Search This Blog

Friday, April 7, 2023

വായനക്കാർ എഴുതുന്നു: അക്ഷരംപ്രതി

മാർച്ച് 12ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (100:52) അക്ഷരംപ്രതി എന്ന പംക്തിയിൽ ശ്രീ കെ.സി നാരായണൻ 'പ്രശ്നമേയില്ല' എന്ന പ്രയോഗം തെറ്റാണെന്നു പറയുന്നു. പ്രശ്നം എന്ന വാക്കിനു നിഘണ്ടുവിലെ അർത്ഥം ചോദ്യം എന്നാണെങ്കിലും സാമാന്യവ്യവഹാരത്തിൽ ചോദ്യം എന്നതിനേക്കാൾ പ്രോബ്ലം എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചു കാണുന്നത്. ഭക്ഷ്യപ്രശ്നം, കുടിവെള്ളപ്രശ്നം, പദപ്രശ്നം എന്നിങ്ങനെ ഒരുപാടു വാക്കുകളുണ്ടല്ലോ. അപ്പോൾ പ്രോബ്ളമേയില്ല എന്ന അർത്ഥത്തിൽ പ്രശ്നമെന്ന വാക്കുപയോഗിച്ചുകൂടേ?
ഇനി 'ചോദ്യം' എന്ന നിഘണ്ടുവിലെ അർത്ഥംതന്നെയെടുത്താൽ, സംശയം വരുമ്പോഴാണല്ലോ ചോദ്യം വരുന്നത്. സംശയമില്ലെങ്കിൽ ചോദ്യവുമില്ല. അപ്പോൾ, ഒരു സംശയവുമില്ല എന്ന അർത്ഥത്തിൽ പ്രശ്നമേയില്ല (ചോദ്യമില്ല) എന്നു പറയുന്നതിൽ തെറ്റുണ്ടോ?
പരമേശ്വരൻ
9/3/23

Monday, April 3, 2023

വായനക്കാർ എഴുതുന്നു -ഊത്താലത്തറകളിലെ ഇരുമ്പുകാലം

'ഊത്താലത്തറകളിലെ ഇരുമ്പുകാലം' എന്ന വി എച്ച് ദിരാറിന്റെ ലേഖനം (101:1) വളരെ ചിന്താർഹവും പുതിയ അറിവുകൊണ്ട് കണ്ണുതുറപ്പിക്കുന്നതുമായിരുന്നു.. 
പാശ്ചാത്യർ വന്നു കയറിയ രാജ്യങ്ങളിലെല്ലാം പ്രാദേശികമായതെല്ലാം പഴഞ്ചനും പ്രാകൃതവുമാണെന്ന ഒരു മനോഭാവം സ്വയം കൈക്കൊള്ളുകയും, പുറം മോടികൊണ്ടും മൃഗീയശക്തികൊണ്ടും കുടില നിയമങ്ങൾകൊണ്ടും നാട്ടുകാരിൽ അടിച്ചേല്പിക്കുകയും ചെയ്തിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പുറംമോടിക്കോ വൻ പ്രചാരണത്തിനോ സ്വതവേ വലിയ താല്പര്യം (ഇന്നും) കാണിക്കാത്ത ഇന്ത്യൻ പ്രകൃതം ഈ വിദേശ ശക്തികൾക്ക് അഴിഞ്ഞാടാൻ വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുത്തു. അക്കാലത്ത് ലോകോത്തരമായിരുന്ന ഇന്ത്യയിലെ തുണി നെയ്ത്തു വ്യവസായം ബ്രിട്ടീഷുകാർ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പാടേ തകർത്തത് സുവിദിതമാണല്ലോ. നമ്മുടെ തനതായ വാസ്തുവിദ്യ, കപ്പൽനിർമ്മാണം, ആയുർവ്വേദം, യോഗ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. നൂറ്റാണ്ടുകളായുള്ള കോളനിഭരണം തളർത്തിയ ഇന്ത്യൻ സ്വത്വം ഇപ്പോഴും കൊളോണിയൽ മാനസികാവസ്ഥയിൽനിന്നു തീർത്തും മോചിതരായിട്ടില്ല എന്നത് നിർഭാഗ്യകരമായ സത്യമാണ്. ഈ സാഹചര്യത്തിൽ, നമുക്ക് നഷ്ടപ്പെട്ടതെന്തെല്ലാമാണ് എന്ന അന്വേഷണത്തെപ്പറ്റിയുള്ള ഇത്തരം ലേഖനങ്ങളുടെ ഒരു പരമ്പരതന്നെ പ്രസിദ്ധീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു വിശ്വസിക്കുന്നു. ഒരു കാലത്ത് വ്യാവസായിക മുന്നേറ്റത്തിന്റെ നട്ടെല്ലായിരുന്ന ഗുണമേന്മയേറിയ ഇരുമ്പുരുക്കു സാങ്കേതികവിദ്യ നമുക്കു നഷ്ടപ്പെട്ടതെങ്ങനെ എന്ന കണ്ണു തുറപ്പിക്കുന്ന ഈ ലേഖനം പ്രസിദ്ധീകരിച്ച ലേഖകനും മാതൃഭൂമിക്കും വളരെ നന്ദി. ലേഖനത്തിൽ സൂചിപ്പിച്ച സ്ഥലങ്ങളുടെ സമീപപ്രദേശത്തു ജനിച്ചുവളർന്ന ഈയുള്ളവന് ഇങ്ങനെയൊരു നിർമ്മിതിയെക്കുറിച്ചു കേട്ടറിവു പോലുമുണ്ടായിരുന്നില്ല. ഇനിയും ഇത്തരം ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വെളിച്ചം കാണട്ടെ എന്നാശിക്കുന്നു.
15/3/23
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 2-8ൽ പ്രസിദ്ധീകരിച്ചു

Saturday, December 17, 2022

മതവിരുദ്ധമായ യൂറോപ്പും ഇസ്ലാമും

പാശ്ചാത്യ രാജ്യങ്ങളിൽ മതസ്വാധീനം കുറയുന്നു എന്നത് ശരി. എന്നാൽ, കമ്മ്യൂണിസ്റ്റ് റഷ്യ ബലം പ്രയോഗിച്ച് മതം തുടച്ചുനീക്കപ്പെട്ട കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയന്റെ അന്ത്യത്തോടെ മതം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു എന്നത് വസ്തുതയല്ലേ?

മറ്റൊന്നുള്ളത്, പാശ്ചാത്യരാജ്യങ്ങളിലെ മത ശൂന്യതയെ മുതലെടുത്തുകൊണ്ട് ലക്ഷക്കണക്കിന് മുസ്ലിം അഭയാർത്ഥികളിലൂടെ ഇസ്ലാം മതം പിടിമുറുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഇവരൊന്നും അവരുടെ ചുറ്റുമുള്ള സമ്പന്ന ഇസ്ലാമിക രാജ്യങ്ങളിലേക്ക് കുടിയേറുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനാധിപത്യ വിശ്വാസികളും മതശൂന്യരുമായ പാശ്ചാത്യർക്ക് മതത്തിന്റെ ഈ വേലിയേറ്റം ആ രീതിയിൽ കാണാൻ കഴിയില്ല എന്ന ദൗർബ്ബല്യം ഇവർക്ക് വളക്കൂറുള്ള മണ്ണാണ്. ആദ്യം നിസ്സാരമെന്നു തോന്നുമെങ്കിലും ക്രമേണ ഇവർ പെരുകി നിർണ്ണായകശക്തിയായി മാറും. മതവിശ്വാസം പൗരാവകാശമായി മാറും. പോരാത്തതിന്, ആ സമയത്ത് മേൽപ്പറഞ്ഞ സമ്പന്ന ഇസ്ലാമികരാജ്യങ്ങൾ വാരിക്കോരി സഹായം നൽകി മതവിശ്വാസം ഊട്ടിയുറപ്പിക്കും. ശേഷം ചിന്ത്യം! 

Wednesday, November 30, 2022

ചില്ലക്ഷരത്തിനുശേഷം ഇരട്ടിപ്പ് വേണമോ (അവിൽപ്പൊതി / അവിൽപൊതി)

ഇതു പണ്ട് ടൈപ്റൈറ്ററിനുവേണ്ടി ഭാഷയെ വികലമാക്കിയവർ ചെയ്തു പണിയാണെന്നാണ് അറിവ്. അന്നവർ പറഞ്ഞത് എഴുത്തിൽ ഇരട്ടിപ്പ് വേണ്ടെങ്കിലും ഉച്ചരിക്കുമ്പോൾ ഇരട്ടിപ്പു വേണമെന്നായിരുന്നു എന്ന് വായിച്ചതോർക്കുന്നു. എന്തൊരു വിചിത്രമായ നിയമം! സ്വാഭാവികമായും ഇരട്ടിപ്പു വേണ്ടേ വേണ്ട എന്ന് സാധാരണക്കാർ കരുതും. അങ്ങനെയാണല്ലോ നാം ഏറ്റവും വിശ്വാസമർപ്പിക്കുന്ന അച്ചടിയിൽ കാണുന്നത്. അന്നു തുടങ്ങിയതാണ് ഈ ഭാഷാ പ്രശ്നം. ഇനി മറ്റൊരു പരിഷ്കരണത്തിലൂടെ മാത്രമേ ഇതു ശരിയാക്കാൻ കഴിയൂ.

