Search This Blog

Saturday, July 18, 2015

വാക്കനുഭവം



കുവൈത്ത് വിമാനത്താവളത്തിൽ പെട്ടിയുമായി വരിയിൽ നിൽക്കുമ്പോൾ മുമ്പിൽ നിന്നിരുന്ന ഒരാൾ കൂടെയുള്ള ആളോടു പറയുന്നു: 'പെട്ടി ഒന്നു ചുറ്റിച്ചുവരാം.' അപരൻ സമ്മതിക്കുകയും അയാൾ പെട്ടിയുമായി പോവുകയും ചെയ്തു. ഇങ്ങനെയൊരു പ്രയോഗം ആദ്യമായാണ് കേൾക്കുന്നതെങ്കിലും പെട്ടി പ്ളാസ്റ്റിക്കിൽ പൊതിയുന്നതിനെപ്പറ്റിയാണ് അയാൾ പറയുന്നത് എന്നത് വ്യക്തമായിരുന്നു. പെട്ടി പൊതിച്ചിൽയന്ത്രത്തിലിട്ടു കറക്കുന്ന ചിത്രം ആ വാക്കിലുണ്ട്. മാത്രമല്ല, ഇത് അയാൾക്കു മുമ്പും ആരൊക്കെയോ പറഞ്ഞിരിക്കണം, കാരണം, അയാൾ പറഞ്ഞതും അപരൻ കേട്ടതും അത്രയും സ്വാഭാവികമായിട്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പൊതിഞ്ഞ പെട്ടിയുമായി വരിയിൽ തിരിച്ചെത്തുകയും ചെയ്തു.
അങ്ങനെ അജ്ഞാതരായ ആരൊക്കെയോ ചേർന്ന് മലയാളഭാഷയ്ക്ക് ഒരു വാക്ക് സമ്മാനിക്കുന്നു. അടുത്ത കാലത്തായി ഇത്തരം ഒരുപാടു വാക്കുകൾ സ്വാഭാവികമായി മുളച്ചുപൊങ്ങുന്നതായി നമുക്കെല്ലാവർവക്കുമറിയാം. ഇങ്ങനെ പിറവിയെടുക്കുന്ന വാക്കുകൾ അക്കാദമികലോകം ശ്രദ്ധിക്കുന്നുണ്ടോ? ഇത്തരം വാക്കുകളെല്ലാം സമാഹരിച്ച് അപ്പോഴപ്പോൾ നിഘണ്ടുക്കളിൽ ഉൾപ്പെടുത്തി സംരക്ഷിക്കേണ്ടതാണ്. അതിനുള്ള ഉത്സാഹവും ആർജ്ജവവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കാഴ്ചവെച്ചാൽ അതു നമ്മുടെ മാതൃഭാഷയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കും.

No comments: