Search This Blog

Sunday, October 25, 2015

‘എന്നു നിന്റെ മൊയ്തീൻ‘

ഭാവനയെ വെല്ലുന്ന ജീവിതം- ‘എന്നു നിന്റെ മൊയ്തീൻ‘ എന്ന പേരിൽ ഇപ്പോൾ ഇറങ്ങിയിരിക്കുന്ന സിനിമയിലെ നായികാനായകന്മാരുടെ യഥാർത്ഥ ജീവിതം അതാണ് എന്ന് ആ ജീവിതം നേരിൽ കണ്ട എം എൻ കാരശ്ശേരി സാക്ഷ്യപ്പെടുത്തുന്നു. എത്രയോ പ്രഗത്ഭമതികളായ ചലചിത്രകാരന്മാരുണ്ടായിട്ടും ഇത്രയും കാലം ഇതിനൊരു ചലചിത്രരൂപം ഉണ്ടാവാഞ്ഞത് എന്തുകൊണ്ടാണ് എന്നത് അത്ഭുതം തന്നെ. വാസ്തവത്തിൽ, താഴെ കൊടുത്ത ലേഖനത്തിൽ നിന്നും വ്യക്തമാവുന്നതുപോലെ മൊയ്തീന്റെ ജീവിതം സിനിമയിൽ കാണിച്ചിരിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ സംഭവബഹുലമാണ്. അതെല്ലാം ഒരു സിനിമയുടെ സമയപരിധിയിൽ ഒതുക്കുക എന്നത് അസാദ്ധ്യം തന്നെ. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങൾ കൂട്ടിയിണക്കികൊണ്ട് വലിയ അവകാശവാദങ്ങളില്ലാതെ ലളിതമായി നിർമ്മിച്ച ഈ സിനിമ അഭിനന്ദനമർഹിക്കുന്നു. ഛായാഗ്രഹണത്തിലും മലയാള സിനിമ ഏറെ മുന്നോട്ടുപോയിട്ടുണ്ട് എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ആദ്യപകുതി അല്പം അതിഭാവുകത്വം നിറഞ്ഞതും വിരസവുമായില്ലേ എന്നൊരു സംശയം. പ്രധാന കഥാപാത്രങ്ങളിൽ പഴയ കാലത്തിന്റെ പ്രതിഫലനം കാണുന്നില്ല. പൃഥ്വിരാജ് പൃഥ്വിരാജായിത്തന്നെ നിൽക്കുന്നതുപോലെ! ഇതിലെ വില്ലന്മാരെല്ലാം അടിസ്ഥാനപരമായി സന്മനസ്സുള്ളവരാണെന്നത് ഒരു പുതുമയായി അനുഭവപ്പെട്ടു. വർഗ്ഗീയസംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ഇത്തരം സിനിമകൾക്ക് വളരെയേറെ പ്രസക്തിയുണ്ട്.
http://www.mathrubhumi.com/features/social-issues/moideen-malayalam-news-1.609183