Search This Blog

Monday, September 13, 2010

വേറിട്ടുപോയ സംഗതികള്‍


കാര്യമായ ഒച്ചപ്പാടൊന്നുമില്ലാതെ കടന്നുപോയ ഇക്കൊല്ലത്തെ 'മാന്-ബുക്കര്‍ പ്രൈസ്‌', വൈകിവന്ന വിവേകം പോലെ, 1958ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച, പ്രശസ്‌ത നൈജീരിയന്‍ നോവലിസ്റ്റായ ചിനുവ അചെബെ(Chinua Achebe)യുടെ ആദ്യനോവലായ 'തിങ്ങ്സ്‌ ഫാള്‍ അപ്പാര്ട്‌'(Things Fall Apart) എന്ന കൃതിക്ക്‌ ലഭിച്ചു.
കാലത്തിന്റെ കുത്തൊഴുക്കില്‍ , വെള്ളക്കാരന്റെ കുതിക്കുന്ന കാലടികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന്‌, ഒരു പ്രാചീന ഗോത്രസമൂഹത്തിന്‌ സ്വന്തമെന്നു പറയാവുന്ന എല്ലാം ഒന്നൊന്നായി കൈവിട്ടുപോകുന്ന ഹൃദയസ്പൃക്കായ കഥ പറയുന്നു ഈ നോവല്‍ .മതത്തെ കരുവാക്കി അതിന്റെ നിഴലില്‍ തന്ത്രപരമായി മുന്നേറി പ്രാദേശിക ജനസമൂഹങ്ങളെ അസ്‌തപ്രജ്ഞരാക്കി അധികാരവും രാജ്യവും കയ്യടക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വ ശക്തിക്കെതിരായി സ്വന്തം സ്വത്വവും ശബ്ദവും നഷടപ്പെട്ട, നിസ്സഹായരായ ജനസമൂഹം നടത്തുന്ന, പരാജയം വിധിക്കപ്പെട്ട ചെറുത്തുനില്പിന്റെ കഥകൂടിയാണ്‌ ഇത്‌.
ചരിത്രത്തിന്റെ സവിശേഷമായ ഒരു ദശാസന്ധിയില്‍ നിലയുറപ്പിച്ചുകൊണ്ട്‌, സമൂഹത്തിന്റെ പ്രതിനിധിയായ നായകന്റെ വ്യക്തിദുരന്തങ്ങളിലൂടെ വെള്ളക്കാരന്റെ കടന്നുകയറ്റവും അതിന്‌ അവരെ അനുവദിച്ച ഗോത്രത്തിന്റെ ദൌര്‍ബ്ബല്യങ്ങളും കാലത്തിന്റെ പ്രതികൂലാവസ്ഥയും സമൂഹത്തിനേല്‍പ്പിക്കുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും നോവലിസ്റ്റ്‌ അനുഭാവപൂര്‍വ്വം വരച്ചുകാട്ടുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്, വിവിധരൂപത്തില്‍ അരങ്ങേറിയ യൂറോപ്പ്യന്‍ സാമ്രാജ്യത്വ അധിനിവേശത്തിനടിപ്പെട്ട്‌ ജീവിക്കാന്‍ വിധിക്കപ്പെട്ട എല്ലാ സമൂഹങ്ങളുടേയും കഥയാണ്‌ ഇത്‌.

ഒകോങ്ക്വൊ മഹാമല്ലനും യുദ്ധവീരനുമാണ്‌. വളരെ ചെറുപ്പത്തില്‍ത്തന്നെ അയാള്‍ 'പൂച്ച' എന്ന ഓമനപ്പേരിലറിയുന്ന അജയ്യനായ അമലിന്‍സെയെ മലര്‍ത്തിയടിച്ചു. അങ്ങനെ അയാളുടെ ഖ്യാതി ഉമ്വോഫിയയിലെ ഒമ്പതു ഗ്രാമങ്ങള്‍ക്കുമപ്പുറം വ്യാപിച്ചു.
എല്ലാം സ്വന്തം കഠിനാദ്ധ്വാനം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഒകോങ്ക്വൊ നേടിയെടുത്തത്‌. പിതൃസ്വത്തായി അയാള്ക്ക്‌ ഒന്നും ലഭിച്ചില്ല. അയാളുടെ അച്ഛന്‍ ഉനോക മദ്യത്തിലും ഓടക്കുഴല്‍ വായനയിലും മുഴുകി അലസമായി ജീവിതം കഴിച്ചുകൂട്ടി. എല്ലാവരില്‍ നിന്നും അയാള്‍ ഇഷ്ടം പോലെ കടം വാരിക്കൂട്ടി. സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ ഒന്നും അയാള്ക്ക്‌ ലഭിച്ചില്ല. ഇത്‌ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അപമാനകരമാണ്‌. ദേഹത്ത്‌ നീര് വന്ന മരിച്ച അദ്ദേഹത്തിന്‌ മാന്യമായ ശവമടക്കല്‍ പോലും ലഭിച്ചില്ല. കുടുംബസ്വത്തായി ഒകോങ്ക്വൊയ്ക്ക്‌ ലഭിച്ചത്‌ അച്ഛന്റെ കടങ്ങള്‍ മാത്രമായിരുന്നു.
