ഒരു പാദത്തിന് ഇത്ര വർണം (അക്ഷരം) എന്നു നിയമമുള്ള വൃത്തം വർണവൃത്തം. ഇത്ര മാത്ര എന്നു നിയമമുള്ളത് മാത്രാവൃത്തം. മാത്ര എന്നാലെന്തെന്നു ഉടനെ പറയുന്നു.
ഒരു ലഘുവിനെ ഉച്ചരിക്കാനുള്ള കാലം ഒരു മാത്ര; ഒരു ഗുരുവിനെ ഉച്ചരിക്കാനുള്ള കാലം രണ്ടു മാത്ര എന്നു കാലം കൊണ്ടുള്ള ശ്വാസമാനമാണ് മാത്ര എന്നു പറയുന്നത്. ഇനി രണ്ടുവക വൃത്തങ്ങളിലും ലക്ഷണം ചെയ്യുന്നതിൽ സൗകര്യത്തിനുവേണ്ടി 'ഗണം' എന്നൊന്നിനെ കൽപിക്കുന്നതിന്റെ സ്വരൂപം കാണിക്കുന്നു. അതിൽ ആദ്യം വർണവൃത്തങ്ങളിലെ ഗണത്തെ എടുക്കുന്നു.
മൂന്നക്ഷരം ചേർന്നതിനു ഗണമെന്നിഹ സംജ്ഞയാം
വർണവൃത്തങ്ങളിൽ മൂന്നക്ഷരം കൂടിയതിന് ഒരു ഗണമെന്നു പേർ.
ഗണം ഗുരുലഘുസ്ഥാനഭേദത്താലെട്ടുമാതിരി
മൂന്നക്ഷരം ഒരു ഗണം; അക്ഷരം ഗുരുവെന്നും ലഘുവെന്നും രണ്ടു വക; അപ്പോൾ രണ്ടുവക എണ്ണങ്ങളെ മുമ്മൂന്നായി അടുക്കിയാൽ എട്ടു മുക്കൂട്ടുകൾ ഉണ്ടാകും. എങ്ങിനെയെന്നാൽ,
. - - - സർവ്വഗുരു മഗണം
. ( - - ആദിലഘു യഗണം
. - ( - മദ്ധ്യലഘു രഗണം
. ( ( - അന്ത്യഗുരു സഗണം
. - - ( അന്ത്യലഘു തഗണം
. ( - ( മദ്ധ്യഗുരു ജഗണം
. - ( ( ആദിഗുരു ഭഗണം
. ( ( ( സർവ്വലഘു നഗണം
ഈ ഗണങ്ങളെ വ്യവഹാര സൗകര്യത്തിനുവേണ്ടി മ, യ, ര, സ, ത, ജ, ഭ, ന, എന്ന അക്ഷരങ്ങളെക്കൊണ്ടു മുറയ്ക്ക് പേർ ചെയ്‌തിരിക്കുന്നു. ഗണങ്ങൾക്കു പേരും സംക്ഷേപമായി ലക്ഷണവും ചൊല്ലുന്നു.
ആദിമദ്ധ്യാന്തവർണങ്ങൾ ലഘുക്കൾ യരതങ്ങളിൽ
ഗുരുക്കൾ ഭജസങ്ങൾക്കു മനങ്ങൾ ഗലമാത്രമാം
യഗണ - രഗണ- തഗണങ്ങൾക്കു മുറയ്ക്കു ആദിമദ്ധ്യാന്തവർണങ്ങൾ ലഘു; ശേഷം രണ്ടും ഗുരു; ഭഗണ - ജഗണ - സഗണങ്ങൾക്കു മുറയ്ക്ക് ആദിമദ്ധ്യാന്തവർണങ്ങൾ ഗുരു; ശേഷം രണ്ടും ലഘു; മഗണം സർവഗുരു; നഗണം സർവലഘു. ഇവയ്ക്കു ഉദാഹരണം, മുമ്മൂന്നക്ഷരമുള്ള പദങ്ങളെ ചേർത്തു ആദ്യക്ഷരത്തിൽ ഗണനാമവും വരുത്തി, ഒരു രാജാവിനു ആശീഃപ്രാർത്ഥനാരൂപമായ ആര്യാവൃത്തംകൊണ്ടു കാണിക്കുന്നു.
നൃപതി-ജയിക്ക-യശസ്വീ
ഭാസുര-താരുണ്യ-രാഗവാൻ-സതതം
മാലെന്ന്യേ എന്നു മുറ-
യ്ക്കെട്ടു ഗണത്തിന്നു മാത്ര ദൃഷ്ടാന്തം.
( ( (
നൃ പ തി സർവലഘു നഗണം
( - (
ജ യി ക്ക മദ്ധ്യഗുരു ജഗണം
( - -
യ ശ സ്വീ ആദിലഘു യഗണം
- ( (
ഭാ സു ര ആദിഗുരു ഭഗണം
- - (
താ രു ണ്യ അന്ത്യലഘു തഗണം
- ( -
രാ ഗ വാൻ മദ്ധ്യലഘു രഗണം
( ( -
സ ത തം അന്ത്യഗുരു സഗണം
- - -
മാ ലെ ന്ന്യേ സർവഗുരു മഗണം
ഇനി മാത്രാവൃത്തങ്ങൾക്കുള്ള ഗണങ്ങളെ ചൊല്ലുന്നു.
നാലുമാത്രയ്ക്കൊരു ഗണം മാത്രാവൃത്തങ്ങളിൽ പുനഃ
സർവാദിമദ്ധ്യാന്തഗുരു ചതുർലഘുവുമഞ്ചിതു.
മാത്രാവൃത്തങ്ങളിൽ നാലു മാത്ര കൂടിയത് ഒരു ഗണം എന്നാകുന്നു നിയമം. അത് അഞ്ചുവിധത്തിൽ സംഭവിക്കും. എങ്ങനെ എന്നാൽ
1. - - സർവഗുരു കാലം എന്നപോലെ
2. - ( ( ആദിഗുരു കാലടി എന്നപോലെ
3. ( - ( മദ്ധ്യഗുരു മഹർഷി എന്നപോലെ
4. ( ( - അന്ത്യഗുരു കമലം എന്നപോലെ
5. ( ( ( ( സർവലഘു കമലിനി എന്നപോലെ
ഇവയ്ക്കു വർണവൃത്തങ്ങളിലെ ഗണങ്ങൾക്കുള്ളതുപോലെ പേരുകൾ ഒന്നും ഇട്ടിട്ടില്ല. സർവഗുരു, ആദിഗുരു, മുതലായ പേരുകളെത്തന്നെ ഉപയോഗിച്ചുവരുന്നു. എന്നാൽ മൂന്നക്ഷരമുള്ള രണ്ടും, മൂന്നും, നാലും ഗണങ്ങൾക്കു മുറയ്ക്കു വർണവൃത്തങ്ങളിലുള്ള ഭഗണം, ജഗണം, സഗണം എന്ന പേരുകളെത്തന്നെ ഉപയോഗിക്കാൻ വിരോധമില്ല; ശേഷം രണ്ടുകൾക്കും ലഘുമയം, ഗുരുമയം എന്നും പേർ കൽപിക്കാം.
(വൃത്തമഞ്ജരിയിൽ നിന്ന് ) വിക്കിപീഡിയ കാണുക:
https://ml.wikisource.org/wiki/%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B0%E0%B4%BF/%E0%B4%B8%E0%B4%AE%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82