Wednesday, October 26, 2022

സദ്ദാം ശൈലി

ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാക്കിന് വൻ പരാജയം മണത്തപ്പോൾ ഒത്തുതീർപ്പ് ചർച്ചയിൽ സദ്ദാം സ്ഥാനമൊഴിയണം എന്നായിരുന്നു ഇറാൻ ഉന്നയിച്ച വ്യവസ്ഥ. സദ്ദാം വിളിച്ചുകൂട്ടിയ മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി സദ്ദാം തൽക്കാലത്തേക്ക് മാറി നില്ക്കുക പിന്നീട് തിരിച്ചുവരുക എന്ന ഒരു നിർദ്ദേശം വെച്ചു. ഉടൻ സദ്ദാം അദ്ദേഹത്തെ തന്റെ സ്വകാര്യ മുറിയിലേക്കു ക്ഷണിച്ചു. മുറിയിൽ കയറിയ ഉടൻ സദ്ദാം തന്റെ കൈത്തോക്കെടുത്ത് മന്ത്രിയെ വെടിവെച്ചു കൊന്നു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചുവന്ന് യോഗം തുടർന്നു.
സഫാരി ടി വി

Wednesday, October 19, 2022

വി എസ്സിന് നൂറു വയസ്സ്

 ആയുരാരോഗ്യസൗഖ്യം! ശരിക്കും ഒരു കർമ്മയോഗി. അഴിമതിക്കെതിരായി ശക്തമായി പടപൊരുതിയ ഒരു മുഖ്യമന്ത്രി. എന്നാൽ, ചരിത്രത്തിലെ പല നല്ല കമ്മ്യൂണിസ്റ്റുകളേപ്പോലെ കൂടെ നിന്നവർതന്നെ പിന്നിൽനിന്നു കുത്തുകയും നടപടികൾക്കു പാരവെക്കുകയും കാക്കപ്പടപോലെ സംഘം ചേർന്നു ആക്രമിക്കുകയും കൂടെ നിന്നവരെആട്ടിയോടിക്കുകയും ഒറ്റപ്പെടുത്തുകയും, എന്തിന്, ക്യാപ്പിറ്റൽ പണിഷ്മെന്റ് വരെ പ്രഖ്യാപിച്ചതും ഈയടുത്ത കാലത്താണല്ലോ. പ്രബുദ്ധകേരളം അതത്ര പെട്ടെന്ന് മറക്കുമോ?


Monday, October 17, 2022

കേരളത്തിലെ നെൽക്കൃഷി

കേരളത്തിൽ ഇപ്പോൾ നെൽക്കൃഷി ലാഭകരമാണെന്ന് അനുഭവസ്ഥർ. എന്നാൽ, അപ്പോഴേക്കും നമ്മുടെ വയലുകളെല്ലാം റിയൽ എസ്റ്റേറ്റായി വികസിച്ചു!

Thursday, October 13, 2022

കയ്യുറയ്ക്കൊരു പുനരുപയോഗമാർഗ്ഗം.

വീട്ടിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരു കയ്യുറയിടുന്നത് നല്ലതാണെന്നതിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ടാവാൻ വഴിയില്ല. വിവിധ കമ്പനികളുടെ റബ്ബർ കയ്യുറകൾ വിപണിയിൽ ലഭ്യമാണെങ്കിലും വില മെച്ചം ഗുണം തുച്ഛം എന്നതാണ് പൊതുവെ അവയുടെ അവസ്ഥ. ഏതാനും തവണ ഉപയോഗിക്കുമ്പോഴേക്കും അവ കീറിപ്പോകുന്നതാണ് അനുഭവം. നിസ്സാരമായ ഒരു പുനരുപയോഗ ആശയം ഇതാ:
ഒഴിഞ്ഞ ബ്രെഡ് പാക്കറ്റുകൾ വളരെ സൗകര്യപ്രദമായി, ഒരു ചെലവുമില്ലാതെ കയ്യുറയായി ഉപയോഗിക്കാം. ഇഷ്ടംപോലെ ഇടയ്ക്കിടയ്ക്ക് മാറ്റുകയും ചെയ്യാം.

Tuesday, October 4, 2022

ഹൈബ്രിഡ് വാഹനങ്ങൾ

ഹൈബ്രിഡ് വാഹനങ്ങൾ

ഇത് വൈദ്യുത വാഹനങ്ങളുടെ പ്രാരംഭകാലം. പല പരിമിതികൾമൂലം ജനങ്ങളുടെ പൂർണ്ണവിശ്വാസം ആർജ്ജിക്കാൻ കഴിയാത്തതിനാൽ, രണ്ടു തോണിയിലും കാലുവെക്കുന്ന തരത്തിലുള്ള പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് ഇന്ധനവും വൈദ്യുതിയും വിവിധ അളവിൽ യോജിച്ചു പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ രംഗപ്രവേശം ചെയ്യുന്നത്.
ഇന്ധനവും വൈദ്യുതിയും സഹകരിച്ചു പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ഒറ്റനോട്ടത്തിൽ വളരെ സമർത്ഥമായ ഒരു കണ്ടുപിടിത്തമാണെന്നു തോന്നാം. വാഹനത്തിൻ്റെ എഞ്ചിൻ്റേയും ബാറ്ററിയുടേയും പരിമതികൾ അതു മറികടക്കുന്നു. എഞ്ചിൻ്റെ കാര്യത്തിൽ ഇന്ധനച്ചെലവും ബാറ്ററിയുടെ കാര്യത്തിൽ ഒറ്റച്ചാർജിനു ഓടാവുന്ന ദൂരവും. എന്നാൽ, ഒന്നുകൂടി സൂക്ഷ്മമായി ചിന്തിച്ചാൽ, ദീർഘകാലാടിസ്ഥാനത്തിൽ, നാം ഒരു പ്രശ്നത്തിനുപകരം രണ്ടു പ്രശ്നം തലയിൽ കയറ്റി വെക്കുകയാണ് ചെയ്യുന്നത് എന്നു കാണാൻ കഴിയും. അതായത്, മുമ്പു ചെയ്തിരുന്ന എഞ്ചിൻ്റെ പരിപാലനത്തിനുപകരം ഇപ്പോൾ എഞ്ചിനും ബാറ്ററിയും പരിപാലിക്കണം. എഞ്ചിൻ്റേയും അതിൻ്റെ അനുബന്ധ സംവിധാനങ്ങളുടെയെല്ലാം (ഇന്ധനപമ്പ്, ഇഞ്ചക്റ്റർ റേഡിയേറ്റർ, കൂളിങ്ങ് സിസ്റ്റം, ലൂബ്രിക്കേഷൻ...) പ്രശ്നങ്ങളിൽനിന്ന് നമുക്ക് മോചനം ലഭിക്കുന്നില്ല. കൃത്യമായ കാലപരിധിക്കുള്ള സർവീസും നടത്തണം. പുറമെ, എഞ്ചിനും ബാറ്ററിയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം അധികമായുണ്ട്. അല്പകാലം ഓടുമ്പോൾ ഈ സംവിധാനങ്ങൾക്കെല്ലാം പ്രശ്നങ്ങൾ വരാം, റിപ്പയർ വരാം. വാഹനം വാങ്ങുമ്പോൾ നാം എഞ്ചിൻ്റേയും ബാറ്ററിയുടേയും വില കൊടുക്കണം. എന്നിട്ടോ, ശബ്ദ, പുകമലിനീകരണങ്ങളിൽനിന്നും നമുക്ക് പൂർണ്ണമായ മോചനമില്ല അല്പം ഇന്ധനലാഭം മാത്രമാണ് നമുക്കു ലഭിക്കുന്നത്. ചുരുക്കത്തിൽ, ഒരു ഇലക്ട്രിക് വാഹനത്തെപ്പറ്റി ചിന്തിക്കുമ്പോൾ നാം എന്തെല്ലാം ഗുണഗണങ്ങൾ പ്രതീക്ഷിക്കുന്നുവോ, അതൊന്നും സഫലമാവുന്നില്ല. ഈ സാഹചര്യത്തിൽ, അല്പം വൈകിയാണെങ്കിലും നമുക്ക് അത്യാവശ്യം വേണ്ട ദൂരം സുഖമായി ഓടിയെത്തുന്ന വൈദ്യുത വാഹനംതന്നെയാണ് അഭികാമ്യം. വാഹനങ്ങൾക്ക് സാധാരണഗതിയിൽ ആവശ്യമായ ബാറ്ററിശേഷിയിൽ അല്പം കൂടുതൽ ശേഷിയുള്ള ബാറ്ററി ഉൾക്കൊള്ളിക്കുകയും അങ്ങനെ കൂടുതൽ ദൂരം ഓടാനുള്ള ശേഷി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഇന്ന് അഭിലഷണീയമായ രൂപകല്പന.
കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വൈദ്യുതവാഹനമേഖലയിൽ വന്നുകൊണ്ടിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അതനുസരിച്ച് ഇന്നു നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പഴങ്കഥയായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട.

Tuesday, September 13, 2022

കഥകളി എങ്ങനെ പ്രദർശിപ്പിക്കാൻ പാടില്ല

കഥകളി എങ്ങനെ പ്രദർശിപ്പിക്കാൻ പാടില്ല എന്നതിന്റെ ഒരു ഉദാഹരണം:
രാത്രിയുടെ ഇരുളിൽ പരക്കുന്ന അഭൗമമായ പ്രകാശത്തിൽ, മറ്റെല്ലാ കാഴ്ചകളും ശ്രദ്ധയിൽനിന്ന് മാറ്റി നിർത്തിക്കൊണ്ട് ഏകാഗ്രമായ ഭാവനയെ പരമാവധി ഉദ്ദീപിപ്പിക്കുന്ന വിധത്തിലാണ് കഥകളി അവതരിപ്പിക്കുന്നത്. ഇവിടെ വിളക്കുണ്ട് , പക്ഷേ, വിളക്കിന്റെ പ്രകാശമില്ല. കഥകളിയുണ്ട്, എന്നാൽ, കാണുന്നത് മറ്റ് ഒരുപാട് അലങ്കോലമായ കാഴ്ചകളാണ്. ചുരുക്കത്തിൽ, കഥകളിയുടെ ആത്മാവിന് കത്തി വെക്കുന്ന ഒരു പ്രദർശനം.

Sunday, September 11, 2022

പുസ്തകപരിചയം: Afterlives - Abdulrazak Gurnah

2021ലെ നോബൽ പുരസ്കാരജേതാവായ അബ്ദുറസാക്ക് ഗുർണയുടെ Afterlives എന്ന നോവൽ വളരെ പ്രതീക്ഷയോടെയാണ് വാങ്ങി വായിച്ചത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, തീർത്തും നിരാശാജനകമായിരുന്നു ഫലം. വികലവും അനുപാതരഹിതവുമായ ഒരു ഘടനയാണ് നോവൽ ഉടനീളം പുലർത്തുന്നത്. 
20ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കഥ നടക്കുന്നത്. ഒന്നാം ലോകയുദ്ധത്തിൽ കിഴക്കനാഫ്രിക്കയിലെ ജർമ്മൻ/ബ്രിട്ടീഷ് സംഘർഷങ്ങൾ കഥയ്ക്ക് പശ്ചാത്തലമൊരുക്കുന്നു.
ആദ്യം ഖലീഫ എന്ന ഒരു ഇന്ത്യൻ വംശജന്റെ ജീവിതം പിന്തുടർന്ന്, അയാൾ കിഴക്കനാഫ്രിക്കയിലെ ഒരു കച്ചവടക്കാരന്റെ ചെറിയ കമ്പനിയിൽ ചേരുന്നതും  അയാളുടെ സംരക്ഷണത്തിൽ ജീവിച്ചിരുന്ന സഹോദരി മരിച്ചപ്പോൾ അനാഥയായ അവരുടെ മകൾ ആഷയെ കച്ചവടക്കാരന്റെ പ്രേരണയിൽ വിവാഹം ചെയ്യുന്നതും മറ്റും വിവരിക്കുന്നു. കച്ചവടക്കാരൻ മരിക്കുമ്പോൾ മകൻ നാസർ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നു. അവരുടെ വീടിനടുത്ത വീട്ടിലാണ് ഖലീഫയുടെ കുടുംബവും താമസിക്കുന്നത്. 
പിന്നെ, ഇല്യാസിന്റെ കഥയായി. ഒരു ശുപാർശക്കത്തുമായി വരുന്ന അയാൾക്ക് ഒരു ജർമ്മൻകമ്പനിയിൽ ജോലി കിട്ടുന്നു. കുടുംബത്തിൽ രക്ഷിതാക്കൾ മരിച്ചപ്പോൾ ഒറ്റയ്ക്കായ ആഫിയ എന്ന സഹോദരിയെ ഒരു ബന്ധുവിന്റെ കൂടെയാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, ബന്ധു അവളോടു ക്രൂരമായി പെരുമാറുകയും ദ്രോഹിക്കുകയും ചെയ്യുന്നു. ഖലീഫയുമായി സൗഹൃദത്തിലായ ഇല്യാസ് ഈ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവളെ തന്റെ കൂടെ താമസിക്കാനനുവദിക്കുന്നു.
പെട്ടെന്ന് ഒരു ബോധോദയംപോലെ ഇല്യാസ് കമ്പനിയിലെജോലിയുപേക്ഷിച്ച് ജർമ്മൻ സൈന്യത്തിൽ ചേരാൻ പോകുന്നു. പിന്നീട് അയാളെപ്പറ്റി നോവലവസാനംവരെ യാതൊരു വിവരവുമില്ല. എന്നാൽ, യുദ്ധകാലത്ത് അയാൾ ആ പ്രദേശത്തെല്ലാമുണ്ടായിരുന്നു എന്ന് നോവലിന്റെ അവസാനത്തിൽ പറയുന്നുണ്ട്. 
പിന്നീട് വരുന്നത് ജർമ്മൻ സൈന്യത്തിൽ ഒരു പ്രാദേശിക സൈനികനായ ഹംസയുടെ കഥയാണ്. സുദീർഘമായ ജർമ്മൻ/ബ്രിട്ടീഷ് യുദ്ധവിവരണമാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ. അയാൾ ഉന്നത സൈനികോദ്യോഗസ്ഥന്റെ പ്രീതി നേടിയെടുക്കുകയും അദ്ദേഹം കുറേശ്ശെയായി അയാളെ ജർമ്മൻ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം മറ്റൊരു കീഴുദ്യോഗസ്ഥനെ അസൂയാലുവാക്കുന്നു. യുദ്ധാവസാനം തോറ്റു പിൻവാങ്ങവേ ഗ്രൂപ്പിന്റെ തലവൻ അയാളെ വെട്ടി പരിക്കേല്പിക്കുന്നു. ഒരു ജർമ്മൻ ഫാദറും കുടുംബവും അയാളെ ശുശ്രൂഷിച്ചു സുഖപ്പെടുത്തുന്നു. യുദ്ധാനന്തരം സ്വന്തം വീടന്വേഷിച്ചു കണ്ടെത്തുന്നതിൽ പരാജയപ്പെട്ട അയാൾ ഖലീഫയുടെ വീടിന്റെ ഭാഗമായ ഒരു ഷെഡ്ഡിൽ താമസിക്കുകയും പതുക്കെ കമ്പനിയിലെ മരപ്പണിക്കാരനാവുകയും ചെയ്യുന്നു. തുടർന്ന് ഇല്യാസിന്റെ സഹോദരി ആഫിയയുമായി പ്രണയത്തിലാവുന്നു. പരിചയമായി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തനെ വളരെ നിസ്സാരമായി ആ ഷെഡ്ഡിൽവച്ചുതന്നെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് സായിപ്പിനെ കടത്തിവെട്ടുന്ന രീതിയായി. പിന്നീട് അവർ വിവാഹം ചെയ്യുകയും ഖലീഫയുടെ വീട്ടിലേക്കു താമസംമാറ്റുകയും ചെയ്യുന്നു. അവർക്ക് ഒരു മകൻ ജനിക്കുകയും അവന് കാണാതായ അമ്മാമൻ ഇല്യാസിന്റെ പേരുതന്നെ നല്കുകയും ചെയ്യുന്നു. അവന്റെ ബാല്യകാലത്തെ സ്വഭാവസവിശേഷതകൾക്കൊന്നും നോവലിൽ വലിയ പ്രസക്തിയില്ല. 
ഇല്യാസ് ഉന്നതവിദ്യാഭ്യാസം നേടുകയും ഗവേഷണാർത്ഥം ജർമ്മനിയിലേക്കു പോവുകയും ചെയ്യുന്നു. അവിടെ വെച്ച് ഗവേഷണത്തിന്റെ ഭാഗമായി തന്റെ അച്ഛനെ ശുശ്രൂഷിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന പാതിരികുടുംബത്തെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടർന്ന് തന്റെ അമ്മാമനെ കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, അയാൾ നാസികളുടെ പിടിയിലാവുകയും കോൺസൻട്രേഷൻ കാമ്പിൽ കൊല്ലപ്പെടുകയും ചെയ്തു എന്ന് മനസ്സിലാവുന്നു.
നോബൽ പ്രൈസ് ലഭിച്ച ഒരു എഴുത്തുകാരനിൽനിന്നുള്ള ഒരു നോവൽ എന്ന നിലയിൽ ഇത് തീർത്തും നിരാശപ്പെടുത്തി. ഒരുപാട് വിവരണങ്ങൾ നോവലിൽ അധികപ്പറ്റായി തോന്നി. വാസ്തവത്തിൽ, നോവലിലെ അവസാനത്തെ അദ്ധ്യായം നിയന്ത്രിതമായി ഒന്ന് വികസിപ്പിച്ചാൽ നല്ല നോവലാവുമായിരുന്നു എന്നു തോന്നിപ്പോകുന്നു.
ദോഷം പറയരുതല്ലോ, പുസ്തകത്തിന്റെ കവറിൽ നിറയെ പത്രപ്രവർത്തക തമ്പുരാക്കന്മാരുടെ സ്തുതിഗീതങ്ങളാണ്. ഇവരുടെയെല്ലാം ആസ്വാദന നിലവാരം അപാരംതന്നെ എന്നല്ലാതെ എന്തു പറയാൻ!
11/9/22

Tuesday, August 23, 2022

പുസ്തകപരിചയം - അശ്വത്ഥാമാവ് (മാടമ്പ് )

