നൂറ്റാണ്ടുകൾക്കു മുമ്പ് രചിക്കപ്പെട്ട പുരാണേതിഹാസങ്ങൾ ഇന്നും നമ്മുടെ ഭാവനയേയും ചിന്തയേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികയുഗത്തിലും അവയ്ക്ക് പുതിയ വ്യാഖ്യാനങ്ങളും ആവിഷ്കാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. കാലാതിവർത്തിയായി നമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനമനുഷ്യനെയാണ് അവ സംബോധന ചെയ്യുന്നത് എന്നതുകൊണ്ടായിരിക്കണം ഇത്.
പുരാണകഥകളിലെല്ലാം പ്രാചീനഭാവനയുണ്ട്, ചിന്തയുണ്ട്, നിരീക്ഷണങ്ങളുണ്ട്, അലംഘനീയമായ പ്രകൃതിയുടെ, മനുഷ്യയുക്തിക്കതീതമായ വൈപരീത്യങ്ങളുണ്ട്. ഇവയിലൂടെ ഈ കഥകൾ മനുഷ്യനേയും പ്രകൃതിയേയും വായനക്കാരനു മുന്നിൽ പൊലിപ്പിച്ചുകാട്ടുന്നു.
മൂന്നു ലോകവും കീഴടക്കി ഒരു കുറ്റവും കുറവും ആരോപിക്കാനാവാത്തവിധം ഐശ്വര്യസമ്പൂർണ്ണമായ ഭരണം കാഴ്ചവെച്ച മഹാബലിയെ അദ്ദേഹത്തിന്റെ ദൗർബ്ബല്യം മുതലെടുത്ത് നിരായുധനായ വെറുമൊരു ബാലൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു.
അത്യുഗ്രമായ തപസ്സനുഷ്ഠിച്ച് മരണത്തെ മറികടക്കാനായി എല്ലാ പഴുതുകളുമടച്ച്, മരണം രാത്രിയും പകലും, അകത്തും പുറത്തും പാടില്ല, മനുഷ്യനും മൃഗവും കൊല്ലാൻ പാടില്ല, എന്നിങ്ങനെ വരം നേടിയ ഹിരണ്യകശുപുവിനെ വധിക്കാൻ നരനും സിംഹവും ചേർന്ന നരസിംഹം എന്ന വിചിത്രജീവി ജന്മമെടുക്കുന്നു. മനുഷ്യനേയും മൃഗത്തേയും ഒഴിവാക്കാൻ അവയെ ചേർത്തുവെയ്ക്കുക എന്ന ഒരു വിചിത്രയുക്തിയാണ് ഇവിടെ വർത്തിക്കുന്നത്. അതുപോലെ രാത്രിയേയും പകലിനേയും ഒഴിവാക്കാൻ അവയുടെ സംഗമസമയം തെരഞ്ഞെടുക്കുന്നു. അകത്തിനും പുറത്തിനും പകരം അവയെ വേർതിരിക്കുന്ന ഉമ്മറപ്പടി വേദിയാവുന്നു.
തപോബലംകൊണ്ട് ദേവലോകം പോലും കീഴടക്കിയ രാവണനെ കുറെ മനുഷ്യരും വാനരന്മാരും കൂടി കീഴ്പ്പെടുത്തുന്നു. ഇങ്ങനെ എത്രയെത്ര കഥകൾ!
ഇത്തരം വലുതും ചെറുതുമായ പ്രകൃതിയുക്തികൾ യഥാർത്ഥലോകത്തിലും അരങ്ങേറുന്നു എന്നതാണ് ഇവയുടെ പ്രസക്തിയും വശ്യതയും വർദ്ധിപ്പിക്കുന്നത്. ഒരിക്കലും മുങ്ങില്ല എന്ന വീരവാദത്തോടെ നീറ്റിലിറക്കിയ ടൈറ്റാനിക് എന്ന മഹായാനം കന്നിയാത്രയിൽ തന്നെ വെറും മഞ്ഞു കട്ടയിൽ തട്ടിത്തകരുന്നു.
ആയിരം കൊല്ലം നിലനിൽക്കാനുദ്ദേശിച്ചുകൊണ്ട് തുടങ്ങിവെച്ച ആര്യസാമ്രാജ്യം വെറും പത്തു വർഷം തികയ്ക്കുന്നതിനുമുമ്പ് നാമാവശേഷമായി. അതിന്റെ സ്ഥാപകനാവട്ടെ, സ്വയം ജീവനൊടുക്കേണ്ടിയും വന്നു! സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്! അങ്ങനെ എത്ര സാമ്രാജ്യങ്ങൾ! മാത്രമല്ല, അസുരന്മാരുടേയും രാക്ഷസന്മാരുടേയെല്ലാം ചെറുപതിപ്പുകൾ നമുക്കു ചുറ്റും കാണാൻ കഴിയും.
ചുരുക്കത്തിൽ, നാം എന്നും തിരിച്ചറിയുന്ന, മനുഷ്യന്റെ ആദിമചോദനകൾ, പ്രകൃതിയുടെ, കാലത്തിന്റെ, അജയ്യത ഇതൊക്കെയാണ് ഇവിടെ പ്രതിപാദ്യവിഷയം. അതുകൊണ്ടുതന്നെയായിരിക്കണം ഈ കഥകൾ നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
29/10/15
No comments:
Post a Comment