Search This Blog

Friday, August 26, 2016

ഭാരതസംസ്കാരപഠനം



ഭാരതസംസ്കാരത്തിന്റെ ഈടുവെപ്പുകളായ പുരാണേതിഹാസങ്ങൾ, വേദോപനിഷത്തുക്കൾ എന്നിവയെല്ലാം പഠിപ്പിക്കുന്നതു വളരെ നല്ലതാണ്. അത് ഹിന്ദുമതപഠനം എന്ന ലേബലില്ലാതെ താല്പര്യമുള്ള ആർക്കു വേണമെങ്കിലും പഠിക്കാവുന്ന വിധത്തിലായിരിക്കണം. നമ്മുടെ പൂർവ്വികരുടെ ചിന്തയുടെ, ഭാവനയുടെ ആഴവും പരപ്പും ജനസാമാന്യത്തിന് അനുഭവവേദ്യമാക്കാൻ അതു വളരെയേറെ ഉപകരിക്കും.

ഈ കൃതികൾ മുഴുവൻ പറയുന്നത് കേവല മനുഷ്യനെക്കുറിച്ചാണ്. ഹിന്ദു എന്നത് പിന്നീടെപ്പോഴോ വന്ന ഒരു ആശയമാണെന്നാണ് അത് തെളിയിക്കുന്നത്. ഹിന്ദു എന്ന സങ്കല്പനം തന്നെ ആധുനിക മതസങ്കല്പത്തിൽനിന്നും വളരെ വിഭിന്നമാണ്. അതിനാൽ, മറ്റു മതഗ്രന്ഥങ്ങളെപ്പോലെ ഇവയെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തുന്നത് ഈ പൈതൃകസമ്പത്തിനോടു ചെയ്യുന്ന വലിയ അനീതിയായിരിക്കും.
സംസ്കൃതഭാഷ ഒരു നല്ല ഉദാഹരണമാണ്. അത് ഒരു വിഭാഗം സ്വകാര്യസ്വത്തായി കയ്യടക്കി വെച്ചതു മൂലം അതു ക്രമേണ ഒരു മൃതഭാഷയായി. നേരേ മറിച്ച്, അതിനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അതിന്റെ ഒരു ആധുനികരൂപമെങ്കിലും ദൈനംദിനവ്യവഹാരഭാഷയായി നിലനിന്നേനെ. അങ്ങനെയായിരുന്നെങ്കിൽ, മേൽപ്പറഞ്ഞ കൃതികൾ കൂടുതൽ സാർത്ഥകമായ വിധത്തിൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞേനെ!

No comments: