ചില ഭൗമദിന ദുശ്ച്ചിന്തകള്‍
ഏപ്രില്‍ 22. മറ്റൊരു ഭൗമദിനം. 1970ല്‍ അമേരിക്കന്‍ സെനറ്റര്‍ ഗെലോഡ് നെല്‍സന്‍ തുടങ്ങിവെച്ച, പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ ദിനം മറ്റനേകം ദിനങ്ങള്‍ പോലെ, അല്പം പ്രചരണ കോലാഹലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, എന്തെങ്കിലും കാതലായ മാറ്റം സൃഷ്ടിച്ചിട്ടുണ്ടോ?
നമുക്ക് ഈ ഭൂമി മാത്രമേയുള്ളു. അമ്പിളിമാമനും ഗ്രഹങ്ങളും നക്ഷത്രങ്ങളും താണ്ടി ഒടുവില്‍ നമുക്ക് നമ്മുടെ പാവം ഭൂമിയില്‍ത്തന്നെ തിരിച്ചെത്തണം. എത്ര തന്നെ ഉയരത്തിലേക്ക് കുതിച്ചുയര്‍ന്നാലും തിരിച്ചെത്തുന്നത് ഭൂമിയില്ലെങ്കില്‍ പിന്നെ നാശത്തില്‍ മാത്രമാണ്.
ഈ ഭൂമി നമുക്കുവേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്നുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തില്‍, ജീവനു വേണ്ട എല്ലാ ഘടകങ്ങളും ചേരുംപടി ചേര്‍ത്ത് ഒരുക്കിവെച്ചിരിക്കുന്ന ഈ മഹാപ്രതിഭാസം ഇനി എത്ര കാലം നിലനില്‍ക്കും?
നമ്മുടെ ഭൂമി ഏകദേശം 6x 10^ 21ടണ്‍ പിണ്ഡവും 51കോടി എഴുപത്തിരണ്ടായിരം ചതുരശ്രകിമി വിസ്തീര്‍ണ്ണവുമുള്ള ഒരു കൊച്ചു ഗോളമാണ്. അതിനെ ഏകദേശം 18കിലോമീറ്റര്‍ ഉയരത്തില്‍ വായുമണ്ഡലം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഭൗമാന്തരീക്ഷത്തിന്‍ പുറത്തുനിന്നും വരുന്ന അള്‍ട്രാവൈലറ്റ് പോലുള്ള ക്ഷുദ്രരശ്മികളെ തടയാന്‍ ഓസോണ്‍ പാളികൊണ്ടുള്ള അദൃശ്യ കോട്ടമതില്‍ തീര്‍ത്തിരിക്കുന്നു. ഇതെല്ലാം സൂര്യനില്‍ നിന്ന് കൃത്യമായ അളവില്‍ മാത്രം ഊര്‍ജ്ജം സ്വീകരിക്കത്തക്കവിധം നിശ്ചിതമായ ദൂരത്തില്‍ വിന്യസിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ വേണ്ടത്ര അളവില്‍ കടലും കാടും പര്‍വ്വതങ്ങളും വിന്യസിപ്പിച്ച് കാലാവസ്ഥ ആവാസയോഗ്യമാക്കിയിരിക്കുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണങ്ങള്‍ മുതല്‍ ഏകകോശജീവികളുടെ ജീവിതചക്രം വരെ എണ്ണിയാലൊടുങ്ങാത്ത സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ ചാക്രികവ്യവസ്ഥകളിലൂടെ ശതകോടിക്കണക്കിന് മനുഷ്യരും എണ്ണം കണക്കാക്കപ്പെടാത്തത്ര സസ്യജന്തുജാലങ്ങളും എല്ലാം ഇവിടെ ഏതാനും നൂറ്റാണ്ടുകള്‍ വരെ, കാലത്തിന്റെ ഗതിവിഗതികള്‍ക്കു വിധേയമായി, പരസ്പരപൂരകങ്ങളായി, സ്വന്തം ധര്‍മ്മം നിറവേറ്റിക്കൊണ്ട് അതിവസിക്കുന്ന അത്ഭുതകരമായ ഒരു വ്യവസ്ഥാവിശേഷം സഹസ്രാബ്ദങ്ങളിലൂടെ വളര്‍ന്ന് വികാസം പ്രാപിച്ചുകൊണ്ട് നിലനിന്നു പോന്നു.
എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാവസായിക വിപ്ളവം പ്രകൃതിയുടെ വിചിത്രമായ ഒരു വഴിമാറിച്ചവിട്ടലായിരുന്നു. മുമ്പെങ്ങുമുണ്ടാവാത്തവിധം സ്വന്തം സംതുലിതാവസ്ഥയ്ക്ക് ഇത്രയും വലിയ ഒരു പ്രഹരം പ്രകൃതി എങ്ങനെ അനുവദിച്ചു എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം, ഒരു പക്ഷേ, പ്രകൃതിനിയമമായ സൃഷ്ടി, സ്ഥിതി, സംഹാരത്തിലെ സംഹാരഘട്ടത്തിന്റെ തുടക്കം എന്നു മാത്രമായിരിക്കും. വ്യാവസായികവിപ്ളവത്തോടുകൂടി മനുഷ്യന്‍ മാത്രം വികാസപരിണാമങ്ങളുടെ അനുപാതങ്ങള്‍ പാടെ തകര്‍ത്തുകൊണ്ട് ബഹുദൂരം മുന്നോട്ടുപോയി. ഭൂപ്രകൃതിയുടെ സമസ്ത മേലകളും ഈ കുതിപ്പിനു മുന്നില്‍ നിസ്സഹായരായി നിന്നു. അധികം താമസിയാതെ മനുഷ്യപ്രഭാവം ഭൗമാന്തരീക്ഷം ഭേദിച്ച് ശൂന്യാകാശത്തേയ്ക്കും ചന്ദ്രനിലേക്കുമെല്ലാം വ്യാപിക്കാന്‍ തുടങ്ങി. അതോടൊപ്പം ലോകം മുഴുവന്‍ ഒറ്റയടിക്ക് തകര്‍ക്കാനുള്ള ആയുധശക്തിയും മനുഷ്യന് സ്വായത്തമായി. ഈ പ്രപഞ്ചം മുഴുവന്‍ മനുഷ്യനു വേണ്ടി എന്ന പ്രാചീന ധാരണ കൂടുതല്‍, കൂടുതല്‍ പ്രബലമാവാന്‍ തുടങ്ങി.
പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം തകര്‍ച്ചയുടെ ആരംഭമായിരുന്നു അത്. മനുഷ്യന്റെ പ്രവര്‍ത്തനമേഖലകളെല്ലാം യന്ത്രങ്ങളേറ്റെടുത്തു. അവയ്ക്കു വേണ്ടി വ്യവസായശാലകള്‍ അണിനിരന്നു. ആവശ്യത്തിനും അല്ലാതെയുമുള്ള വന്‍തോതിലുള്ള ഉത്പാദനവും പ്രകൃതിയുടെ സ്വാഭാവിക ഉത്പാദനവേഗതയുടെ എത്രയോ മടങ്ങ് വേഗത്തിലുള്ള ഉപഭോഗവും ഭൂമിയുടെ വിഭവസ്രോതസ്സുകളെല്ലാം നിഷ്‌കരുണം കൊള്ളയടിച്ചു. അതോടൊപ്പം തന്നെ മനുഷ്യന്‍ ഒരു അസുരവിത്തുപോലെ പെരുകാനും തുടങ്ങി. ഇപ്പോള്‍ അറനൂറുകോടി കവിഞ്ഞ ലോകജനസംഖ്യ 2050ആകുമ്പോഴേക്ക് എഴുനൂറുകോടിയാവുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അതായത്, കൂടുതല്‍ വിശപ്പ്, കൂടുതല്‍ ആവശ്യങ്ങള്‍, കൂടുതല്‍ പ്രകൃതിചൂഷണം, കൂടുതല്‍ മലിനീകരണം, കൂടുതല്‍ പരിസ്ഥിതിത്തകര്‍ച്ച. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കുള്ള ഈ പുരോഗമനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഭൗമാന്തരീക്ഷത്തിന്റെ രക്ഷാകവചമായ ഓസോണ്‍ പാളിയില്‍ അവിടവിടെ ദ്വാരങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് ദശാബ്ദങ്ങള്‍ക്കു മുമ്പാണ്. അതിനു കാരണം നമ്മുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യുന്ന ക്‌ളോറോഫ്‌ളൂറോകാര്‍ബണ്‍ തുടങ്ങിയ രാസവസ്തുക്കളാണെന്ന വസ്തുത സംശയലേശമെന്യേ തെളിയിക്കപ്പെട്ട വസ്തുതയാണ്. ഓസോണ്‍ പാളിയുടെ ശോഷണം ഉത്തരധ്രുവത്തില്‍ താപനില ഉയര്‍ത്തുന്നതിനും മഞ്ഞുരുകലിനും കാരണമാവുന്നു. ഇത് ഭൂമിയുടെ ഉപരിതലത്തിലെ ഊഷ്മാവിന്റേയും കരജലസംതുലിതാവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, ബാഹ്യാന്തരീക്ഷത്തില്‍ നിന്നും വരുന്ന അള്‍ട്രാവൈലറ്റ് പോലുള്ള ക്ഷുദ്രരശ്മികള്‍ കാന്‍സര്‍ പോലുള്ള പല അസുഖങ്ങള്‍ക്കും കാരണമാവുന്നു.