ഇതൊന്നും പക്ഷെ ഒകോങ്ക്വൊയെ തളര്‍ത്തിയില്ല. നാട്ടിലെ ഒരു സമ്പന്നന്റെ കീഴില്‍ കൃഷിപ്പണി ചെയ്‌ത്‌ അതുകൊണ്ടുള്ള വരുമാനം കൊണ്ട്‌ അയാള്‍ കൃഷിസ്ഥലവും കിഴങ്ങുവിത്തുകളുമെല്ലാം സമ്പാദിച്ചു. ക്രമേണ കടങ്ങളെല്ലാം വീട്ടുകയും പുരയിടങ്ങളും കളങ്ങളും സ്വന്തമാക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഗോത്രത്തിലെ മൂന്ന്‌ ഉന്നതപദവികളും കരസ്ഥമാക്കി. തന്റെ സമ്പത്ത്‌ വിളിച്ചോതുന്ന തരത്തില്‍ അയാള്‍ മൂന്ന്‌ വിവാഹം കഴിക്കുകയും മൂന്നുപേര്‍ക്കും നാട്ടുനടപ്പ്‌ പ്രകാരം പ്രത്യേകം കുടിലുകള്‍ പണിയുകയും ചെയ്‌തു. അങ്ങനെ അയാള്‍ നാട്ടിലെ ഏറ്റവും സമ്പന്നരായ പ്രമാണികളിലൊരാളായി മാറി. സമൂഹം ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുകയും എല്ലാ പ്രശ്നങ്ങളിലും അവസാനതീര്‍പ്പു കല്പിക്കുകയും ചെയ്യുന്ന, പാതാളത്തില്‍ നിന്നും വരുന്ന പിതൃക്കളുടെ പ്രതിരൂപങ്ങളായ പൊയ്മുഖം വെച്ച എഗ്വുഗ്വുക്കളുടെ നിരയിലും അയാളുണ്ട്‌.
അയല്‍ഗോത്രമായ മ്ബൈനൊയുമായുള്ള സംഘര്‍ഷം ഒരു കന്യകയേയും ആണ്‍കുട്ടിയേയും പിഴയായി ഉമ്വോഫിയയ്ക്ക്‌ നല്‍കിക്കൊണ്ട്‌ ഒത്തുതീര്‍പ്പായപ്പോള്‍ ഉമ്വോഫിയയുടെ പ്രതിനിധിയായി അവിടെച്ചെന്ന്‌ അവരെ ഏറ്റുവാങ്ങിയതും ഒകോങ്ക്വൊ ആയിരുന്നു. ഇകെമെഫുന എന്നു പേരായ ആണ്‍കുട്ടിയുടെ സംരക്ഷണ ചുമതല ഗോത്രം തത്ക്കാലം ഒകോങ്ക്വൊയെ ഏല്‍പ്പിക്കുകയാണുണ്ടായത്‌. അവന്‍ അയാളുടെ കുടുംബത്തിലെ ഒരംഗം പോലെ വളര്‍ന്നു. അയാളുടെ ആദ്യഭാര്യയിലെ മകനായ ന്വോയെയുടെ ഉറ്റചങ്ങാതിയായി മാറി അവന്.
പൌരുഷത്തിന്റെ പ്രതിരൂപമായി അയാള്‍ സ്വയം വീക്ഷിച്ചു. എല്ലാവിധ ദൌര്‍ബ്ബല്യങ്ങളേയും അയാള്‍ വെറുത്തു. അതിന്‌ ഏറ്റവും വലിയ ദൃഷ്ടാന്തം അയാളുടെ അച്ഛന്‍ തന്നെയായിരുന്നു. താന്‍ അച്ഛനെപ്പോലെയാവുമോ എന്ന ഭയം അയാളെ നിരന്തരം വേട്ടയാടി. എല്ലാ സൌമ്യഭാവങ്ങളും അയാള്‍ അമര്‍ത്തിവെച്ചു. ഉരുക്കുമുഷ്ടിയോടെ കുടുംബഭരണം നടത്തുന്ന അയാളെ കുടുംബാംഗങ്ങള്‍ ഭയത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌.
പ്രവചനദൈവത്തിന്റെ കല്‍പ്പനയനുസരിച്ച്‌ പിഴയായി ലഭിച്ച ഇകെമെഫുനയെ കൊല്ലണമെന്ന്‌ ഗോത്രകാരണവന്മാര്‍ തീരുമാനിച്ചു. നല്ല കാര്യപ്രാപ്‌തിയും തന്റേടവും പ്രകടിപ്പിച്ച അവന്‍ ഒകോങ്ക്വൊയുടെ പ്രത്യേക പ്രീതി സമ്പാദിച്ചിരുന്നു. പുറമേക്ക്‌ പ്രകടിപ്പിച്ചില്ലെങ്കിലും ഒകോങ്ക്വൊയ്ക്ക്‌ സ്വന്തം മകനേക്കാള്‍ പ്രിയം അവനോടായിരുന്നു. ഒകോങ്ക്വൊയെ അവന്‍ 'അച്ഛാ എന്നാണ്‌ വിളിച്ചിരുന്നത്‌.
