Search This Blog

Tuesday, October 20, 2015

സൗരോർജ്ജസ്വപ്നങ്ങൾ


എത്രയേറെ പരിമിതമായ ആവാസവ്യവസ്ഥയെ ആശ്രയിച്ചാണ്‌ നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചാൽ ആരും നടുങ്ങിപ്പോകും. നമ്മുടെ ഭൂമി ഏകദേശം 51കോടി എഴുപത്തിരണ്ടായിരം ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 6X10^21 ടൺ പിണ്ഡവുമുള്ള ഒരു ചെറിയ ഗോളമാണ്‌. ഈ മൊത്തം നീക്കിയിരുപ്പിന്റെ ചെറിയൊരംശം വരുന്ന ഉപയോഗക്ഷമമായ വിഭവത്തെ ആശ്രയിച്ചാണ്‌ അറനൂറു കോടിയിൽപ്പരം (അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നു) ജനങ്ങൾ, അനുസ്യൂതം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി ജീവിച്ചുപോകുന്നത്. ഇതിനായി നാം ഭൂഗർഭത്തിൽ നിന്നും ദിനംപ്രതി എണ്ണയടക്കം ലക്ഷക്കണക്കിനു ടൺ ധാതുദ്രവ്യങ്ങൾ ഖനനം ചെയ്ത് ഭൂമിയുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കു പുറമെ, ഈ ധാതുദ്രവ്യങ്ങൾ സംസ്കരിക്കുന്നതിനും ഉപരിതലത്തിലെ വായു, വെള്ളം എന്നിങ്ങനെയുള്ള അവശ്യവസ്തുക്കൾ ഉപയോഗിച്ചുതീർക്കുന്നു. അതോടൊപ്പം ഭൂപ്രതലം നാനാവിധത്തിലുള്ള മാലിന്യങ്ങളുടെ കൂമ്പാരമാക്കിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങൾ പുറത്തുവിട്ട് ശുദ്ധവായുപോലും അമൂല്യവസ്തുവാക്കി മാറ്റുന്നു. 
ഈ പരിതസ്ഥിതിയിലും, നമ്മൾ, കഥയിലെ കുഴലൂത്തുകാരനെ അനുഗമിക്കുന്ന എലികളെപ്പോലെ വികസനത്തിന്റെ മോഹവലയത്തിൽപ്പെട്ട് കൂടുതൽ കൂടുതൽ ആവശ്യങ്ങളുമായി മുന്നോട്ടുപോകുന്നു. അതാകട്ടെ, കൂടുതൽ കൂടുതൽ വിഭവശോഷണവും പരിസ്ഥിതിനാശവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ, നാം ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കുകയാണെന്ന ദു:ഖസത്യം പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്‌. ഇതിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അർഹിക്കുന്ന തരത്തിലുള്ള ഫലപ്രാപ്തി അവയ്ക്കുണ്ടാവുന്നില്ല. 
ഭൂമിയുടെ പരിമിതവൃത്തത്തിനു പുറത്തുനിന്നും കൃത്യമായ അളവിലെങ്കിലും അനന്തമായി ലഭിക്കുന്ന ഒരേ ഒരു ഊർജ്ജസമ്പാദ്യം സൗരോർജ്ജമാണ്‌. ഭൂമിയിൽ ജീവന്റെ നിലനില്പിനാധാരമായ ഈ ഊർജ്ജസ്രോതസ്സു തന്നെയാണ്‌ ഇന്നത്തെ ദുർഘടസന്ധിയിൽ നിന്നും ഒരു പരിധിവരെയെങ്കിലും നമ്മെ കരകയറ്റാൻ ഏറ്റവും അനുയോജ്യമായത്. മുങ്ങിച്ചാവാൻ പോവുമ്പോൾ ലഭിക്കുന്ന വൈക്കോൽക്കൊടി പോലെ ഈ ഊർജ്ജം പരമാവധി ഉപയോഗപ്പെടുത്തുകയാണ്‌ ഈ വൈകിയ വേളയിലെങ്കിലും നാം അകപ്പെട്ടിരിക്കുന്ന ദൂഷിതവലയത്തിൽനിന്നും രക്ഷപ്പെടാനുള്ള ഏക പോംവഴി.