പാപഗ്രഹത്തിന്റെ അനന്തരാവകാശി

ഇതിവൃത്തംകൊണ്ടും ശൈലികൊണ്ടും മലയാള ഭാഷയെ ശരിക്കും പിടിച്ചുകുലുക്കിയ രണ്ടു കൃതികളാണ് മാടമ്പിന്റെ അശ്വത്ഥാമാവും ഭ്രഷ്ടും. എന്നാൽ, പൊതുധാരയിൽനിന്ന് വ്യത്യസ്തമായ ജീവിതശൈലികൊണ്ട് പൊതുവെ അല്പം മാറിനില്ക്കുന്ന നമ്പൂതിരിസമുദായത്തെ കേന്ദ്രീകരിച്ചുള്ള അല്പം അസാധാരണ പ്രമേയമായതിനാൽ അവ ശരാശരി നമ്പൂതിരിസമുദായത്തിൽപ്പെട്ടവർതന്നെ അർഹിക്കുന്ന വിധത്തിൽ മനസ്സിലാക്കുകയും അറിഞ്ഞാസ്വദിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അപ്പോൾപ്പിന്നെ പൊതുസമൂഹത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. 
ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം, പ്രത്യേകിച്ചും അറുപതുകളും എഴുപതുകളും, ലോകമാകെത്തന്നെ മാറ്റങ്ങളുടെ സവിശേഷ കാലഘട്ടമായിരുന്നു. അരാജകത്വം, വ്യവസ്ഥാപിതമൂല്യങ്ങളോടുള്ള വെറുപ്പ് പ്രതിഷേധം, ലഹരി, ലൈംഗികത, ഹിപ്പിയിസം, വ്യക്തികളിലേക്കൊതുങ്ങുന്ന അന്തർമുഖത്വം, നിരാശാബോധം, കുറച്ചുകൂടി ഉയർന്നതലത്തിൽ അസ്തിത്വവാദം എന്നിവയെല്ലാം ആ കാലഘട്ടത്തിന്റെ മുഖമുദ്രകളായിരുന്നു. 
അക്കാലത്ത് രചിക്കപ്പെട്ട അശ്വത്ഥാമാവ് എന്ന നോവൽ സ്വാഭാവികമായും ആ കാലഘട്ടത്തിന്റെ സവിശേഷതകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ, അശ്വത്ഥാമാവ് എന്ന നോവലിനെ വേറിട്ടു നിർത്തുന്നത് മാടമ്പ് അത് ആവിഷ്കരിക്കുന്ന സ്വത:സിദ്ധമായ, സ്ഫുടം ചെയ്ത ഭാഷയാണ്. അന്നു വരെ മലയാളം കണ്ടിട്ടില്ലാത്ത, വജ്രത്തിന്റെ മൂർച്ചയുള്ള ഭാഷയാണ് അദ്ദേഹം അശ്വത്ഥാമാവിലും ഭ്രഷ്ടിലും കൈരളിക്കു കാഴ്ചവെക്കുന്നത്. 
ഓണം ഉത്രാടംനാൾ ഗൾഫിലേക്ക് കള്ളലോഞ്ച് കയറാൻ കടൽത്തീരത്തു കാത്തുനില്ക്കുന്ന കഞ്ചുണ്ണിയിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്. സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനമായ തിരുവോണത്തിന്റെ തലേദിവസമാണ് കുഞ്ചുണ്ണി ജീവിതത്തിൽ പരാജയപ്പെട്ട് ഗൾഫിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്നതിൽനിന്നുതന്നെ ദുരന്തത്തിന്റെയും വൈരുദ്ധ്യങ്ങളുടെയും സൂചനയാരംഭിക്കുന്നു. കുഞ്ചുണ്ണിയുടെ ചിന്തയിലൂടെയാണ് നോവൽ വികസിക്കുന്നത്. ഒടുവിൽ, കടപ്പുറത്തിന്റെ വർത്തമാനകാലത്തിൽത്തന്നെ നോവൽ അവസാനിക്കുകയും ചെയ്യുന്നു.
സ്ഥലത്തെ അതിസമ്പന്നരായ വല്യേടത്ത് എന്ന ആഢ്യകുടുംബത്തിന്റെ അയൽവാസിയും ആശ്രിതരുമാണ് കുഞ്ചുണ്ണിയുടെ കുടുംബമായ പുല്ലാശ്ശേരി മന. അവിടത്തെ വിവിധങ്ങളായ ജോലികൾ ചെയ്താണ് കുഞ്ചുണ്ണിയുടെ കുടുംബം പുലരുന്നത്.
അവിടത്തെ വല്യമ്പുരിയുടെ മകൾ ഉണ്യേമയോട് സ്വന്തം അനുജത്തിയെന്നപോലെ പെരുമാറുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
കുഞ്ചുണ്ണിയും സഹോദരന്മാരായ കുട്ടനും അപ്പുവും നല്ലവണ്ണം പഠിച്ച് ഉന്നതവിദ്യാഭ്യാസം സമ്പാദിക്കുന്നു. കുഞ്ചുണ്ണി വല്യേടത്തു വക കോളേജിൽ അദ്ധ്യാപകനാവുന്നു.
താൻപോരിമയുടെ ആ കാലത്താണ് കുഞ്ചുണ്ണിയിലെ നിഷേധിയും അരാജകവാദിയും ഉണരുന്നത്.
ആയിടയ്ക്കാണ് വലിയൊരു ജന്മി കുടുംബത്തിൽനിന്ന് കുഞ്ചുണ്ണി വേളി കഴിക്കുന്നത്. ആദ്യരാത്രിയിൽത്തന്നെ വധുവിന് അപസ്മാരബാധയുണ്ടാവുന്നു. അതു കുഞ്ചുണ്ണിക്ക് വലിയൊരു പ്രഹരമായി.
ക്രമേണ സ്വന്തം കുടുംബത്തെ പാടെ അവഗണിച്ചു കൊണ്ട് കുഞ്ചുണ്ണി മദ്യാസക്തിയിലേക്കും വേശ്യാബന്ധങ്ങളിലേക്കും കൂപ്പുകുത്തുന്നു. അങ്ങനെ അയാൾ ഒരു ദുരന്ത നായകനായി മാറുന്നു.
'പാപഗ്രഹങ്ങൾ പാപസ്ഥാനത്ത് പാപദൃഷ്ടിയോടെ നില്ക്കുമ്പോഴാണ് കുഞ്ചുണ്ണി പിറന്നത്.'
എങ്കിലും അവയുടെ അപഹാരത്താൽ അയാൾ ഗുരുവായി, എഴുത്തുകാരനായി, ബുദ്ധിജീവിയായി ജ്വലിച്ചുനിന്നു.
അമ്മിണിയും രാധയും കാർത്തുവും സിസിലിയും വാറ്റുചാരായവും വിദേശിയും പാപഗ്രഹത്തിന്റെ കരാള കാന്തിയുടെ ആകർഷണത്തിൽ കുടുങ്ങി കുഞ്ചുണ്ണിയുടെ ജീവിതത്തിലരങ്ങേറി.
കാർത്തു മിസ് മേനകയായി. ഉണ്യേമ ഒഴിഞ്ഞു മാറി. ഒടുവിൽ ദാമ്പത്യം തകർന്നു, അർബ്ബുദരോഗിയായി.
രണ്ടു തവണ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു.
വലിയ തറവാട്ടിൽ പിറന്നിട്ടും അമ്മ നല്കിയ വീണമാത്രം ആശ്രയമായ അപസ്മാര രോഗിയായ ഭാര്യ ഇട്ടിച്ചിരി നിസ്സംഗയായി എല്ലാറ്റിനും സാക്ഷിയായി. ഒടുവിൽ, എല്ലാവർക്കും ആശ്രയമായി.
പാശ്ചാത്യ അസ്തിത്വദു:ഖിതരെപ്പോലെ കുഞ്ചുണ്ണി ഒറ്റയ്ക്കായിരുന്നില്ല. ജന്മജന്മാന്തര പാപപുണ്യങ്ങൾ, കർമ്മഫലങ്ങൾ അയാൾക്ക് അകമ്പടി സേവിച്ചു. പാപഗ്രസ്തനായി, ചിരംജീവിയായ അശ്വത്ഥാമാവ് തേർ തെളിച്ചു.
അങ്ങനെ അത് പാശ്ചാത്യ അസ്തിത്വവാദത്തിന്റെ ഇന്ത്യൻ പതിപ്പായി മാറി എന്നു പറയാം.
സുന്ദരിമാർക്ക് ആരാധനാമൂർത്തിയായി, പുരുഷന്മാർക്ക് ചതുർത്ഥിയായി. സ്ത്രീകൾക്ക് അഭീഷ്ടം നല്കുന്നതിൽ നിസ്സഹായനായി, പുരുഷന്മാരെ അടിച്ചൊതുക്കി. ചിലപ്പോൾ വാക്കുകൊണ്ട്, ചിലപ്പോൾ മുഷ്ടികൊണ്ട്. സക്കറിയയെ, സത്സംഗം കർത്താവിനെ.
ഉറക്കഗുളികകളെപ്പറ്റി മൂന്നു തവണ പരാമർശമുണ്ടെങ്കിലും ആരും ആത്മഹത്യ ചെയ്യുന്നില്ല, വല്യേടത്തെ വല്യമ്പൂരിയുടെ രണ്ടാംവേളി നങ്ങേമയൊഴിച്ച്. അതോ, ഇല്ലത്തെ സ്വത്തിനവകാശിയായി പുരുഷസന്തതിക്കായി രണ്ടാംവേളി കഴിക്കാൻ വേണ്ടി ആദ്യഭാര്യയെ സൂത്രത്തിൽ ഭ്രഷ്ടാക്കി കൊന്നതിനുശേഷം കൊണ്ടുവന്ന നങ്ങേമ, താനതിനു തയ്യാറല്ല എന്നുറപ്പിക്കാനാണ് അതു ചെയ്തത്.
ഇടയ്ക്ക് എല്ലാം നിർത്തി നല്ല കുട്ടിയാവാൻ ശ്രമിച്ചു. എന്നാൽ, പന്ത്രണ്ടിൽ വ്യാഴം സമ്മതിച്ചില്ല. വീണ്ടും ഇരുട്ടിലേക്കൂളിയിട്ടു.
സാംഖ്യശാസ്ത്രവും ശാങ്കരവേദാന്തവും തമ്മിലൊരു താരതമ്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അനുജൻ അപ്പു അമേരിക്കയിൽ കോളേജദ്ധ്യാപകൻ. കുട്ടൻ ഡോക്ടറായി വടക്കേ ഇന്ത്യയിൽ. അവിടത്തുകാരി ഡോക്ടറെ വിവാഹം ചെയ്തു. അവർ അവരുടെ പാട്ടിനു പോകാൻ തുടങ്ങി. ഒടുവിൽ, വിവാഹമോചനം എന്നുറപ്പിച്ച് കുട്ടൻ. അപ്പോഴും ഇട്ടിച്ചിരിയായിരുന്നു അനുരഞ്ജന ശ്രമത്തിനായി ഒരുങ്ങിപ്പുറപ്പെട്ടത്. വടക്കേ ഇന്ത്യക്കാരി മുണ്ടും വേഷ്ടിയുമുടുത്തു. വാൽക്കണ്ണാടിയും വരക്കുറിയുമായി കറുകമാലയും കണ്മഷിയുമണിഞ്ഞു. കുട്ടൻ തോറ്റു.
ഉണ്യേമയും നങ്ങേമയും ഇട്ടിച്ചിരിയുടെ ചങ്ങാത്തം കൊതിച്ചു. വീണ പഠിച്ചു. അപ്പു അമേരിക്കയിൽനിന്നു വന്ന് അഭിവാദ്യം ചെയ്തു.
കുഞ്ചുണ്ണിക്ക് സന്തതി പിറന്നു. ചെറിയ കുട്ടൻ. ഇട്ടിച്ചിരിക്കും ഉണ്യേമയ്ക്കും മകനായി.
കുഞ്ചുണ്ണി രൗദ്രതാളത്തിൽ ചരിച്ചപ്പോൾ ഇട്ടിച്ചിരി നിസ്സംഗമായി ശമനതാളം സ്വീകരിച്ചു. 
കുഞ്ചുണ്ണി ഇട്ടിച്ചിരിയുടെ വീണാഗാനത്തിനായി കൊതിച്ചു.
ഒടുവിൽ, പുല്ലാശ്ശേരി മനയ്ക്കൽ കുഞ്ചുണ്ണി ഗ്രഹപ്പിഴകൾ സൃഷ്ടിച്ച തന്റെ ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങി കണ്ടകശ്ശനി തീർക്കാൻ ഏഴാം കടലിനക്കരേയ്ക്ക് യാത്രയാവാനൊരുങ്ങുന്നു. ഹസ്സൻ കുട്ടി എല്ലാം ഏറ്റിട്ടുണ്ട്. അഞ്ഞൂറു രൂപ കൊടുത്താൽ മതി.
ഈ ചെറുകൃതിയിൽ എത്രയെത്ര കഥാപാത്രങ്ങൾ! എല്ലാവർക്കും അവരുടേതായ കഥകളുണ്ട്. അവയെല്ലാം ഏതാനും വാചകങ്ങൾകൊണ്ടോ സൂചനകൾകൊണ്ടോ കോറിയിട്ട്, പരസ്പരം ഇണക്കിച്ചേർത്ത് ചെത്തിമിനുക്കിയ വജ്രംപോലെ മനോഹരമായ ഒരു രചനാശില്പം ഒരുക്കിത്തീർത്ത നോവലിസ്റ്റിന്റെ കരവിരുതും കയ്യടക്കവും അപാരംതന്നെയെന്നേ പറയാനാവൂ. 
കുഞ്ചുണ്ണി എം.എ., എൽ എൽ ബിയിലെ എൽ എൽ ബി അല്പം അധികപ്പറ്റായില്ലേ എന്നു സംശയിക്കേണ്ടിയിരുന്നു. നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിത്വമാണ് കുഞ്ചുണ്ണി. എൽ എൽ ബി പഠിച്ച കുഞ്ചുണ്ണി ഭാഷാദ്ധ്യാപകനായാണ് ജോലി ചെയ്യുന്നത്. അവസാനത്തെ അദ്ധ്യായത്തിൽ വക്കീൽജോലിയെപ്പറ്റി ഒരു പരാമർശമുണ്ടെന്നതൊഴിച്ചാൽ നോവലിൽ മറ്റെവിടേയും അങ്ങനെയൊരു സൂചനയില്ല. അതേസമയം, സണ്ണിയുടെ ഡബിൾ എം.എയാണ് കുഞ്ചുണ്ണിക്കു കൂടുതൽ യോജിക്കുക എന്നു തോന്നുന്നു.
അതുപോലെ, കുഞ്ചുണ്ണിയോട് കുഞ്ഞിനു വേണ്ടിയുള്ള ആവർത്തിക്കപ്പെടുന്ന അപേക്ഷകൾ അല്പം അതിഭാവുകത്വം നിറഞ്ഞതായിപ്പോയി.
ഇട്ടിച്ചിരിയുടെ കാര്യം അന്വേഷിക്കാൻ വേണ്ടി കോളേജിലെത്തിയ അവരുടെ വൃദ്ധനായ അമ്മാമനോട് 'ഷട്ടപ്പ് , ഗെറ്റ് ഔട്' എന്നു പറയുന്നത് അല്പം അല്പത്തരമായില്ലേ എന്നു സംശയം. അശ്വത്ഥാമാവ് സിനിമയിൽ അത് തിരുത്തി 'നമ്പൂരി ഇപ്പോ പൊയ്ക്കോളൂ' എന്നാക്കിയിട്ടുണ്ട്.
മറ്റൊന്നും രചിക്കാതെ, അശ്വത്ഥാമാവിലൂടെ മാടമ്പ് ആദ്യമായി നേരിട്ട് നോവലിലേക്കു പ്രവേശിക്കുകയായിരുന്നു. അതു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീട്, ഭ്രഷ്ട് അടക്കം ഏതാനും നോവലുകൾ കൂടി രചിക്കുകയും നാടകം സിനിമ, ടി വി അവതരണം, ആനവിജ്ഞാനം എന്നിങ്ങനെ പല മേഖലകളിലേക്കും പടർന്നു പന്തലിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ മർമ്മസ്ഥാനമായ എഴുത്തിൽ അദ്ദേഹമർഹിക്കുന്ന അംഗീകാരം ലഭിച്ചുവോ എന്നു സംശയമാണ്.
23/8/22