ഈ തീരുമാനമറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയവരിലൊരാളായ എസ്യുഡു, ഇകെമെഫുനയുടെ മരണത്തില്‍ ഒരു പങ്കും വഹിക്കരുതെന്ന്‌ ഒകോങ്ക്വൊയെ ഉപദേശിച്ചു. കാരണം അവന്‍ അയാളെ 'അച്ഛാ' എന്നാണല്ലോ വിളിക്കുന്നത്‌.
എന്നിട്ടും ആ ദൌത്യം നിര്‍വ്വഹിക്കാന്‍ മറ്റുള്ളവരോടൊപ്പം ഒകോങ്ക്വൊയും പോയി. മാറിനില്‍ക്കുന്നത്‌ ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു അയാളുടെ മതം. രാത്രി വനത്തില്‍ കൊണ്ടുപോയി, അവിടെ വെച്ചാണ്‌ കൃത്യം നിര്‍വ്വഹിക്കേണ്ടത്‌. തന്റെ പഴയ വീട്ടിലേക്ക്‌ കൊണ്ടുപോവുകയാണെന്നായിരുന്നു അവനെ ധരിപ്പിച്ചിരുന്നത്‌. ഒരു കള്ളിന്‍കുടം തലയിലേറ്റിയായിരുന്നു അവന്‍ നടന്നിരുന്നത്‌. ഇരുട്ടില്‍ വാളിന്റെ ശബ്ദവും കുടം തകര്‍ന്നുവീഴുന്നതും സംഘത്തിന്റെ പിന്നില്‍ നടന്നിരുന്ന ഒകോങ്ക്വൊ കേട്ടു. പെട്ടെന്ന്‌ ഇകെമെഫുന, 'അച്ഛാ, ഇവരെന്നെ കൊല്ലുന്നു' എന്നു നിലവിളിച്ചുകൊണ്ട്‌ ഒകോങ്ക്വൊയുടെ അടുത്തേക്ക്‌ ഓടിയണഞ്ഞു. ഒകോങ്ക്വൊ ഉടന്‍ തന്റെ വാള്‍ ഊരിയെടുത്ത്‌ അവനെ വെട്ടിക്കൊന്നു. ഒരു ഭീരുവാകാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. നോവലിലെ ഏറ്റവും ഹൃദയാവര്‍ജജകമായ രംഗമാണ്‌ ഇത്‌.
ഗൂഢമായാണ്‌ ഈ വധം ആസൂത്രണം ചെയ്‌തിരുന്നതെങ്കിലും അവന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന്‌ എല്ലാവരും ഊഹിച്ചു. ഒകോങ്ക്വൊയടക്കം അയാളുടെ കുടുംബത്തെയാകെ അത്‌ ദു:ഖത്തിലാഴ്ത്തി. രണ്ടു ദിവസം മുഴുവന്‍ ഒകോങ്ക്വൊ ഭക്ഷണമൊന്നും കഴിച്ചില്ല. മകന്‍ ന്വോയെ ഒരിക്കലും അയാള്ക്ക്‌ മാപ്പ്‌ കൊടുത്തില്ല.
ഗോത്രവ്യവസ്ഥിതിയുമായി അങ്ങേയറ്റം ഇഴുകിച്ചേര്‍ന്ന വ്യക്തിത്വമായിരുന്നു ഒകോങ്ക്വൊ. അതിന്റെ എല്ലാ ആചാരനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും സ്വപ്രയത്നം കൊണ്ട്‌ അതിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും, അങ്ങനെ, ഒന്നുമില്ലായ്മയില്‍ നിന്ന്‌ അയാള്‍ ഗോത്രത്തിലെ ഉന്നതശ്രേണിയിലേക്കുയരുകയും ചെയ്‌തു. അസാമാന്യമായ കായികശക്തികൊണ്ടും യുദ്ധവീര്യം കൊണ്ടും അയാള്‍ ഗോത്രത്തിന്റെ അഭിമാനമുയര്‍ത്തി. ഗോത്രത്തില്‍ ആകെയുള്ള നാലു പദവികളില്‍ മൂന്നും അയാള്‍ നിഷ്പ്രയാസം കരസ്ഥമാക്കി. അപൂര്‍വ്വത്തിലപൂര്‍വ്വമായ നാലാമത്തെ പദവിയും ലക്ഷ്യം വെച്ചുകൊണ്ട്‌ മുന്നേറുകയായിരുന്നു അയാള്‍ . അതുകൂടി സമ്പാദിച്ചാല്‍ അയാള്‍ പരമോന്നത ബഹുമതിയായ 'ഗോത്രത്തിന്റെ തമ്പുരാനാ'യി മാറും.
എന്നാല്‍ , കാലം കാത്തുനിന്നില്ല.
