'പഠിക്കാന്‍ സമ്മതിച്ചാല്‍ പഠിപ്പുമുടക്കെന്തിന്?' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ. വി ശിവദാസിന്റെ ചിന്താര്‍ഹമായ ലേഖനം . വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയത്തിന്റേയും പഠിപ്പുമുടക്കിന്റേയും പ്രസക്തിയെക്കുറിച്ച് സ്വതന്ത്രവും സന്തുലിതവുമായ അഭിപ്രായരൂപീകരണത്തിനു സഹായകമാവുന്ന ഒരു ലേഖനം .
വിദ്യാഭ്യാസരംഗമാകെ കൊള്ളലാഭത്തിലധിഷ്ഠിതമായ വാണിജ്യവല്ക്കരണത്തിന്റെ കരാളഹസ്തത്തിന്റെ പിടിയില്ക്കിടന്ന് പിടയുമ്പോള്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ട്. അതേ സമയം വിദ്യാര്‍ത്ഥിസമൂഹത്തിന്റെ വമ്പിച്ച യുവശക്തി ജാതിമതകക്ഷിരാഷ്ട്രീയ ദിശകളില്‍ വേര്‍പിരിഞ്ഞ് ഛിന്നഭിന്നമാവുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് അത് വഴിമാറി യുക്തിരഹിതമായ ഹിംസയുടേയും നശീകരണത്തിന്റേയും പാതയില്‍ എത്തിപ്പെടുന്നു. പരസ്പര ആക്രമണവും പൊതുമുതല്‍ (സ്വകാര്യ മുതലും ) നശിപ്പിക്കലും ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.
അതേസമയം രാഷ്ട്രീയരാഹിത്യം ലഹരി, ലൈംഗികത, വര്‍ഗ്ഗീയത തുടങ്ങിയ അനാശാസ്യ പ്രവണതകളിലേക്ക് യുവാക്കളുടെ കര്‍മ്മശേഷി തിരിച്ചുവിടുമെന്നത് തര്‍ക്കമറ്റ വിഷയമാണ്. അത് സാമൂഹികചിന്തകളില്‍ നിന്നും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, ഭാവിപൌരന്‍ എന്ന നിലയ്ക്ക് രാഷ്ട്രനിര്‍മ്മാണത്തില്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ അവരെ അപ്രാപ്തരാക്കുന്നു.