സൂര്യപ്രകാശത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത് സ്വപ്നതുല്യമായ ഒരു സാങ്കേതികവിദ്യ തന്നെ. പണ്ട് ശാസ്ത്രപ്രദർശനങ്ങളിലെ അത്ഭുതമായിരുന്ന ഇത് ഇന്ന് പരക്കെ ലഭ്യമാണ്‌. എന്നാൽ, പരിമിതികൾ മറികടന്നുകൊണ്ട് ഇത് ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. 
സൗരോർജ്ജത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പരിമിതി സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ വൈദ്യുതോത്പാദനം നടക്കുന്നില്ല എന്നതു തന്നെ. അതിനെ മറികടക്കാൻ നമുക്കു വേണ്ടത് വൈദ്യുതി സംഭരിച്ചുവെക്കാനുള്ള കരുത്തുറ്റ സംവിധാനമാണ്‌. നിലവിലുള്ള ബാറ്ററി സാങ്കേതികവിദ്യയിൽ വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും പൊതുവെ അത് വളരെ കുറഞ്ഞ തോതിലുള്ള സംഭരണത്തിന്റെ മേഖലയിൽ മാത്രമാണ്‌. മാത്രമല്ല, അവയുടെ ആയുസ്സ് താരതമ്യേന കുറവും ചെലവ് കൂടുതലുമാകയാൽ വൈദ്യുതിലാഭം കൊണ്ടു ലഭിക്കുന്ന മിച്ചം ബാറ്ററി അപഹരിക്കുന്നു. ഇവിടെയാണ്‌ മൗലികമായ ഒരു കുതിച്ചു ചാട്ടത്തിന്റെ സാദ്ധ്യത ഒളിഞ്ഞിരിക്കുന്നത്. 
ഒന്നാമതായി നമുക്കു വേണ്ടത് അത്യുത്പാദനക്ഷമതയുള്ള സൗരോർജ്ജപാളികളാണ്‌. കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കു സമാനമായ ഒരു പുരോഗതി ഈ മേഖലയിലും കൈവരിക്കേണ്ടിയിരിക്കുന്നു. സൗരോർജ്ജപാളികളുടെ വലുപ്പവും ഭാരവും കുറഞ്ഞുവരണം. അത് നിർമ്മാണച്ചെലവ് കുറയ്ക്കും . മാത്രമല്ല, പരമാവധി പുനരുപയോഗം നടത്തുകയും വേണം. അപ്പോൾ അതിനു വേണ്ട ചെലവ് വളരെ കുറയും.
ബാറ്ററി സാങ്കേതികയുടെ വളർച്ച താരതമ്യേന വളരെ മന്ദഗതിയിലാണ്‌. ഈ മേഖലയിൽ വിപ്ലവകരമായ ഒരു മാറ്റത്തിനു വേണ്ടി ലോകം കാത്തിരിക്കുകയാണ്‌. ഇവിടേയും കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യയ്ക്കു സമാനമായ ഒരു വളർച്ച കരഗതമാക്കേണ്ടിയിരിക്കുന്നു. ഇതു രണ്ടും കൂടി സംയോജിപ്പിച്ചുകൊണ്ട് സൗരോർജ്ജപാളികളിൽ തന്നെ വൈദ്യുതി സംഭരിച്ചുവെക്കാനുള്ള മാർഗ്ഗം തെളിയുകയാണെങ്കിൽ അത് ഊർജ്ജമേഖലയിലെ മാറ്റത്തിന്‌ അഭൂതപൂർവ്വമായ ഗതിവേഗം നല്കും. എല്ലാ കെട്ടിടങ്ങളും വൈദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. സൗരോർജ്ജം കെട്ടിടനിർമ്മാണത്തിന്റ ഭാഗമായി മാറും. ഇന്നു കാണുന്ന അലുമിനിയം ഷീറ്റുകൊണ്ടുള്ള മേൽക്കൂരകൾ സൗരോർജ്ജപാളികൾക്ക് വഴിമാറും. തെരുവുവിളക്കുകൾ മുഴുവൻ സൗരോർജ്ജം വഴിയാവും. സിഎഫ്എൽ ബൾബുകളിൽ നിന്ന് എൽ ഈ ഡിയിലേക്കുള്ള മാറ്റം വളരെ ആശാവഹമാണ്‌. എന്നാൽ അതിന്റെ വില ഇന്ന് സാധാരണക്കാരന് താങ്ങാനാവുന്നതല്ല. ഉപയോഗവും ഉല്പാദനവും വർദ്ധിക്കുമ്പോൾ വില കാര്യമായി കുറയുമെന്നു പ്രതീക്ഷിക്കാം. കുറഞ്ഞ ചെലവിൽ സൗരോർജ്ജം സുലഭമാവുമ്പോൾ പാചകം വൈദ്യുതിയിലേക്കു മാറ്റാവുന്നതാണ്. അങ്ങനെ പാചകവാതകത്തിന്റെ ഉപയോഗം പരമാവധി ഒഴിവാക്കി സാമ്പത്തികനേട്ടം കൈവരിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യാം.