ഗോത്രത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാരിലൊരാളായ, ഇകെമെഫുനയുടെ മരണത്തില്‍ ഒരു പങ്കും വഹിക്കരുതെന്ന്‌ ഒകോങ്ക്വൊയെ ഉപദേശിച്ച, എസ്യുഡു മരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ശവസമ്സ്കാരച്ചടങ്ങ്‌ ഗംഭീരമായാണ്‌ സംഘടിപ്പിച്ചത്‌. ആഘോഷങ്ങള്‍ക്കിടയില്‍ ആചാരവെടികള്‍ മുഴങ്ങി. പെട്ടെന്ന്‌ ഒരു ആര്‍ത്തനാദമുയര്‍ന്നു. ഒകോങ്ക്വൊയുടെ തോക്ക്‌ പൊട്ടിത്തെറിച്ച്‌ അതിന്റെ ചീള്‍ ഹൃദയത്തില്‍ തുളച്ചുകയറി, അന്തരിച്ച എസ്യുഡുവിന്റെ 16വയസ്സുകാരനായ മകന്‍ മരിച്ചുവീണു. ആഘോഷങ്ങളെല്ലാം കെട്ടടങ്ങി. സ്വന്തം ഗോത്രത്തിലെ ഒരാളെ കൊല്ലുക എന്നത്‌ മാപ്പര്‍ഹിക്കാത്ത അപരാധമാണ്‌. അത്‌ ചെയ്‌ത ആള്‍ എന്നെന്നേയ്ക്കുമായി നാടുകടത്തപ്പെടും . എന്നാല്‍ , ഇത്‌ അബദ്ധത്തില്‍ പിണഞ്ഞ കുറ്റമായതിനാല്‍ ഏഴുകൊല്ലം കഴിഞ്ഞാല്‍ തിരിച്ചുവരാം.
അന്നേദിവസം തന്നെ ഒകോങ്ക്വൊയും കുടുംബവും കൂടെ കൊണ്ടുപോകാവുന്ന സാധനങ്ങളെല്ലാമായി മ്ബാന്റയിലെ തന്റെ അമ്മയുടെ വീട്ടിലേക്ക്‌ തിരിച്ചു. അയാള്‍ പോയി അധികം താമസിയാതെ തന്നെ നാട്ടുനടപ്പനുസരിച്ച്‌ അയാളുടെ അവശേഷിക്കുന്ന വസ്‌തുവകകളെല്ലാം നശിപ്പിക്കപ്പെട്ടു.
ഈ സംഭവം ഒകോങ്ക്വൊയ്ക്ക്‌ അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു. അമ്മയുടെ വീട്ടുകാര്‍ അയാളെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചുവെങ്കിലും ഓര്‍ക്കാപ്പുറത്തുകിട്ടിയ ഈ പ്രഹരം അയാള്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു. എങ്കിലും, സാവധാനം അയാള്‍ അതും മറികടന്നു. അമ്മാമനായ ഉചേന്ദുവിന്റേയും മറ്റു ബന്ധുക്കളുടേയും സഹായസഹകരണങ്ങളോടെ അയാള്‍ ഒരിക്കല്‍ കൂടി അതിജീവനത്തിന്റെ പാതയില്‍ മുന്നോട്ടുപോയി. അവര്‍ നല്‍കിയ കൃഷിസ്ഥലവും വിത്തുമെല്ലാം ഉപയോഗിച്ച്‌ കഠിനാദ്ധ്വാനത്തിലേക്ക്‌ മടങ്ങുകയും പുതിയ സാഹചര്യത്തില്‍ , നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള യത്നത്തില്‍ മുഴുകുകയും ചെയ്‌തു. അതില്‍ അയാള്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്‌തു.
എന്നാല്‍ കാലത്തിന്റെ കുതിപ്പ്‌ മറ്റൊരു ദിശയിലായിരുന്നു.
അയല്‍ഗ്രാമങ്ങളില്‍ പലതിലും കൃസ്‌ത്യന്‍ മിഷനറി പ്രവര്‍ത്തനം തകൃതിയായി നടന്നിരുന്നു. അവര്‍ മ്ബാന്റയിലുമെത്തി, പള്ളി പണിയാന്‍ അല്‍പ്പം സ്ഥലം ചോദിച്ചുകൊണ്ട്‌. നിരന്തരപരിശ്രമത്തിനു ശേഷമാണ്‌ അവര്‍ക്ക് ഗോത്രകാരണവന്മാരെ കാണാനും അവരുടെ ആവശ്യമുന്നയിക്കാനും കഴിഞ്ഞത്‌. കാരണവന്മാരുടെ സഭയില്‍ ആദ്യം ആര്‍ക്കും സമ്മതമായിരുന്നില്ലെങ്കിലും ഉചേന്ദുവിന്റെ രസകരമായ യുക്തി കേട്ടപ്പോള്‍ എല്ലാവരും സമ്മതിച്ചു. ദുര്‍ഭൂതങ്ങളുടെ ആവാസഭൂമിയാണ്‌ ദുര്‍വ്വനം . കുഷ്ഠം, വസൂരി മുതലായ നികൃഷ്ടമായ അസുങ്ങള്‍ ബാധിച്ചു മരിച്ചവരേയും, ശിക്ഷിക്കപ്പെട്ടു മരിച്ചവരേയും എല്ലാം ശേഷക്രിയകളൊന്നും ചെയ്യാതെ അവിടെ കൊണ്ടുപോയി തള്ളുകയാണ്‌ പതിവ്‌. ആഭിചാരക്രിയകളുടെ മരുന്നിന്റെ അവശിഷ്ടങ്ങള്‍ അവിടെയാണ്‌ നിക്ഷേപിക്കുന്നത്‌. ഗതികിട്ടാപ്രേതങ്ങളുടെ വിഹാരകേന്ദ്രമാണ്‌ ദുര്‍വ്വനം. അവിടെ ആര്‍ക്കും അധികനാള്‍ ജീവിക്കാനാവുകയില്ല. അതുകൊണ്ട്‌ മിഷനറിമാര്ക്ക്‌ പള്ളി പണിയാന്‍ അവിടെ സ്ഥലം കൊടുത്താല്‍ ഏതാനും ദിവസങ്ങള്‍ക്കകം എല്ലാവരും ചത്തൊടുങ്ങും. ഇതായിരുന്നു ഉചേന്ദുവിന്റെ ന്യായം. ഇത്‌ എല്ലാവരും സന്തോഷത്തോടെ അംഗീകരിച്ചു.