വര്‍ദ്ധിച്ച തോതില്‍ നാം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് മുതലായ ഹരിതഗൃഹവാതകങ്ങള്‍ സൃഷ്ടിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളും പ്രവചനാതീതമാണ്. അതേസമയം ഇതിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാവുന്ന വന്‍കാടുകള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബ്രസീലില്‍ ഉള്‍പ്പെട്ട ആമസോണ്‍ കാടില്‍ മാത്രം 2000ത്തിനും 2006നുമിടയ്ക്ക് 150000 ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നറിയുമ്പോള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് ഊഹിക്കാവുന്നതാണ്.
വ്യാവസായികവിപ്ളവത്തിന്റെ ഉപോല്‍പ്പന്നമായ വ്യവസായശാലകളും അതിനെ ചുറ്റിപ്പറ്റി വളരുന്ന വന്‍ നഗരങ്ങളും ഉയര്‍ത്തുന്ന മലിനീകരണഭീഷണികള്‍ നിരവധിയാണ്. ഒരിക്കലും നശിക്കാത്ത പ്ളാസ്റ്റിക്, അന്തരീക്ഷമലിനീകരണം, പ്രത്യാഘാതങ്ങള്‍ തലമുറകളിലേക്ക് പടരുന്ന ന്യൂക്‌ളിയര്‍ മാലിന്യങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. അമിതമായ വെള്ളത്തിന്റെ ഉപയോഗം ഭൂമിയുടെ ഉപരിതലം വിട്ട് ഭൂഗര്‍ഭജലചൂഷണത്തിലെത്തിച്ചിരിക്കുന്നു. അല്പം ശുദ്ധവായു ശ്വസിക്കാന്‍ ഓക്‌സിജന്‍ പാര്‍ലറുകളെ ആശ്രയിക്കേണ്ട ഭീതിദമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇതെല്ലാം ദശാബ്ദങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇതിന്റെ പേരില്‍ വന്‍ശക്തികള്‍ പലതവണ സമ്മേളിക്കുകയും പ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്തുവെങ്കിലും 'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം' എന്ന കവിവാക്യം അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അനന്തരഫലങ്ങള്‍. ആഗോള ഊര്‍ജ്ജ ഉപഭോഗത്തിന്റെ 80 ശതമാനവും ധൂര്‍ത്തടിക്കുന്ന അമേരിക്ക സ്വന്തം സുഖലോലുപതയ്ക്ക് അല്പം പോലും കുറവ് വരുത്താനാവില്ല എന്ന പേരില്‍ 1997ലെ ക്യോട്ടോ ഉടമ്പടിയില്‍ നിന്ന് വിട്ടു നിന്നു. ഉത്തര ധ്രുവത്തിലെ ഹിമപ്പരപ്പ് ഉരുകി നഗ്നമാക്കപ്പെട്ട ധ്രുവപ്രദേശങ്ങളില്‍ കൊടി നാട്ടി അവകാശമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് റഷ്യയടക്കമുള്ള തൊട്ടുകിടക്കുന്ന രാജ്യങ്ങള്‍. ഉടമ്പടികള്‍ക്കു ശേഷവും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 1992-2007 കാലഘട്ടത്തില്‍ ലോകത്തിലാകെ 38 ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാലം മുന്നോട്ട് പോകും തോറും പുതിയ, പുതിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന്ന് ആധാരമായ ജൈവപ്രക്രിയകള്‍ മുഴുവന്‍ നടക്കുന്നത് ഏകദേശം 17 സെന്റീമീറ്റര്‍ മാത്രം ആഴമുള്ള മേല്‍മണ്ണിലാണ്. കൃഷി മൂലമുള്ള മണ്ണൊലിപ്പ് മൂലം എല്ലാ കൊല്ലവും ഈ മേല്‍മണ്ണിന്റെ ഒരു ശതമാനത്തോളം നഷ്ടപ്പെടുന്നുവെന്നാണ് ഏകദേശ കണക്ക്. അതേസമയം ഒരു ഇഞ്ച് കനത്തില്‍ മേല്‍മണ്ണ് സ്വാഭാവികമായി രൂപം പ്രാപിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങളെടുക്കും. അതിനേക്കാള്‍ ഭീതിദമാണ് നഗരവല്‍ക്കരണം മൂലം വിവിധരൂപത്തില്‍ മൂടപ്പെട്ട് ഉപയോഗശൂന്യമാവുന്ന മണ്ണിന്റെ അവസ്ഥ. കൊല്ലം തോറും ഒരു ലക്ഷത്തിമുപ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള മേല്‍മണ്ണ് കെട്ടിടം, റോഡ്, നനം എന്നിങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് യു എന്‍ ഭക്ഷ്യകൃഷി സമിതിയുടെ 2002ലെ കണക്ക്.
