ പഞ്ചാബിലെ അമൃതസറിൽ. അമൃതസരോവരം എന്ന തടാകത്തിൽനിന്നാണ് അമൃതസർ എന്ന പേർ വന്നത്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും ഇസ്ലാം മതത്തിന്റെ അന്യരെ അകറ്റിനിർത്തുന്ന വ്യവസ്ഥയ്ക്കുമെതിരായാണ് രണ്ടിന്റേയും നല്ല വശങ്ങൾ ഉൾപ്പെടുത്തി ഗുരു നാനാക്ക് സിക്ക് മതം സ്ഥാപിച്ചത്. ഗുരുദ്വാരകളിൽ ജാതിമതലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനമുണ്ട്. അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലു കഴുകുകയും തല മുണ്ടുകൊണ്ട് മറയ്ക്കുകയും വേണം. ഗുരുദ്വാരയുടെ അകം എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. വൃത്തിയാക്കൽ ഭക്തർ ഒരു സൽക്കർമ്മമായി കരുതി സന്നദ്ധസേവനമായി ചെയ്യുന്നു. അതുപോലെ തന്നെ തടാകവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. അതിൽ മനോഹരങ്ങളായ വളർത്തുമത്സ്യങ്ങളുണ്ട്. അവയ്ക്ക് ഗുരുദ്വാരയിലെ പ്രസാദം മാത്രമേ കൊടുക്കുകയുള്ളു. അവ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. തടാകത്തിന്റെ ഒരു മൂലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളക്കടവുകളുണ്ട്. എണ്ണയോ സോപ്പോ ഉപയോഗിക്കാൻ പാടില്ല. വെറുതെ മുങ്ങുക മാത്രം. പ്രാർത്ഥനാരീതികളിൽ ഹിന്ദുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും സ്വാധീനം കാണാം.

വായനയുടെ സാങ്കേതികവിദ്യ

സാങ്കേതികവിദ്യ എത്രതന്നെ പുരോഗമിച്ചാലും വായനയുടേയും അത് മനസ്സിൽ സൂക്ഷിക്കുന്നതിന്റേയും സാങ്കേതികവിദ്യയിൽ (അത് എത്രയോ ഉയർന്നതാണ്‌ എന്ന് സംശയമില്ല, എങ്കിലും ) ഒരു മാറ്റമുണ്ടാകുന്നതിനെപ്പറ്റി ഇന്നത്തെ നിലയിൽ ചിന്തിക്കാനാവുകയില്ല.
13/4/2014

Monday, April 11, 2016

സൃഷ്ടിയും പരിഭാഷയും

സ്വന്തം സൃഷ്ടി ഒരു പുതിയ പാത വെട്ടുന്നതുപോലെയാണ്; പരിഭാഷ കാടുമൂടിക്കിടന്ന ഒരു പാത വെട്ടിത്തെളിയിക്കുന്നതുപോലെയും.

ബാബു ഭരദ്വാജ്



ഏഷ്യാനെറ്റിൽ തുടക്കം മുതൽ സ്ഥിരമായി കാണുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നതിലുപരി ബാബു ഭരദ്വാജിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.മരിച്ചതിനു ശേഷമാണു എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവായിരുന്നു എന്നും പ്രവാസിയായിരുന്നു എന്നും പ്രവാസത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്നും അറിഞ്ഞത്. അപ്പോഴും എവിടെയായിരുന്നു എന്തായിരുന്നു എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഒന്നും കണ്ണിൽപ്പെട്ടില്ല. ഇന്നിതാ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (നാലാം ലക്കം)ശിഹാബുദ്ദീൻ പൊയതുംകടവിൻറെ അനുസ്മരണത്തിൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ സൗദിയിലേക്കു രക്ഷപ്പെട്ടു എന്ന് വായിച്ചു. അടിയന്തരാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സൗദി എന്ന് വെറുതെ ഓർത്തു. വായന തുടർന്നപ്പോൾ അതാ 'ഗൾഫിലെ തൊഴിലാളി പീഡനങ്ങൾക്കെതിരെ ഇടപെട്ട യുവ എഞ്ചിനീയറെ ജയിലിൽ നിന്നും എയർപോർട്ടിലേക്ക് ഡിപ്പോർട്ട് ചെയ്യുമ്പോൾ ദേഹമാസകലം ചങ്ങലയിട്ടിരുന്നു' എന്ന് എഴുതിയിരിക്കുന്നു.


അറിയാതെ ഒരു വിറ ദേഹത്തിലൂടെ കടന്നുപോയി

കൊല്ലം പരവൂർ വെടിക്കെട്ട് ദുരന്തം

#‎വെടിക്കെട്ട്ദുരന്തം‬
കാലം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ജനസംഖ്യ, നഗരവൽക്കരണം, അന്തരീക്ഷമലിനീകരണം, പരിസ്ഥിതി എന്നിങ്ങനെ. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ വിഭാഗക്കാരും മതാചാരങ്ങളിലും ജീവിതരീതികളിലും കാലാനുസൃതമായ മാറ്റം, ബന്ധപ്പെട്ടവരെല്ലാം കൂടിയാലോചിച്ച്, നടപ്പിൽ വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ യുക്തിരഹിതമായി തുടർന്നുകൊണ്ടിരിക്കും.

‪#‎വെടിക്കെട്ട്ദുരന്തം‬
വെടിക്കെട്ട് ദുരന്തം കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു വ്യാപിച്ച ഒരു വലിയ ഐക്യദാർഢ്യത്തിനു വേദിയായി. ആയിരക്കണക്കിനു ജനങ്ങൾ യാതൊരു വിഭാഗീയചിന്തകളുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു, രക്തദാനത്തിനായി മുന്നോട്ടുവന്നു. ദൃശ്യമാദ്ധ്യമങ്ങൾ സന്ദർഭത്തിനൊത്ത് ഉയരുകയും അപസ്വരങ്ങളൊഴിവാക്കുകയും ചെയ്തു. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ നേതാക്കളും അവരുടെ സാന്നിദ്ധ്യത്തോടെ ദു:ഖത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് പ്രോട്ടോക്കോളിന്റെ ആവശ്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് (അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്നറിയില്ല) സംഭവസ്ഥലവും പൊള്ളലേറ്റവരേയും സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സന്ദർശനം നടത്തി. എന്തൊക്ക അസൗകര്യമുണ്ടായാലും നേരിൽ വന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും സാന്നിദ്ധ്യം കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, ദുരന്തത്തിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേയ്ക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ അത്യന്തം അപലപനീയമായ വിധത്തിൽ ദുഷ്പ്രചരണങ്ങൾ വ്യാപിക്കാൻ തുടങ്ങിയെന്നത് വളരെ ഖേദകരമാണ്. അത്തരം ദുഷ്‌പ്രവണതകളെ അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.