Tuesday, August 16, 2022

പുസ്തകപരിചയം : ജഹനാര - ആത്മകഥ വിവ: എം.എൻ സത്യാർത്ഥി

ദുരന്തത്തിന്റെ ഒരു കരിമേഘപടലം എപ്പോഴും മുഗൾ സാമ്രാജ്യത്തിന്റെ മീതെ തങ്ങിനിന്നിരുന്നു. സാംസ്കാരികമായും സാമ്പത്തികമായും അക്കാലത്തെ, ലോകത്തെത്തന്നെ ഏറ്റവും പ്രബലവും വിപുലവുമായ സാമ്രാജ്യത്വശക്തികളിലൊന്ന് എന്ന നിലയിലും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും വിധിവൈപരീത്യത്തിന്റെ കരാളഹസ്തം അതിനെ എപ്പോഴും പിന്തുടർന്നിരുന്നു. ഇന്ത്യ ആക്രമിച്ചു കീഴടക്കിയ എല്ലാ വിദേശശക്തികളിൽനിന്നും വ്യത്യസ്തമായി ഭാരതീയസംസ്കാരത്തെ ഉൾക്കൊണ്ടുകൊണ്ട് അതുമായി ഇണങ്ങിച്ചേരാൻ ശ്രമിച്ചുകൊണ്ട് ഇന്ത്യക്കാരായി ജീവിച്ചുകൊണ്ടാണ് മുഗളന്മാർ ഇന്ത്യ ഭരിച്ചത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, മുഗൾ രാജവംശത്തെ നിരന്തരം വേട്ടയാടിയത് പുറംശക്തികളേക്കാൾ രാജകുടുംബത്തിനകത്തു നിന്നുമുയർന്ന ഛിദ്രശക്തികളായിരുന്നു. ഓരോ അധികാരക്കൈമാറ്റവും കുടില തന്ത്രങ്ങളും ചതിയും രക്തച്ചൊരിച്ചിലും അരങ്ങേറിക്കൊണ്ടായിരുന്നു. അതിന്റെ നേർസാക്ഷ്യമാണ് ഷാജഹാന്റെ അന്ത്യകാലത്ത് ആഗ്ര കോട്ടയിൽ ഒപ്പം തടവിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ മകൾ ജഹനാരയുടെ അനുഭവക്കുറിപ്പുകൾ.
ഷാജഹാൻ ചക്രവർത്തി രോഗബാധിതനായപ്പോൾ മക്കൾക്കിടയിൽ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരം രൂക്ഷമായി. മൂത്തപുത്രനും കിരീടാവകാശിയുമായ ദാരാ ഷുക്കോവിനെ വഞ്ചനയിലൂടെയും കുടില തന്ത്രത്തിലൂടെയും കീഴടക്കി തലയറുത്ത്, ആഗ്ര കോട്ടയിൽ മകളോടൊപ്പം ബന്ധനസ്ഥനായിരുന്ന പിതാവിന്റെ മുന്നിൽ കാഴ്ചവെച്ചു. ജഹനാരയ്ക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു അത്. അതിനെത്തുടർന്നാണ് ഈ എഴുത്ത് തുടങ്ങുന്നത്.
ഇത് പരമ്പരാഗത ശൈലിയിലുള്ള ഒരു ആത്മകഥയാണെന്നു പറയാനാവില്ല. തന്റെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ അധികാരക്കൊതിമൂലം കാട്ടിക്കൂട്ടുന്ന ഘോരമായ ക്രൂരതകളിൽ മനംനൊന്ത് തന്റെ ദുഃഖവും നിരാശയും നിസ്സഹായാവസ്ഥയും അക്ഷരങ്ങളിലേക്കു പകർത്തുകയാണ് ജഹനാര ഇവിടെ ചെയ്യുന്നത്. വസ്തുനിഷ്ഠമായ ജീവിതാഖ്യാനത്തിനു പകരം അവരുടെ ദുഃഖസ്മൃതികളിലൂടെയാണ് വായനക്കാരൻ കടന്നുപോകുന്നത്. ആശാന്റെ ചിന്താവിഷ്ടയായ സീതയെയാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്.
അച്ഛനായ ഷാജഹാൻ ചക്രവർത്തിയുടെ വലംകയ്യായി നിന്നുകൊണ്ട് വളരെ വിജയകരമായി രാജ്യകാര്യങ്ങളിൽ ഇടപെട്ടിരുന്ന ജഹനാര ഇപ്പോൾ ആഗ്ര കോട്ടയിൽ അച്ഛനോടൊപ്പം തടങ്ങലിലാണ്.
മുഗൾ സാമ്രാജ്യത്തിന്റെ ഭാവി വാഗ്ദാനമാവുമായിരുന്ന കിരീടാവകാശിയായ മൂത്തപുത്രൻ ദാരാ ഷുക്കോവ് മുഗൾപാരമ്പര്യത്തെ പിന്തുടർന്നുകൊണ്ട് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം അംഗീകരിക്കുകയും പഠിക്കുകയും ഹിന്ദുമുസ്ലീം മൈത്രിക്കുവേണ്ടി കഠിനശ്രമം നടത്തുകയും ചെയ്യുന്ന ഒരു മാതൃകാഭരണാധികാരിയാണ്. മാത്രമല്ല, ഉപനിഷത്പോലുള്ള കൃതികൾ പേർഷ്യനിലേക്ക് തർജ്ജമ ചെയ്ത എഴുത്തുകാരൻ കൂടിയാണ്. കൃഷി, തത്വചിന്ത, സംഗീതം ചിത്രകല എന്നിങ്ങനെ പല വ്യത്യസ്ത മേഖലകളിലും അദ്ദേഹത്തിന് ആധികാരിക പാണ്ഡിത്യമുണ്ടായിരുന്നു.
എന്നാൽ, മറ്റു സഹോദരന്മാരായ മുറാദ്, ഔറംഗസേബ്, ഷുജ എന്നിവരെയെല്ലാം എങ്ങിനെയെങ്കിലും പിതാവിൽനിന്ന് ഭരണം തട്ടിയെടുക്കാനുള്ള ചിന്ത മാത്രമാണ് നയിച്ചിരുന്നത്. അതിനാൽത്തന്നെ ദാരയുമായി അവർ ശത്രുതയിലാണ്. അതിൽ വക്രബുദ്ധിയായ ഔറംഗസേബിനും ചെറുതല്ലാത്ത പങ്കുണ്ട്.  അവരിൽ ഏറ്റവും കൂടിലബുദ്ധി ഔറംഗസേബ് തന്നെ! വലിയ മതവിശ്വാസിയും ഭക്തനുമെന്ന പൊയ്മുഖമണിഞ്ഞ് മതത്തെ ഒരു ആയുധമാക്കി കൊടിയ വിശ്വാസവഞ്ചനയും കൂടിലതന്ത്രവും പയറ്റി, ഒരു മനസ്സാക്ഷിയുമില്ലാതെ, മതദ്രോഹവും ദേശദ്രോഹവും പ്രവർത്തിച്ചു അധികാരം കൈക്കലാക്കി മുഗൾ സാമ്രാജ്യത്തിനു അപമാനമായി മാറി ഔറംഗസേബ്. വാസ്തവത്തിൽ, മുഗൾസാമ്രാജ്യത്തിലെ അന്തകവിത്തായിരുന്നു അദ്ദേഹം. മുഗൾ സാമ്രാജ്യത്തിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു അത്.
ജഹനാര ദാരായ്ക്കു എല്ലാ പിന്തുണയും നൽകിയപ്പോൾ മറ്റൊരു സഹോദരിയായ രോഷൻ ആര കുടിലബുദ്ധിയായ ഔറംഗസേബിനൊപ്പമാണ്.
ഷാജഹാന്റെ സാമന്തനായ രജപുത്ര സേനാനായകൻ ദുലേർ എന്ന് ജഹനാര വിളിക്കുന്ന ഛത്രസാൽ ജഹനാരയുടെ പ്രാണപ്രിയനാണ്. അതേസമയം, ഷാജഹാന്റെ സേനാനായകനായിരുന്ന നജ്വത് ഖാൻ ജഹനാരയെ പ്രണയിക്കുന്നുണ്ടെങ്കിലും ജഹനാര അതു നിരസിക്കുന്നു. ആ പകയിൽ യുദ്ധത്തിനിടയിൽ സ്വപക്ഷക്കാരനായ ഛത്രസാലിനെ വെടിവെച്ചു കൊല്ലുകയും മുറാദാണ് കൊന്നതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
തന്റെ ദുരന്തപര്യാവസായിയായ പ്രണയത്തെക്കുറിച്ച് കരളലിയിക്കുന്ന ഭാഷയിലാണ് ജഹനാര വിവരിക്കുന്നത്. അത് കൃതിയുടെ മുഖ്യ ഭാഗംതന്നെയാണ്.
അധികാരം കാട്ടി പ്രലോഭിപ്പിച്ചും ദാര മതവിരുദ്ധനാണെന്ന് പ്രചരിപ്പിച്ചും മറ്റു സഹോദരന്മാരെ ദാരയ്ക്കെതിരാക്കി. ദാരയുടെ സേനാനായകന്മാരെ വശത്താക്കി യുദ്ധത്തിനിടയിൽ ദാരയുടെ സൈന്യത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്ത് യുദ്ധത്തിൽ ദാരയെ തോല്പിച്ചു.
പിതാവ് ഷാജഹാൻ അന്തരിച്ചു എന്ന് കള്ള വാർത്ത പ്രചരിപ്പിച്ചാണ് ദൽഹിയിൽ അധികാരം പിടിച്ചടക്കാൻ സഹോദരങ്ങളെ പ്രലോഭിപ്പിക്കുന്നത്.
ഷാജഹാൻ രോഗബാധിതനായി ആഗ്ര കോട്ടയിൽ വസിക്കുമ്പോൾ ഔറംഗസേബിന്റെ സൈന്യം കോട്ട വളയുകയും ചക്രവർത്തിയെ കൂടെയുണ്ടായിരുന്ന സഹോദരിമാരടക്കം തടവിലാക്കുകയും ചെയ്തു. എന്നിട്ട്, സഹോദരിമാരായ ജഹനാരയോടും രോഷൻ ആരയോടും തന്നോടൊപ്പം വന്നു കൊള്ളാൻ ക്ഷണിച്ചു. ജഹനാര നിരസിച്ചുവെങ്കിലും രോഷൻ ആര ഔറംഗസേബിനോടൊപ്പം ചേർന്നു.
തുടർന്ന്, പണ്ട് രാജാവാക്കാമെന്ന് ഖുറാൻ തൊട്ട് വാക്കുകൊടുത്ത മുറാദിനെ സ്ഥാനാരോഹണത്തിനെന്ന വ്യാജേന ക്ഷണിച്ചു വരുത്തുകയും ചതിയിൽ തടവിലാക്കുകയും ചെയ്തു. ഒടുവിൽ വിഷം കുടിപ്പിച്ച് വധിച്ചു.
താമസിയാതെ, മറ്റൊരു സഹോദരനായ ഷുജയുമായി യുദ്ധം ചെയ്ത് ചതിപ്രയോഗത്തിലൂടെ  തോൽപ്പിച്ചു. പ്രാണരക്ഷാർത്ഥം ബർമ്മയിലേക്കു പലായനം ചെയ്ത ഷുജയെ അവിടത്തെ രാജാവ് പിടികൂടി വധിച്ചു.
സമാനമായ രീതിയിൽ, ദാരയുടെ വിശ്വസ്തനായ സേനനായകനെ പാട്ടിലാക്കി, യുദ്ധത്തിനിടയിൽ കൂറുമാറ്റി ദാരയെ തോല്പിച്ചു. രക്ഷയില്ലാതെ, അദ്ദേഹം പേർഷ്യയിലേക്കു സൈന്യസമേതം പലായനം ചെയ്യുന്നതിനിടയിൽ അഫ്ഘാൻ രാജാവ് പിടികൂടി തടവിലാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച സൈന്യത്തേയും തടവിലാക്കി.
പിന്നാലെയെത്തിയ ഔറംഗസേബ് അവരെ പിടികൂടി. അതിനിടയിൽ, ഭാര്യ നാദിരാ ബീഗം വജ്രം വിഴുങ്ങി ആത്മഹത്യ ചെയ്തു.
ചങ്ങലക്കിട്ട ദാരയെ ദൽഹിയിലേക്കു കൊണ്ടുപോയി വിചാരണ ചെയ്ത് ബിംബാരാധകൻ, ഇസ്ലാമിന്റെ ശത്രു എന്നീ കുറ്റങ്ങൾ ചുമത്തി ഗളഛേദം ചെയ്ത് വധശിക്ഷ നടപ്പാക്കി. എന്നിട്ട് ആ ശിരസ്സ് വൃദ്ധനും രോഗാതുരനും തടവിലാക്കപ്പെട്ടവനുമായ പിതാവ് ഷാജഹാന്റെ മുന്നിൽ കാഴ്ചവെച്ചു.
ഇങ്ങനെ ഇതിഹാസ സമാനമായ ചരിത്രമാണ് ജഹനാര ഹൃദയഭേദകമായ വിധത്തിൽ രേഖപ്പെടുത്തുന്നത്. ആദ്യം അതെല്ലാം നശിപ്പിക്കാനൊരുങ്ങിയെങ്കിലും പിന്നീട് മനംമാറ്റം വന്ന് ജാസ്മിൻകൊട്ടാരത്തിന്റെ കൽകെട്ടിനടിയിൽ ഒളിപ്പിച്ചു വെച്ചു. 200 വർഷങ്ങൾക്കുശേഷം 1886ൽ ഇന്ത്യയിലെ ചരിത്രസ്ഥലികൾ സന്ദർശിക്കാനെത്തിയ ഫ്രഞ്ചു വനിത ആൻഡ്രിയ ബുട്ടെൻസൺ അതു കണ്ടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കാലപ്പഴക്കം കൊണ്ട് കുറേ ഭാഗങ്ങൾ ജീർണ്ണിച്ചു പോയിരുന്നു. ശേഷിച്ച ഭാഗം മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.
എം.എൻ സത്യാർത്ഥിയുടെ വിവർത്തനത്തിൽപ്പോലും ഭാഷയുടെ ഭാവതീവ്രതയും വശ്യതയും നമ്മെ അതിശയിപ്പിക്കും. ബുദ്ധിമതിയും സംവേദനക്ഷമമായ ഒരു മനസ്സിന്റെ ഉടമയുമായ ജഹനാരയുടെ വ്യക്തിവിശേഷം ഓരോ വാക്കിലും പ്രകടമാണ്. ഇന്നും ആധുനികം എന്നു വിശേഷിപ്പിക്കാവുന്ന ഭാവപ്രപഞ്ചമാണ് ഈ കൃതി കാഴ്ച വെക്കുന്നത്. അപ്പോൾ പേർഷ്യൻ ഭാഷയിൽ അതിന്റെ ഭാവപ്പൊലിമ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ദു:ഖസാന്ദ്രമായ ഒരു അനുഭൂതിയായി വായനക്കാരെ ഈ കൃതി ചിരകാലം പിന്തുടരുമെന്നതിൽ സംശയമില്ല.
16/8/22