കുറച്ചുകൂടി 'ആഴ'ത്തില്‍ ചിന്തിച്ചാല്‍, നാം നിത്യേന ആസ്വദിക്കുന്ന ഉപഭോഗവസ്തുക്കളെല്ലാം വരുന്നത് ഈ ഭൂമിക്കടിയില്‍ നിന്നാണ്. മുമ്പ് പറഞ്ഞ പരിമിതമായ വലിപ്പമുള്ള ഭൂമിക്കടിയില്‍ നിന്ന് നാം ഖനനം ചെയ്യുന്നത് ദിനംപ്രതി ദശലക്ഷക്കണക്കിന് ടണ്‍ ആണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മാത്രം ആരംഭിച്ച ക്രൂഡോയിലിന്റെ മാത്രം ലോകമാകെയുള്ള ഉത്പാദനം ദിവസംപ്രതി 85ദശലക്ഷം ബാരലാണ്. ഇതുപോലെ നൂറ്റാണ്ടുകളായി ഖനനം ചെയ്തുകൊണ്ടിരിക്കുന്ന കല്‍ക്കരി, ഇരുമ്പ്, മറ്റു ലോഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ ഇതെത്ര കാലം ഇങ്ങനെ തുടരാന്‍ സാധിക്കും എന്ന് നാം അമ്പരന്നു പോകും. ഭൗമാന്തരീക്ഷ പരിസ്ഥിതിയെപ്പറ്റി വലിയ കോലാഹലങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭൂഗര്‍ഭപരിസ്ഥിതിയെപ്പറ്റി കാര്യമായി ഒന്നും തന്നെ പറഞ്ഞുകേള്‍ക്കാനില്ല. ഭൂമി അതിവേഗം ഒരു ചിതല്‍പ്പുറ്റായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
സര്‍വ്വംസഹയായ ഭൂമി, അഥവാ, ഭൂമി എല്ലാം സഹിച്ചുകൊള്ളുമെന്നത് ഒരു മിഥ്യാസങ്കല്‍പ്പമാണ്. എല്ലാ വിധ വിദ്ധ്വംസകപ്രവൃത്തികളോടും പ്രകൃതി അതിന്റേതായ രീതിയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. അത് അല്പമെങ്കിലും മനസ്സിലാക്കുന്ന ശാസ്ത്രസമൂഹത്തിന്റെ മുന്നറിയിപ്പുകള്‍ വനരോദനമായി അവശേഷിക്കുന്നു. താത്ക്കാലിക നേട്ടം മാത്രം മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്ന രാഷ്ട്രീയനേതൃത്വവും വ്യവസായ വാണിജ്യ സമൂഹവും ലോകം ഭരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ വിവേകം നിഷ്ഫലമാം വിധം വൈകി ഉദിക്കുന്നുവെങ്കില്‍ അതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടാനില്ല. പക്ഷെ, ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ഒരു പരിസ്ഥിതി ദുരന്തം ഏറ്റവുമധികം ബാധിക്കുക, ഭൂമിയിലെ വാസം ഏറ്റവുമധികം ആസ്വദിക്കുന്ന മാനവരാശിയെയായിരിക്കും; അതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് വിശേഷബുദ്ധിയും യുക്തിബോധവുമുള്ള മനുഷ്യനു മാത്രമാണ്. അതുകൊണ്ടുതന്നെ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മനുഷ്യനില്‍ നിക്ഷിപ്തമായിരിക്കും
18/4/2009 പരമേശ്വരന്‍