മിഷനറിമാര്‍ ഒട്ടും വൈകാതെ അതിഭീകരമെന്നു കരുതപ്പെട്ടിരുന്ന ദുര്‍വ്വനത്തില്‍ കാട്‌ വെട്ടിത്തെളിയിച്ച്‌ പള്ളി പണിയാന്‍ തുടങ്ങി. ദിവസങ്ങള്‍ പലതും കടന്നുപോയിട്ടും കൃസ്‌ത്യാനികള്‍ക്കും പള്ളിക്കും ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, അവരുടെ പ്രവര്‍ത്തനം തകൃതിയായി മുന്നോട്ട്‌ പോവുകയും ചെയ്‌തു.
ഇതൊരു തുടക്കം മാത്രമായിരുന്നു. താമസിയാതെ ഗോത്രവ്യവസ്ഥിതിയുടെ നെടുംതൂണുകളായ വിശ്വാസപ്രമാണങ്ങള്‍ ഓരോന്നായി തകര്‍ന്നുവീഴാന്‍ തുടങ്ങി. ഒരു ഗോത്രമെന്ന നിലയിലുള്ള സമൂഹത്തിന്റെ കെട്ടുറപ്പ്‌ നഷ്ടപ്പെട്ടു. സമൂഹത്തില്‍ അവശതയനുഭവിക്കുകയും ഭ്രഷ്‌ടരാക്കപ്പെടുകയും ചെയ്‌തവരെല്ലാം പുതിയ മതത്തിന്റെ സാദ്ധ്യത ഉപയോഗപ്പെടുത്തി മതം മാറ്റം നടത്തിക്കൊണ്ടിരുന്നു. കൃസ്‌ത്യന്‍ മതമാവട്ടെ, സന്തോഷപൂര്‍വ്വം അവരെ സ്വീകരിക്കുകയും അവര്ക്ക്‌ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാന്‍ സഹായകമായ ഉറച്ച പിന്തുണ നല്‍കുകയും ചെയ്‌തു. മാത്രമല്ല, പുതിയ മതം യാതൊരു വിവേചനവുമില്ലാതെ അവരോടൊപ്പം സഹവസിക്കാന്‍ അനുവദിക്കുകയും ചെയ്‌തു. സ്വാഭാവികമായും മതം മാറ്റങ്ങള്‍ കൂടിക്കൂടി വന്നു. പഴയ ഗോത്രവ്യവസ്ഥിതി അന്തം വിട്ടു നിന്നു.
അങ്ങനെയിരിക്കെയാണ്‌ കൃസ്‌ത്യാനികളുടെ കൂട്ടത്തില്‍ ന്വോയെയെ കണ്ടുവെന്ന്‌ ഒരു ബന്ധു ഒകോങ്ക്വൊയെ അറിയിച്ചത്‌. കോപാന്ധനായ ഒകോങ്ക്വൊ ന്വോയെ വീട്ടിലെത്തിയപ്പോള്‍ ആക്രോശിച്ചുകൊണ്ട്‌ അവനെ കടന്നുപിടിച്ച്‌ ഒരു വലിയ വടികൊണ്ട്‌ അടിക്കാന്‍ തുടങ്ങി. തക്കസമയത്ത്‌ ഉചേന്ദു ഇടപെട്ടതുകൊണ്ട്‌ അവന്‍ രക്ഷപ്പെട്ടു. അന്ന്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോയ ന്വോയെ ഒരിക്കലും തിരിച്ചുവന്നില്ല.