അങ്ങനെ കമ്പികളിലൂടെ, തെരുവുതോറുമുള്ള വൈദ്യുതിവിതരണം പഴങ്കഥയായി മാറും. പൊതുവൈദ്യുതിവിതരണം വ്യാവസായിക ആവശ്യങ്ങൾക്കു മാത്രമാവും. വൈദ്യുതി ഉപയോഗത്തിലെ കുറവിനു പുറമെ പ്രസരണനഷ്ടത്തിന്റെ ഇനത്തിലും വൻ തോതിൽ വൈദ്യുതി ലാഭിക്കാം. 
ഈ മാറ്റങ്ങൾ വാഹനങ്ങളിലേക്ക്‌ സന്നിവേശിപ്പിക്കുമ്പോൾ എന്തു സംഭവിക്കും? വാഹനങ്ങളുടെ നിർമ്മാണത്തിൽ തന്നെ അത്യുത്പാദനക്ഷമതയുള്ള സൊളാർ പാനലുകൾ ഉൾക്കൊള്ളിക്കുകയാണെങ്കിൽ വണ്ടി ഓടുമ്പോൾ തന്നെ ചാർജിങ്ങ്‌ നടക്കും. മറ്റൊരു വിപ്ലവകരമായ മാറ്റം പ്രത്യേകം രൂപകല്പന ചെയ്ത ചെറിയ കാറ്റാടികൾ വാഹനങ്ങളുടെ വേഗത മുതലെടുത്ത്‌ വൈദ്യുതി ഉല്പാദിപ്പിക്കുകയാണെങ്കിലോ? അതോടെ എണ്ണ കത്തിച്ച്‌ ഓടിക്കുന്ന വാഹനങ്ങൾ പുരാവസ്തുക്കളായി മാറും; നിരത്തുകളിലെ ശബ്ദ, പുകമലിനീകരണങ്ങൾ അപ്രത്യക്ഷമാവും. ഭൂമിക്കടിയിൽ നിന്നും എണ്ണ കുഴിച്ചെടുക്കുന്നതിന്റെ അളവ്‌ വളരെയേറെ കുറയും. ക്രമേണ നമ്മുടെ നഗരങ്ങൾ വാഹനങ്ങളിൽ നിന്നുള്ള ചൂടും പുകയും കൊണ്ടുള്ള അന്തരീക്ഷമലിനീകരണങ്ങളിൽ നിന്നും വിമുക്തമാവും. നഗരവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ആഗോളതാപനം ഒരു പരിധി വരെയെങ്കിലും പിടിച്ചുനിർത്താൻ കഴിയും. ഇതിന്റെയെല്ലാം ദൂരവ്യാപകമായ ഫലങ്ങൾ പ്രവചനാതീതമാണ്‌.
മനുഷ്യരാശിയുടെ ഭാവി തന്നെ മാറ്റിമറയ്ക്കാവുന്ന ഇത്തരമൊരു വൻ കുതിപ്പ് ഇന്ത്യയിൽ നിന്നു വരണമെന്നത് ഒരു അനുബന്ധസ്വപ്നമാണ്‌. ഉപഗ്രഹസാങ്കേതികവിദ്യയിൽ നാം കൈവരിച്ച നേട്ടം ഈ മേഖലയിലും ആവർത്തിക്കാൻ കഴിയേണ്ടതാണ്‌. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ രാജ്യത്ത് ആവേശകരമായ നേതൃത്വവും ലക്ഷ്യബോധത്തോടുകൂടിയ കൂട്ടായ പ്രവർത്തനവുമുണ്ടെങ്കിൽ ലക്ഷ്യം വളരെ അകലെയല്ല. ഐ ഐ ടി പോലുള്ള ഉന്നതനിലവാരം പുലർത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള സാങ്കേതിക ഗവേഷണസ്ഥാപനങ്ങളും ഒത്തൊരുമിച്ച് ഈ ദൗത്യം ഏറ്റെടുത്ത് ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയാൽ സമീപഭാവിയിൽ തന്നെ സ്വപ്നം സാക്ഷാത്ക്കരിക്കാം. 

പരമേശ്വരൻ
7/10/2015

അമണ്‍റ്റില്ലാഡോയുടെ വീപ്പ - കഥ - എഡ്ഗാര്‍ അലന്‍ പോ

ഒരു പരിഭാഷ മലയാളം വായന. കോമിൽ:
അമണ്‍റ്റില്ലാഡോയുടെ വീപ്പ - കഥ - എഡ്ഗാര്‍ അലന്‍ പോ
http://malayalamvayana.com/index.php?option=com_content&view=article&id=5139&com_contdisp=tru&Itemid=36