Friday, August 12, 2022

പുസ്തകപരിചയം: The Happiest Man on Earth - Eddie Jacku

The Happiest Man on Earth - Eddie Jacku

ലോകചരിത്രത്തിൽത്തന്നെ മുമ്പൊരിക്കലും കാണാത്ത, നമ്മുടെ പ്രാചീന ചെകുത്താൻ സങ്കല്പങ്ങളെപ്പോലും വെല്ലുന്ന ഒരു മഹാദുരന്തമായിരുന്നു പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊല. ഏതാണ്ട് അറുപതു ലക്ഷം ജൂതന്മാരെയാണ് ലോകത്തെ മുഴുവൻ സാക്ഷി നിർത്തി നിഷ്ക്കരുണം കൊന്നുതള്ളിയത് എന്നാണ് കണക്ക്. എന്നാൽ, ലോകത്തോട് ഈ മഹാ ദുരന്തത്തെപ്പറ്റി പറയാനെന്ന വണ്ണം അപൂർവ്വം ചിലർ, അപാര സഹനശേഷിയും ഇച്ഛാശക്തിയും പിന്നെ ഭാഗ്യവും കൈമുതലാക്കിക്കൊണ്ട് നരകതുല്യമായ പീഡാനുഭവങ്ങളെ അതിജീവിച്ച് ഒരു മഹാത്ഭുതംപോലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവരിലൊരാളാണ് 2021 ഒക്ടോബറിൽ നൂറ്റൊന്നാമത്തെ വയസ്സിൽ മരിച്ച എഡ്ഡി ജാക്കു.
ഉദ്വേഗഭരിതമായ ഒരു നോവലിനേക്കാൾ വിചിത്രമായിരുന്നു പലരുടേയും ജീവിതം. 
കാണാതായ വാൾട്ടർ ഷെലിഫ് എന്ന ഒരു ജർമ്മൻ കുട്ടിയുടെ തിരിച്ചറിയൽ രേഖയുപയോഗിച്ച് ആൾമാറാട്ടത്തിലൂടെയായിരുന്നു എഡ്ഡി ജാക്കുവിന്റെ കോളേജ് വിദ്യാഭ്യാസം. ഗൃഹാതുരത്വം സഹിക്കാനാവാതെ അവധിയിൽ വീട്ടിലെത്തിയപ്പോൾ കുടുംബം അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, ഉടൻതന്നെ എഡ്ഡിയും ജർമ്മൻ പോലീസിന്റെ പിടിയിലായി. ഒടുവിൽ, ബുച്ചൻവാൾഡ് ക്യാമ്പിലേക്കയക്കപ്പെട്ടു. അവിടെ നിന്ന് വിടുതൽ നേടി അച്ഛനോടൊപ്പം രഹസ്യമായി ജർമ്മനി വിട്ടു.
ബൽജിയത്തിലെത്തിയ കുടുംബം വീണ്ടും പിടിക്കപ്പെട്ടു. ഒടുവിൽ, ഓഷ് വിറ്റ്സ് ക്യാമ്പിലെത്തി. അച്ഛനുമമ്മയും അവിടെ ഗ്യാസ് ചേംബറിൽ കൊല്ലപ്പെട്ടു. എല്ലായിടത്തും തന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യം അദ്ദേഹത്തിനു തുണയായി. കൊലയറയിലേക്ക് ആനയിക്കപ്പെടുന്നതിനു പകരം കൊലയറകളിലേക്കുള്ള വിഷവാതക നിർമ്മാണ മെഷിനറികളുടെ പ്രവർത്തന സംബന്ധമായ വിദഗ്ദ്ധ ജോലികളിൽ നിയോഗിക്കപ്പെട്ടു. പട്ടിണി കിടന്നും കഠിനാദ്ധ്വാനം ചെയ്തു. 
യുദ്ധാവസാനത്തിൽ, തടവുകാരെ ജോലിക്കു കൊണ്ടുപോകുന്നതിനിടയിൽ ചാടി രക്ഷപ്പെട്ട് അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി വേണ്ട ചികിത്സ നല്കി അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. സഹോദരിയും ഉറ്റസുഹൃത്തായ ഒരു ജർമ്മൻകാരനും രക്ഷപ്പെട്ടു. എഡ്ഡി വിവാഹിതനായി കുടുംബ സമേതം ആസ്ട്രേലിയയിൽ ജീവിതം കെട്ടിപ്പടുത്തു.
വളരെക്കാലം തന്റെ ദുരിതം നിറഞ്ഞ ജീവിതത്തെപ്പറ്റി തീർത്തും മൗനം ദീക്ഷിച്ച അദ്ദേഹം സ്വന്തം മാതാപിതാക്കളുടെ ഓർമ്മയിൽ മൗനം വെടിയാൻ തീരുമാനിച്ചു.
അങ്ങനെ ലോകം മുഴുവൻ സഞ്ചരിച്ച് ഹതാശരായവർക്ക് സാന്ത്വനം നല്കുന്ന പ്രഭാഷണങ്ങളിൽ മുഴുകി.
അങ്ങനെ, ലോകത്തിലെ ഏറ്റവും സന്തോഷ വാനായ മനുഷ്യൻ താനാണെന്നു പ്രഖ്യാപിച്ചു കൊണ്ട്, സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം രാക്ഷസസമാനനായ ഹിറ്റ്ലറെ തറപറ്റിച്ചു എന്നു പറയാം.
തന്റെ നൂറാമത്തെ വയസ്സിൽ The Happiest Man on Earth എന്ന പുസ്തകം രചിച്ചു ലോകത്തിനു സമർപ്പിച്ചു.
2021ൽ നൂറ്റൊന്നാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
13/8/22

Monday, August 8, 2022

ദീർഘായുസ്സ്

അതിദീർഘായുസ്സ് രണ്ടു വ്യത്യസ്ത വിധത്തിൽ നമ്മെ വരവേല്ക്കാം. ഒന്നുകിൽ, പണ്ട് നിഷേധിക്കപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നമ്മെത്തേടി വരാം. അല്ലെങ്കിൽ, നാം അപ്രസക്തരും കാലഹരണപ്പെട്ടവരും പരിഹാസ്യരുമായി വിസ്മൃതിയിലേക്കു മറയാം.

Sunday, August 7, 2022

അപ്പോളോ ഒന്നും സോയൂസ് ഒന്നും

ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ അമേരിക്കയുടെ അപ്പോളോ ഒന്നും റഷ്യയുടെ സോയൂസ് ഒന്നും വൻ ദുരന്തമായിരുന്നു. രണ്ടിന്റെ പിന്നിലും അല്പം അഹന്തയും വികട ബുദ്ധിയും പ്രകടമായിരുന്നു.
ആദ്യത്തേത്, വിയറ്റ്നാം യുദ്ധത്തിലും കറുത്തവരോടുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിലുമുണ്ടായ നാണക്കേടിൽനിന്നു ലോകശ്രദ്ധയകറ്റാൻ ഒരു സൂത്രപ്പണി എന്ന നിലയ്ക്കാണ് അരങ്ങേറിയത്. അതിനായി തെരഞ്ഞെടുത്ത മൂന്നു ബഹിരാകാശ സഞ്ചാരികളെ പരിശീലനത്തിന്റെ ഭാഗമായി പേടകത്തിൽ കയറ്റിയിരുത്തിയതായിരുന്നു. അതിനുമുമ്പുതന്നെ പേടകത്തിൽ എന്തോ അസാധാരണമായ മണമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അതു പ്രശ്നമില്ലെന്നായിരുന്നു അതേപ്പറ്റി പഠിച്ച സമിതിയുടെ ശുപാർശ. ബഹിരാകാശസഞ്ചാരികൾക്കും ആ മണം അനുഭവപ്പെട്ടു. ഏതായാലും പേടകത്തിൽ ഇരിപ്പുറപ്പിച്ച് അധികം താമസിയാതെ അകത്ത് തീയാളുകയും നൊടിയിടയിൽ പേടകം സഞ്ചാരികളോടുകൂടി കത്തിയമരുകയും ചെയ്തു.
അടുത്ത ഊഴം റഷ്യയുടേതായിരുന്നു. 
അമേരിക്കയ്ക്കു മുമ്പേ ചന്ദ്രനിലിറങ്ങണം എന്ന തീരുമാനത്തിലായിരുന്നു സോയൂസ്-1ന്റെ നിർമ്മാണം. 
വിക്ഷേപണത്തിനുമുമ്പ് അതിൽ ഇരുന്നൂറോളം സാങ്കേതികപ്രശ്നങ്ങൾ വിദഗ്ദ്ധ പരിശോധനാസമിതി കണ്ടെത്തുകയും വിക്ഷേപണം മാറ്റിവെക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലെനിന്റെ ജന്മദിനത്തിൽത്തന്നെ വിക്ഷേപണം നടക്കണമെന്ന ഉന്നതരുടെ ഉറച്ച തീരുമാനപ്രകാരം വിക്ഷേപണം മുൻ നിശ്ചയ പ്രകാരം തന്നെ മുന്നോട്ടു പോവുകയായിരുന്നു. വിക്ഷേപണം നടന്ന് അധികം താമസിയാതെ അതിലെ സോളാർ പാനലുകൾ പ്രവർത്തിക്കുന്നില്ല എന്നു കണ്ടെത്തി. ഇത് പേടകത്തിനാവശ്യമായ വൈദ്യുതി ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. അതിനാൽ, പദ്ധതി ഉപേക്ഷിച്ച് ഭൂമിയിലേക്കു മടങ്ങാൻ ബഹിരാകാശസഞ്ചാരിക്ക് നിർദ്ദേശം നൽകി. അതുപ്രകാരം അടിയന്തര സംവിധാനമുപയോഗിച്ച് പേടകം തിരിച്ചുവിട്ടു. ഭൂമിയോടടുക്കവേ പതിവുപോലെ പാരച്യൂട്ട് പ്രവർത്തിപ്പിച്ചു. എന്നാൽ, അനുബന്ധ പാർച്ചൂട്ട് തുറന്നെങ്കിൽ മുഖ്യമായ പാരച്ചൂട്ട് തുറന്നില്ല. താമസിയാതെ പേടകത്തിന് തീപിടിക്കുകയും ആകെ കത്തിക്കരിഞ്ഞ ഒരു പിണ്ഡമായി നിലം പതിക്കുകയും ചെയ്തു. ഒടുവിൽ, പേടകത്തിൽനിന്ന് പുറത്തെടുത്തത് സഞ്ചാരിയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടമായിരുന്നു.