പുതിയ മതത്തോടൊപ്പം സംഘര്‍ഷങ്ങളും വന്നു. ഗോത്രവിശ്വാസങ്ങളെ നിന്ദിച്ച്‌ സംസാരിച്ച മതം മാറ്റക്കാരെ ഗോത്രവര്‍ഗ്ഗക്കാര്‍ പൊതിരെ തല്ലി. ഗോത്രക്കാരുടെ വിശുദ്ധ പെരുമ്പാമ്പിനെ പുത്തന്‍ മതക്കാരിലൊരാള്‍ കൊന്നു. ഗോത്രക്കാര്‍ മതം മാറിയവരെ ഭ്രഷ്ടരാക്കി. അബാമെയില്‍ സൈക്കിളില്‍ വന്ന ഒരു വെള്ളക്കാരനെ, ഇരുമ്പ്‌ കുതിരയില്‍ വന്ന ആള്‍ ഗോത്രത്തിന്‌ നാശം വരുത്തുമെന്ന പ്രവചനമനുസരിച്ച്‌, ഗോത്രക്കാര്‍ കൊന്ന്‌ സൈക്കിള്‍ പിടിച്ചുവെച്ചു. ആഴ്ച്ചകള്‍ക്കുശേഷം തിങ്ങിനിറഞ്ഞ ചന്ത വെള്ളക്കാരും അനുയായികളും വളയുകയും മുഴുവന്‍ ഗ്രാമവാസികളേയും വെടിവെച്ചുകൊല്ലുകയും ചെയ്‌തു. ചന്തയില്‍ പോകാതെ ശേഷിച്ച ഏതാനും പേര്‍ അയല്‍ഗ്രാമങ്ങളിലേക്ക്‌ ഓടി രക്ഷപ്പെട്ടു. അങ്ങനെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.
ഉമ്വോഫിയയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഏഴുകൊല്ലത്തെ നാടുകടത്തലിനു ശേഷം ഒകോങ്ക്വൊ ഉമ്വോഫിയയില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും
അവിടെ പള്ളി മാത്രമല്ല, വെള്ളക്കാരന്റെ കോടതിയും നിലവില്‍ വന്നിരുന്നു. അവിടെ, ഗോത്രസമ്സ്കാരത്തെപ്പറ്റി ഒന്നുമറിയാത്ത ജില്ലാകമ്മീഷണര്‍ വെള്ളക്കാരന്റെ നിയമമനുസരിച്ച്‌ കുറ്റകൃത്യങ്ങള്ക്ക്‌ ശിക്ഷ വിധിച്ചു. കൃസ്‌ത്യാനികളെ ദ്രോഹിച്ചവരെയെല്ലാം തുറുങ്കിലടച്ചു. ദൂരഗ്രാമങ്ങളില്‍ നിന്നു വന്ന 'കോട്മ'കള്‍ എന്നു വിളിച്ചിരുന്ന കോടതി ദൂതന്മാര്‍ പോലീസുകാരെപ്പോലെ പ്രവര്‍ത്തിച്ചു. കുറ്റവാളികളെ പിടിക്കാനും മര്‍ദ്ദിക്കാനും ആരംഭിച്ചു. അവര്‍ വേട്ടാനായ്ക്കളെപ്പോലെ നാട്ടില്‍ ചുറ്റിനടന്നു. പള്ളിയും കോടതിയും പരസ്പരധാരണയോടെ മുന്നോട്ടുപോയി. ഗോത്രക്കാരുടെ ദൈവങ്ങളെല്ലാം വ്യാജമാണെന്ന്‌ മിഷനറി പ്രസംഗിച്ചു നടന്നു. അപ്പോഴേയ്ക്കും അനേകം പേര്‍ മതം മാറിക്കഴിഞ്ഞിരുന്നു. അവരും ഗോത്ര വിശ്വാസങ്ങളെ തള്ളിപ്പറയാന്‍ തുടങ്ങി.
അല്‍പ്പം മിതവാദിയായ പാതിരി മി.ബ്രൌണ്‍ മാറി ജയിമ്സ്‌ സ്മിത്ത്‌ വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
ഭൂമിദേവിയുടെ ദിനം പ്രമാണിച്ചുള്ള ചടങ്ങുകള്ക്ക്‌ പിതൃക്കളുടെ ആത്മാക്കളായ എഗ്വുഗ്വുക്കള്‍ പുറത്തിറങ്ങിയപ്പോള്‍ കൃസ്‌ത്യന്‍ സ്‌ത്രീകള്ക്ക്‌ പള്ളിയില്‍ നിന്ന്‌ തിരിച്ചുപോകാന്‍ തടസ്സമായി. ഒത്തുതീര്‍പ്പ് പ്രകാരം എഗ്വുഗ്വുക്കള്‍ അല്പനേരത്തേയ്ക്ക്‌ പിന്‍വാങ്ങാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും മതം മാറിയവരില്‍ ഒരാളായ എനോക്‌ എഗ്വുഗ്വുക്കളിലൊരാളുടെ മുംമൂടി എടുത്തുമാറ്റി. ഇത്‌ അങ്ങേയറ്റത്തെ പാതകമായാണ്‌ ഗോത്രക്കാര്‍ കണക്കാക്കുന്നത്‌. പിതൃക്കളുടെ ആത്മാവിനെ കൊല്ലുന്നപോലെയാണ്‌ ഇത്‌.
പിറ്റേ ദിവസം എഗ്വുഗുക്കളെല്ലാം ഒത്തുകൂടുകയും രോഷാകുലരായ അവര്‍ എനൊകിന്റെ പുരയിടത്തിലേക്ക്‌ കുതിക്കുകയും വീട്‌ പൊളിക്കുകയും തീവെച്ച്‌ നശിപ്പിക്കുകയും ചെയ്‌തു. അരിശം തീരാതെ അവര്‍ പള്ളിക്കു നേരെ തിരിഞ്ഞു. മി. സ്മിത്‌ അവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അല്പസമയത്തിനുള്ളില്‍ പള്ളി മണ്ണും ചാരവും ചേര്‍ന്ന ഒരു കൂമ്പാരമായി മാറി.
രണ്ടു ദിവസം കഴിഞ്ഞ്‌, ഔദ്യോഗിക സന്ദര്‍ശനത്തിന്‌ പോയിരുന്ന ജില്ലാ കമ്മീഷണര്‍ തിരിച്ചെത്തിയപ്പോള്‍ മി. സ്മിത്തില്‍ നിന്നും വിവരങ്ങളെല്ലാം വിശദമായി മനസ്സിലാക്കി. അദ്ദേഹം ഉമ്വോഫിയയിലെ ഏറ്റവും തലമൂത്ത ആറു നേതാക്കന്മാരെ ചര്‍ച്ചക്ക്‌ ക്ഷണിച്ചു. ഒകോങ്ക്വൊയും അക്കൂട്ടത്തിലുണ്ടായിരുന്നു. ചര്‍ച്ചയാരംഭിക്കുന്നതിനു തൊട്ടുമുമ്പ്‌ തീര്‍ത്തും അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ കമ്മീഷണറുടെ അനുചരന്മാര്‍ ആറുപേരേയും ബന്ധനസ്ഥരാക്കി. ആറുപേരും ആയുധധാരികളായാണ്‌ വന്നിരുന്നതെങ്കിലും അവര്ക്ക്‌ അവയെടുക്കാനുള്ള സാവകാശം കിട്ടിയില്ല. ആറുപേരേയും തുറുങ്കിലടക്കുകയും മുഖ്യകോടതിദൂതന്റെ നേതൃത്വത്തില്‍ അവരുടെ തല മുണ്ഡനം ചെയ്യുകയും പൊതിരെ മര്‍ദ്ദിക്കുകയും ചെയ്‌തു. നാലു ദിവസത്തിനു ശേഷം നാട്ടുകാരില്‍ നിന്നും ഇരുനൂറ്റമ്പത്‌ ചാക്ക്‌ കവിടി നാണയങ്ങള്‍ പിരിച്ചെടുത്ത്‌ പിഴയടച്ചപ്പോള്‍ അവരെ വെറുതെ വിട്ടു.
ഭാവിനടപടികളാലോചിക്കുവാനായി ഗോത്രം മുഴുവന്‍ മൈതാനത്ത്‌ ഒത്തുകൂടി. പ്രസംഗങ്ങള്‍ നടക്കുന്നതിനിടക്ക്‌ മുഖ്യകോടതി ദൂതന്റെ നേതൃത്വത്തില്‍ അഞ്ചുപേര്‍ അവിടെയെത്തി.മുഖ്യകോടതിദൂതനെ കണ്ടയുടന്‍ ഒകോങ്ക്വൊ ചാടിയെഴുന്നേറ്റ്‌ അയാളെ നേരിട്ടു. യോഗം ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ അയാള്‍ പറഞ്ഞ ഉടന്‍ ഒകോങ്ക്വൊ അയാളെ വെട്ടി തുണ്ടമാക്കി. പൊന്തക്കാട്ടില്‍ ഒളിഞ്ഞുനിന്നിരുന്ന സംഘം പുറത്തുചാടുകയും പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്‌തു. ചെറുത്തുനിന്ന്‌ പൊരുതുന്നതിനു പകരം ജനം ചിന്നിച്ചിതറി. ചിലര്‍ ഒകോങ്ക്വൊയെ പഴിക്കുന്നുമുണ്ടായിരുന്നു. താന്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന്‌ ഒകോങ്ക്വൊക്ക്‌ ബോദ്ധ്യമായി. അയാള്‍ വാള്‍ താഴെയിട്ട്‌ അവിടം വിട്ടു.
ഒകോങ്ക്വൊയെ അന്വേഷിച്ച്‌ അയാളുടെ വീട്ടിലെത്തിയ ജില്ലാകമ്മീഷണര്‍ കണ്ടത്‌ അയാളുടെ വീടിനു പിന്നില്‍ ഒരു മരത്തില്‍ തൂങ്ങിനില്‍ക്കുന്ന ഒകോങ്ക്വൊയുടെ ജഡമാണ്‌.
ഒരു ഉത്തരാധുനിക സമാപ്‌തിപോലെ, താന്‍ എഴുതാന്‍ പോകുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഈ സംഭവങ്ങള്‍ എങ്ങനെ പ്രതിപാദിക്കണമെന്നാലോചിച്ചുകൊണ്ട്‌ കോടതിയിലേക്ക്‌ നടക്കുന്ന ജില്ലാകമ്മീഷണറെ വിവരിച്ചുകൊണ്ടാണ്‌ നോവല്‍ അവസാനിക്കുന്നത്‌.