-സഫാരി ടി വി മിഷൻ സ്പേസ്
7/8/22




Friday, August 5, 2022

August 6 - Hiroshima Day

August 6 - Hiroshima Day. Totally unwarranted crime against humanity almost at the end of 2nd World War. As if that was not enough, just after two days without any clear idea of the situation in the aftermath, another crime was perpetrated in Nagasaki. And the world just watched impotently... What a shame!

Wednesday, August 3, 2022

പുസ്തകപരിചയം - യവ്ജനി സംയാറ്റിന്റെ വി (We- Yavgeny Zamyatin)

റഷ്യൻ സാഹിത്യകാരൻ യവ്ജനി സംയാറ്റിന്റെ പ്രസിദ്ധമായ നോവലാണ് വി (We). കമ്മ്യൂണിസ്റ്റ് റഷ്യയിലെ അവസ്ഥയ്ക്കു നേരെയുള്ള ഒരു കണ്ണാടിപോലെ, സാങ്കേതികവിദ്യയും അതിലൂടെ മനുഷ്യനെ മൊത്തമായി കീഴടക്കിക്കൊണ്ട് ഭരിക്കുന്ന ഒരു നേതാവു മടങ്ങുന്ന ഒരു ഭരണസംവിധാനം നിലനില്ക്കുന്ന വിദൂരഭാവിയിലെ അവസ്ഥയെ കേന്ദ്രീകരിച്ചുള്ള ഈ നോവൽ റഷ്യയിൽ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഇംഗ്ലീഷ് പരിഭാഷയായി അമേരിക്കയിലാണ് പുറത്തിറങ്ങുന്നത്. 
പുറത്തു കടക്കാനാവാത്തവിധം ഒരു ഹരിത മതിലിനകത്ത് അടയ്ക്കപ്പെട്ട സമൂഹത്തിന്റെ സ്വകാര്യതയടക്കം സർവ്വവും ഒരു സ്വേച്ഛാധിപത്യശക്തി കയ്യാളുന്ന വ്യവസ്ഥയാണ് അവിടെ നിലനില്ക്കുന്നത്. 
അവിടെ ഓരോ വ്യക്തിക്കും പേരിനു പകരം ഒരു സംഖ്യയാണ് നല്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, കഥാനായകന്റെ പേർ D-503 എന്നാണ്.
ഗോളാന്തരജൈത്രയാത്രയ്ക്കു വേണ്ടിയുള്ള ഇന്റഗ്രൽ എന്ന പേരിലുള്ള ഒരു ബഹിരാകാശവാഹനം നിർമ്മിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നോവൽ പുരോഗമിക്കുന്നത്. അതിന്റെ നിർമ്മാണച്ചുമതലയുള്ള വ്യക്തി D-503ന്റെ രേഖകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്.
D 503 യെ കേന്ദ്രീകരിച്ച് ഒരു ത്രികോണ പ്രേമവും രണ്ടാമത്തെ കാമുകി ഉൾപ്പെടുന്ന മെഫി എന്ന സംഘം നയിക്കുന്ന നിലവിലുള്ള വ്യവസ്ഥയെ തകർക്കാനുള്ള ശ്രമവുമെല്ലാം അരങ്ങേറുന്നു. സ്വേച്ഛാധിപത്യ വ്യവസ്ഥ തകരുന്നതിന്റെ സൂചനയോടെയാണ് നോവലവസാനിക്കുന്നത്.
നിർഭാഗ്യകരമെന്നു പറയട്ടെ, അടുത്ത കാലത്ത് വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മടുപ്പിക്കുന്ന ഒരു നോവലായാണ് ഇത് അനുഭവപ്പെട്ടത്. ആഖ്യാനത്തിലെ അവ്യക്തത, ദുർഗ്രാഹ്യത, ബുദ്ധിജീവി വിവരണങ്ങൾ എന്നിങ്ങനെ വായന വളരെ ദുഷ്ക്കരമാവുന്നു. മറ്റു സ്രോതസ്സുകളിലൂടെ നോവലിനെപ്പറ്റി മനസ്സിലാക്കിയതിനുശേഷം വായിക്കുകയാണെങ്കിൽ ഒരു പക്ഷേ, നോവൽ ആസ്വദിക്കാൻ കഴിയുമായിരിക്കും.


Sunday, July 31, 2022

ഭഗത് സിങ്ങിന്റെ അബദ്ധം

1929 ഏപ്രിൽ 8ന് സെൻട്രൽ അസംബ്ലിയിൽ ജനവിരുദ്ധ നിയമങ്ങൾ പാസ്സാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് മുൻകൂട്ടി ആസുത്രണം ചെയ്തതുപ്രകാരം ഭഗത് സിങ്ങും ബടകേശ്വർ ദത്തും സന്ദർശക ഗാലറിയിൽനിന്ന് ഔദ്യാഗിക അംഗങ്ങളുടെ ഭാഗത്തേക്ക് രണ്ടു ചെറു ബോംബുകൾ എറിഞ്ഞത്. വളരെ ശക്തി കുറഞ്ഞ ബോംബുകൾ മാരകമായ ആഘാതമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. തുടർന്നുളള ബഹളത്തിൽ പിടി കൊടുക്കാതെ രക്ഷപ്പെടാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ മുദ്രാവാക്യം വിളിച്ചുകൊണ്ട് രണ്ടു പേരും പോലീസിനു പിടി കൊടുക്കുകയാണ് ചെയ്തത്. അതു ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ അനന്യമായ ഒരു ദുരന്തമായി ഭവിച്ചു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ രണ്ടു സ്വയംകൃതാനർത്ഥങ്ങളാണ് ഇവിടെ സംഭവിച്ചത്.
ബോംബെറിയാനുറച്ച് നിയമ നിർമ്മാണ സഭയിലെ സന്ദർശക ഗാലറിയിൽ കയറിക്കൂടിയ ഇവർ കാര്യമായ അപായമൊന്നുമുണ്ടാക്കാത്ത ചെറു ബോബ് ഉപയോഗിച്ചത് വിചിത്രമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗ് പോലെ നിഷ്കരുണമായ എത്രയോ കുടിലമായ കൊലകളും കൊള്ളകളും ചെയ്തുകൂട്ടിയ ബ്രിട്ടീഷ് കാപാലികർക്ക് നല്ലൊരു മറുപടി കൊടുക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ഇതിലൂടെ കളഞ്ഞു കളിച്ചത്.
മുമ്പ് 1928 ഒക്ടോബർ 3ന് ലാലാ ലജ്പത് റായിയെ മർദ്ദിച്ചുകൊന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥൻ ജെ എ സ്കോട്ടിനെ വെടിവെച്ചു കൊല്ലാനുള്ള ശ്രമത്തിൽ അസ്സിസ്ററൻറ്റായ ജോൺ സാണ്ടേഴ്സിനെ (സ്കോട്ട് അന്ന് അവധിയായതിനാൽ രക്ഷപ്പെട്ടു) വധിച്ച് പിടികൊടുക്കാതെ സമർത്ഥമായി രക്ഷപ്പെട്ടിരുന്നു ഭഗത് സിങ്. 
എന്നാൽ, ഇവിടെ തികച്ചും ആത്മഹത്യാപരമായി, ഗുരുരമായ ഒരു ഭീകരപ്രവർത്തനം നടത്തിയിട്ടും, രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും ആദർശത്തിന്റെ പേരിൽ പിടികൊടുക്കാൻ തീരുമാനിച്ചത് സാമാന്യയുക്തിയനുസരിച്ച് അസംബന്ധമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗിലും മറ്റും നടന്ന സംഭവത്തിലൂടെ വെളിപ്പെട്ട സായിപ്പിന്റെ നിഷ്ഠൂരമായ തനിനിറം ശരിക്കും മനസ്സിലാക്കിയിരുന്ന ഒരു പോരാളിയായിരുന്നു ഭഗത് സിങ് എന്നോർക്കണം. 
ഇതോടെ സാണ്ടേഴ്സിനെ കൊന്നതിലെ പങ്കും വെളിപ്പെട്ടു. ചുരുക്കത്തിൽ, രണ്ടു പേരേയും വധശിക്ഷക്കു വിധിക്കുകയും 1931 മാർച്ച് 23ന് പ്രതിഷേധവുമായി ഇരമ്പിയെത്തിയ വൻ ജനാവലിയെ നുണ പറഞ്ഞു വഞ്ചിച്ചുകൊണ്ട് രഹസ്യമായി  ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. 
വധിക്കപ്പെടുമ്പോൾ വെറും 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഒരുപാട് ജീവിതം ഭാക്കിയുണ്ടായിരുന്ന ഭഗത് സിങ്ങിന്റെ വിയോഗം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി മാറി.
1/8/22

Friday, July 29, 2022

ചതുരംഗം

1927ൽ ആരംഭിച്ച ചെസ്സ് ഒളിംപ്യാഡ് ഇക്കൊല്ലം ആദ്യമായി ഇന്ത്യയിൽ അരങ്ങേറുന്നു. എന്നാൽ, നൂറ്റാണ്ടുകളായി ഇവിടെ ഈ കളി ചതുരംഗം എന്ന പേരിൽ അല്പം വ്യത്യസ്ത രൂപത്തിൽ നിലനിന്നിരുന്നു. പാശ്ചാത്യർ അതു തട്ടിയെടുത്തതോടെ ചതുരംഗം നാശോന്മുഖമായി. ഇന്ത്യയിൽ എവിടെയെങ്കിലും ഇപ്പോൾ ചതുരംഗ മത്സരം നടക്കുന്നുണ്ടോ?