സ്ഥലം , കാലം , ഭാഷ, സംസ്കാരം എന്നിവയുടെ വ്യത്യസ്ഥമായ സവിശേഷതകളുയര്‍ത്തുന്ന പരിമിതികള്‍ തികച്ചും അന്യ ഭാഷയായ ഇംഗ്ളീഷിലൂടെ, അതും തന്റെ ആദ്യ കൃതിയില്‍ , കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യമായ കൈത്തഴക്കമാണ്‌ ശ്രീ ചിനുവ അചെബെ ഈ നോവലില്‍ പ്രകടിപ്പിക്കുന്നത്‌. ഒരു മുദ്രാവാക്യത്തിന്റെ അതിഭാവുകത്തിലേക്ക്‌ വഴുതിവീഴാന്‍ എല്ലാ സാദ്ധ്യതകളുമുള്ള ഇതിവൃത്തത്തെ കൃതഹസ്‌തനായ ഒരു എഴുത്തുകാരന്റെ അച്ചടക്കത്തോടുകൂടി സമീപിക്കുകയും അതിന്റെ സന്ദേശം അതിശക്തമായി വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതില്‍ നോവലിസ്റ്റ്‌ സ്‌തുത്യര്‍ഹമായ വിജയം കൈവരിച്ചിരിക്കുന്നു. നോവലിലുടനീളം അന്തര്‍ലീനമായി നിലനില്‍ക്കുന്ന നര്‍മ്മബോധവും നിസ്സംഗമായ യാഥാര്‍ത്ഥ്യബോധവും ഈ കൃതിയെ വ്യത്യസ്ഥമായ ഒരു വായനാനുഭവമാക്കിമാറ്റുന്നു.
ചിനുവ അചെബെ: പ്രസിദ്ധ നൈജീരിയന്‍ നോവലിസ്റ്റായ ചിനുവ അച്ചെബെ 1930ല്‍ കിഴക്കന്‍ നൈജീരിയയില്‍ ഒഗിഡി എന്ന ഗ്രാമത്തില്‍ ഒരു കൃസ്‌ത്യന്‍ കുടുംബത്തില്‍ ജനിച്ചു. ഗ്രാമത്തിലെ മിഷന്‍ സ്കൂളിലും ഉമ്വാഹിയ ഗവ. കോളേജിലും ഇബദന്‍ സര്‍വ്വകലാശാല കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനുശേഷം കുറച്ചുകാലം നൈജീരിയന്‍ ബ്രോഡ്കാസറ്റിങ്‌ സര്‍വ്വീസില്‍ ജോലി നോക്കിയതിനു ശേഷം 1967ല്‍ നൈജീരിയ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ്‌, കണക്റ്റികട്ട്‌, ബാര്ഡ്‌, സര്‍വ്വകലാശാലകളിലും അദ്ദേഹം അദ്ധ്യാപകനായിരുന്നു.
കോളേജ്‌ വിദ്യാഭ്യാസ കാലത്തു തന്നെ ചെറുകഥകള്‍ എഴുതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ അച്ചെബെയുടെ ആദ്യനോവലാണ്‌ Things Fall Apart(1958) അതിന്‌ തുടര്‍ച്ചയായി No Longer at Ease(1960)ഉം 1964 ല്‍ Arrow of God ഉം പ്രസിദ്ധീകരിച്ചു. ക്ക പ്പന്റ A Man of the People(1966) Anthills of Savannah തുടങ്ങിനോവലുകള്‍ , ചെറുകഥകള്‍ , കവിതകള്‍ , ലേനങ്ങള്‍ എന്നിങ്ങനെ നിരവധി കൃതികള്‍ ചിനുവ അച്ചെബെയുടെ വകയായിട്ടുണ്ട്‌.
നൈജീരിയ, ബ്രിട്ടന്‍ , യു.എസ്‌.എ, കനഡ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ ഇരുപതോളം ഓണററി ഡോക്ടറേറ്റുകളടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 1987ല്‍ നൈജീരിയയിലെ പരമോന്നത ബഹുമതിയായ നൈജീരിയന്‍ നാഷണല്‍ മെറിറ്റ്‌ അവാര്‍ഡിന്നര്‍ഹനായി.
സ്വന്തം കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനു പുറമെ ആഫ്രിക്കന്‍ റൈറ്റേര്‍സ്‌ സീരീസ്‌ എന്ന പദ്ധതിയുടെ ആദ്യകാല എഡിറ്റര്‍ എന്ന നിലയില്‍ മറ്റ്‌ ആഫ്രിക്കന്‍ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിലും ശ്രീ ചിനുവ അച്ചെബെ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്‌.

16/7/2007 പരമേശ്വരന്‍ കെ. വി.

21 ജൂലായ്‌ 07 ന്‌ കുവൈറ്റ്‌ ടൈംസില്‍ പ്രസിദ്ധീകരിച്ചു.

No comments: